പത്തനംതിട്ട: പണയം സ്വീകരിച്ച ഭൂമി ബന്ധുവിന് തീറാധാരം ചമച്ച് വിൽക്കുക. പണയം കൊടുത്തയാൾ തിരികെ ചോദിച്ചപ്പോൾ കൈമലർത്തി കാണിക്കുക. ഇതാണ് ഭൂമിതട്ടിപ്പിന് പുതിയ മാനം രചിച്ച തിരുവൻവണ്ടൂർ കല്ലിശേരി വേള്ളവന്താനത്ത് രാജൻ പീറ്ററു (57)ടെ സ്‌റ്റൈൽ. പുറത്തു വന്ന തട്ടിപ്പുകഥ ഒന്ന്. പുറത്തു വരാനിരിക്കുന്നത് നിരവധി. എന്തായാലും രാജൻ പീറ്റർ ഈ രംഗത്ത് പുലി തന്നെ. കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്ന രാജൻ പീറ്റർക്കെതിരേ പരാതിയുമായി കൂടുതൽ പേർ എത്തിത്തുടങ്ങി.

പലിശയ്ക്കു നൽകിയ പണത്തിന് ഈടായി പ്രവാസി മലയാളിയിൽ നിന്നും വാങ്ങിയ പണയാധാരത്തിൽപെട്ട ഭൂമിയാണ് തീറാധാരമായി ഇയാൾ മറിച്ചുവിറ്റത്. മന്ദമരുതി ചെറുകര കോയ്ക്കൽ ബഞ്ചമിനാണ് വിദേശത്ത് ബിസിനസ് ആവശ്യത്തിനായി പലിശയ്ക്കു പണം നൽകുന്ന രാജൻ പീറ്ററിൽ നിന്നും 40 ലക്ഷം രൂപ വാങ്ങിയത്. നൂറു രൂപയ്ക്ക് മൂന്നു രൂപ ക്രമത്തിൽ പലിശയ്ക്ക് വാങ്ങിയ പണത്തിന് ഈടായി 2013 മെയ് 27 ന് ബെഞ്ചമിൻ ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന തന്റെ 52 സെന്റ് ഭൂമി രാജൻ പീറ്ററിന് പണയാധാരമായി നൽകുകയായിരുന്നു.

റാന്നി സബ് രജിസ്ട്രാർ ഓഫീസിലാണ് ആധാരം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തോടെ മുതലും പലിശയും അടക്കം പലപ്പോഴായി എഴുപത്തേഴര ലക്ഷം രൂപാ ചെക്കായും രൊക്കം പണമായും തിരികെ നൽകിയ ബെഞ്ചമിൻ ഭൂമി തിരികെ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. പണയാധാരമായി നൽകിയ ഭൂമി വഞ്ചന നടത്തി രാജൻ പീറ്റർ തന്റെ സഹോദരിയുടെ ബന്ധുവായ ഐത്തല മേപ്രത്ത് മൂലേത്തറ മറിയാമ്മ കുരുവിളയുടെ പേരിൽ തീറാധാരം നൽകിയതായി മനസിലാക്കിയ ബെഞ്ചമിൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് രാജൻ പീറ്ററിനെ ഒന്നാം പ്രതിയാക്കിയും മറിയാമ്മ കുരുവിളയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തത്. ഇതോടെ മറിയാമ്മ കുരുവിള വിദേശത്തേക്കു കടന്നു.

രാജൻ പീറ്റർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നിരസിക്കപ്പെതോടെ പൊലീസ് പിടികൂടുകയായിരുന്നു. വിദേശത്തായിരുന്ന ബെഞ്ചമിൻ പ്രതി പൊലീസ് പിടിയിലായതറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. ഇയാളിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കേസിലെ രണ്ടാം പ്രതി മറിയാമ്മ കുരുവിളയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ബെഞ്ചമിൻ തിരികെ നൽകിയ പണവും ചെക്കും വാങ്ങുകയും ചെക്ക് ബാങ്കിൽ നൽകി പണമാക്കുകയും ചെയ്ത ഇയാളുടെ സഹോദരിക്കെതിരെയും നിയമ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനായി കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നു പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള രാജൻ പീറ്ററിനെതിരെ സമാനമായ ഭൂമി തട്ടിപ്പടക്കമുള്ള വഞ്ചനാ കേസ് കഴിഞ്ഞ ദിവസം ചെങ്ങന്നൂർ പൊലീസിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.