ഷിംല: യിൽ ദേശീയ പാതയിൽ ഉണ്ടായ കനത്ത മലയിടിച്ചിലിൽ എച്ച്ആർടിസി ബസ് ഉൾപ്പെടെ മണ്ണിനടിയിലായി. കൂറ്റൻ പാറകൾ അടർന്നു വഴിയിലേക്കു വീഴുകയായിരുന്നു. നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ പെട്ടതായാണ് റിപ്പോർട്ട്.

ബസ്സ് അടക്കമുള്ള വാഹനങ്ങൾക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. 40-ൽ അധികം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 

ദേശീയപാത അഞ്ച് വഴി കിനൗറിൽ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിറയെ യാത്രക്കാരുമായി പോയ ബസും മണ്ണിനടയിൽ പെടുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് സൂചന. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വളരെ ഉയരത്തിൽ നിന്നാണ് ഉരുളൻ കല്ലുകൾ നിറഞ്ഞപാറ ഇടിഞ്ഞുവീണത്. മണ്ണിടിച്ചിലിൽ ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.



പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്.

രക്ഷാപ്രവർത്തനത്തിനായി ഇന്തോടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ടീം എത്തിയിട്ടുണ്ട്. ഇവർക്ക് പുറമേ പൊലീസ്, ഹോംഗാർഡ് എന്നിവരുടെ സേവനവും ലഭ്യമാണ്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതായി കിന്നൗർ പൊലീസ് സൂപ്രണ്ട് സാജു റാം റാണ പറഞ്ഞു. ഹിമാചൽ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. 

മണ്ണിടിച്ചിൽ ഉണ്ടായതായി ശ്രദ്ധയിൽപെട്ടയുടൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ രക്ഷാപ്രവർത്തനം ആരംഭിക്കുവാൻ പൊലീസിന് നിർദ്ദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് സന്ദേശം അയച്ചതായും ഒരു ബസും കാറും കുടുങ്ങിയതായിട്ടാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കിന്നൗർ ജില്ലയിലെ ബസ്തേരിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ടെമ്പോ ട്രാവലറിൽ വലിയ പാറക്കല്ലുകൾ വീണ് ഒൻപത് വിനോദസഞ്ചാരികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.