കൊളംബോ: അയൽ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ ശ്രീലങ്കയെയും പാക്കിസ്ഥാനെയുമെല്ലാം കൈയയച്ച് സഹായിക്കുന്ന നിലപാട് ചൈന സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യവും അവർക്കുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പലതവണ വന്നിരുന്നു.

ഇത്തരത്തിൽ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും സമ്മാനമായി നൽകിയത് ഓരോ തുറമുഖങ്ങൾ തന്നെയായിരുന്നു. എന്നാൽ ചൈനയുടെ സഹായം മതിയായി എന്നും ഇനി രാജ്യം രക്ഷപ്പെടണമെങ്കിൽ ഇന്ത്യയും ജപ്പാനും സഹായിക്കണമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കൻ പ്രധാനമന്ത്രി.

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇനി ഇന്ത്യയും ജപ്പാനും മനസ്സുവയ്ക്കണമെന്നാണ് റനിൽ വിക്രമസിംഗെ തുറന്നുപറഞ്ഞത്. ചൈന ശ്രീലങ്കയിൽ അമിതസ്വാധീനം ചെലുത്തുന്നുവെന്ന് രാജ്യത്തുതന്നെ വിമർശനം ശക്തമാണ്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ മനംമാറ്റം. ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണു റനിൽ വിക്രമസിംഗെ ചൈനയെ തള്ളിപ്പറഞ്ഞത്.

ലങ്കയുടെ തെക്കുഭാഗത്ത് ഹംബൻതോട്ട തുറമുഖം ആണ് ചൈന നിർമ്മിച്ചു നൽകിയത്. ചൈന മർച്ചന്റ്‌സ് പോർട്ട് ഹോൾഡിങ് കമ്പനിക്ക് ഇതിനായി 99 വർഷത്തേക്കു ഇതിന്റെ ചുമതല പാട്ടത്തിനു നൽകുകയും ചെയ്തു. 1.1 ബില്യൻ ഡോളർ വരുമാനം സർക്കാരിനു കിട്ടുമെന്ന ്പ്രലോഭനമാണ് ചൈന മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ തുറമുഖം ബാധ്യതയായി എന്നാണ് ചൈനീസ് പ്രധാനമന്ത്രി പറയുന്നത്.

ചൈന, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് ആദ്യം നിക്ഷേപം വരണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വന്നാലേ മറ്റു രാജ്യങ്ങളിലെ സംരംഭകരേയും ആകർഷിക്കാൻ കഴിയൂ. യൂറോപ്പിൽനിന്നു വരെ നിക്ഷേപം വരുമെന്നാണു കണക്കാക്കുന്നതെന്നും വിക്രമസിംഗെ പറയുന്നു. 2015ൽ ആണ് വിക്രമസിംഗെ അധികാരത്തിൽ വരുന്നത്. മുൻ സർക്കാർ ചൈനയിൽനിന്നു വായ്പയെടുത്താണു പിടിച്ചുനിന്നത്. അതേ പാത വിക്രമസിംഗെയും പിൻതുടർന്നെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുകയാണ് ഇപ്പോൾ.

ഹംബൻതോട്ട തുറമുഖം ഉൾപ്പെടെ രാജ്യത്തെ പല വരുമാന സ്രോതസ്സുകളും ചൈനയ്ക്കു പണയം വച്ച സ്ഥിതിയിലായി രാജ്യം. 2017 അവസാനത്തിൽ ചൈനയുമായി 5 ബില്യൻ ഡോളറിന്റെ കടം ലങ്കയ്ക്ക് ഉണ്ടെന്നായിരുന്നു കണക്കുകൾ. ഇത് വർധിച്ചുവരുന്ന സ്ഥിതി ആയതോടെയാണ് ചൈനയെ ആശ്രയിക്കുന്നത് ആപത്താണെന്ന നിലയിൽ ലങ്കയ്ക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്. ഹംബൻതോട്ട തുറമുഖം ചൈന സൈനിക ആവശ്യങ്ങൾക്കു ഉപയോഗിക്കുമോ എന്ന ആശങ്ക ഇന്ത്യയും പങ്കുവച്ചിരുന്നു.