തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്ത സംഭവത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി ലസിതാ പാലയ്ക്കൽ വനിതാ കമ്മീഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് റിപ്പോർട്ട് നൽകാത്തതിനെതുടർന്നാണ് നടപടി വൈകുന്നതെന്നായിരുന്നു കമ്മീഷന്റെ മറുപടി. എന്നാൽ പൊലീസിനോട് ചോദിച്ചപ്പോൾ റിപ്പോർട്ട് ഒരുമാസം മുൻപ് തന്നെ വനിതാ കമ്മീഷൻ മുൻപാകെ സമർപ്പിച്ചു എന്നറിഞ്ഞു. ഇതോടെ കമ്മീഷൻ റിപ്പോർട്ട് പൂഴ്‌ത്തി വച്ചിരിക്കുകയാണ് എന്ന് മനസ്സിലായി. അങ്ങനെയാണ് പ്രതിഷേധവുമായി ഇന്ന് രാവിലെ 11 മണിമുതൽ ലസിത വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. പൊലീസിന്റെ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാതെ ഇവിടെ നിന്നും പോകില്ല എന്ന് ലസിത നിലപാടെടുത്തു. ഇതോടെ കമ്മീഷൻ പ്രതിരോധത്തിലായി.

മാധ്യമങ്ങളിൽ വാർത്തകൾ വരാൻ തുടങ്ങിയതോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കണ്ണൂർ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ലസിതയ്ക്ക് കൈമാറി. സാബുവിന്റെ ഫെയ്ക്ക് ഐഡിയുടെ വിവരങ്ങൾ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇനിയും കൂടുതൽ വിവരങ്ങൾ ഫെയ്സ് ബുക്ക് അധികൃതരിൽ നിന്നും വഭിക്കാനുണ്ട്. അതിനാൽ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം റിപ്പോർട്ട് വനിതാ കമ്മീഷൻ മനഃപൂർവ്വം പൂഴ്‌ത്തിവച്ചത് സാബു സിപിഎം അനുഭാവി ആയതുകൊണ്ടാണെന്നും സാബുവിനായി ഉന്നതരുടെ ഇടപെടലുകൾ ഉണ്ടായതായും ലസിത ആരോപിച്ചു.

സോഷ്യൽ മീഡിയ വഴി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ ടിവി അവതാകരകനും നടനുമായ സാബുമോനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി ലസിത പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിൽ തനിക്ക് നീതി ലഭിക്കുന്ന രീതിയിലുള്ള നടപടി പൊലീസിൽ നിന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ തിരുവനന്തപുരത്ത് എത്തി ഡിജിപിയെ നേരിൽ കണ്ട് ഇന്ന് പരാതി നൽകി. അതിന് ശേഷമാണ് വനിതാ കമ്മീഷന് മുന്നിൽ സമരവുമായെത്തിയത്.

'മൂന്ന് മാസമായി തരികിട സാബുവിന്റെ വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുന്നു. സോഷ്യൽ മീഡിയയുടെ ആസ്ഥാനത്ത് നിന്നും റിപ്പോർട്ട് കിട്ടണം എന്നായിരുന്നു അവരുടെ ഭാഗത്ത് നിന്നും കിട്ടിയ മറുപടി. അതിന് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട മറുപടി ലഭിക്കുകയുള്ളൂ. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതാണ്. അതിന്റെ തുടർ നടപടികൾ അന്വേഷിച്ച് ഞാൻ വിളിച്ചപ്പോൾ അന്വേഷിച്ചിട്ട് മറുപടി തരാമെന്ന പറഞ്ഞു. എന്നാൽ ഇതുവരെ അവർ മറുപടി നൽകിയില്ല. അതിനാലാണ് സമര പരിപാടിയായി മുന്നോട്ട് വന്നത്' എന്ന് ലസിത മറുനാടൻ മലയാളിയോട് പറഞ്ഞു

കഴിഞ്ഞ ജൂൺ ആറാം തീയതിയാണ് ലസിത തലശ്ശേരി എ.എസ്‌പിക്ക് പരാതി നൽകിയത്. പത്ത് ദിവസം കൊണ്ട് മറുപടി പറയാമെന്നായിരുന്നു അന്നു കിട്ടിയ മറുപടി. എന്നാൽ പത്ത് ദിവസത്തിന് ശേഷം അന്വേഷിച്ചപ്പോൾ കണ്ണൂരിൽ നിന്നും റിപ്പോർട്ട് വന്നിട്ടില്ല എന്നറിയിച്ചു. സാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ലസിത പാനൂർ സ്റ്റേഷനിൽ സമരമിരിക്കുക വരെ ചെയ്തെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകാൻ തീരുമാനിച്ചത്. തനിക്ക് നീതി ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന് ലസിത പറയുന്നു.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാതിരുന്നതോടെയാണ് പ്രതിഷേധവുമായെത്തിയത്. ഇരട്ട നീതി നടപ്പിലാക്കുന്ന വനിതാ കമ്മീഷന്റെ നടപടിയെ ലസിത അപലപിച്ചു. പരാതിയുടെ റിപ്പോർട്ട് ഇപ്പോൾ കൈവശമുണ്ട്. എന്നാൽ താൻ കൊടുത്ത പരാതി അനുസരിച്ചല്ല പൊലീസ് അന്വേഷണം നടത്തിയിരിക്കുന്നതെന്നും ലസിത ആരോപിച്ചു. സാബുവിനെ അറസ്റ്റ് ചെയ്യണമെന്നാണ് ലസിതയുടെ ആവശ്യം.