ആലപ്പുഴ: പിടിയിലായ മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ കബനി ദളത്തിലെ അവശേഷിക്കുന്ന പ്രധാന കണ്ണി. ആലപ്പുഴ കെ.എസ്.ആര്‍.സി ബസ്സ്റ്റാന്‍ഡില്‍ നിന്ന് കഴിഞ്ഞ ഒന്നിനു രാത്രിയിലാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. യുഎപിഎ ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതിയായ മൊയ്തീനായി പോലീസ് നേരത്തെ തിരിച്ചറിയില്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019ല്‍ ലക്കിടിയിലെ റിസോര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ സഹോദരന്‍ കൂടിയാണ് മൊയ്തീന്‍. ഇയാള്‍ അടുത്തിടെ അങ്കമാലിയിലെത്തിയതായും തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുള്‍പ്പടെ എടിഎസ് നിരീക്ഷണം നടത്തി വരികയായിരുന്നു.

മൊയ്തീന്റെ പിതാവ് മലപ്പുറം പാണ്ടിക്കാട് ചെറുകപ്പിള്ളി വീട്ടില്‍ ഹംസ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ട്രക്ക് ഡ്രൈവറായിരുന്നു ഹംസ. ഒന്‍പതുമക്കളില്‍ സിപി മൊയ്തീന്‍, ഇസ്മായില്‍, ജലീല്‍, റഷീദ് എന്നിവര്‍ തിരഞ്ഞെടുത്തത് തീവ്രവിപ്ലവ പാതയാണ്. ഇതില്‍ ജലീല്‍ 2019 മാര്‍ച്ച് ഏഴിന് വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടില്‍ തീവ്രവാദവിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ചു. ഇസ്മയിലിനെ 2015-ല്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധസ്‌ക്വാഡ് പുനെയിലെ ഒരു ആശുപത്രിക്കടുത്തുനിന്നു പിടികൂടി. നേതാവായിരുന്ന മുരളി കണ്ണമ്പള്ളിക്കൊപ്പമായിരുന്നു അറസ്റ്റ് നടന്നത്.

അതേസമയം സി പി റഷീദ് ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അറസ്റ്റിലായ മൊയ്തീന്‍ കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴയിലും കൊച്ചിയിലും സഞ്ചരിച്ചിരുന്നു. ഒളിവിടമായി ആലപ്പുഴ മേഖല മാവോവാദികള്‍ മുന്‍പും തിരഞ്ഞെടുത്തിട്ടുണ്ട്. 2012 ല്‍ മാവേലിക്കരയിലെ ലോഡ്ജില്‍നിന്ന് 4 പേരെ അറസ്റ്റുചെയ്തിരുന്നു. ഇതില്‍ തമിഴ്‌നാട്ടുകാരനായ ഗോപാല്‍ കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായിരുന്നു. സി.പി.ഐ.(മാവോയിസ്റ്റ്)യുടെ ഭാഗമായ റവല്യൂഷനറി ഡെമോക്രാറ്റ് ഫ്രണ്ട് പ്രവര്‍ത്തകരാണ് അന്ന് അറസ്റ്റിലായത്.

2014-ല്‍ വയനാട് വെള്ളമുണ്ടയില്‍ പോലീസുമായി ഏറ്റുമുട്ടലുണ്ടായതോടെ മാവോവാദികള്‍ പലയിടത്തേക്കായി നീങ്ങി. മാവേലിക്കര, ചാരുംമൂട്, നൂറനാട് പ്രദേശങ്ങളില്‍ ഇവരെത്തിയെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് അന്വേഷണവും ഉണ്ടായി. വള്ളികുന്നം, പാലമേല്‍ ഭാഗങ്ങളില്‍ ദുരൂഹമായി കണ്ട ചില പോസ്റ്ററുകളും പരിശോധനയ്ക്കു കാരണമായി. എന്നാല്‍, ആരെയും ഇവിടെനിന്നു പിടിക്കാനായില്ല.

കൊല്ലം-തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാളെ കൊച്ചിയില്‍നിന്നെത്തിയ സ്‌ക്വാഡ് പിടികൂടിയത്്. കുറച്ചു ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോട് ജങ്ഷനില്‍ മൊയ്തീന്‍ ഉള്‍പ്പെടെ നാലുപേര്‍ തോക്കുമായെത്തി നിരോധിതസംഘടനയുടെ പ്രവര്‍ത്തനം നടത്തിയ കേസിലാണ് അറസ്റ്റ്. വയനാട് പേര്യ, മക്കിമല, കണ്ണൂര്‍ കൊട്ടിയൂര്‍, ആറളം വനമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കബനീദളത്തിന്റെ കമാന്‍ഡറാണ് മൊയ്തീന്‍. മക്കിമലയില്‍ ബോംബ് കുഴിച്ചിട്ടത് ഇയാളുടെ നേതൃത്വത്തിലാണ്. 36 കേസുകളില്‍ പ്രതിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തുകയും കമ്പമല പാഡി തകര്‍ക്കുകയും ചെയ്തിരുന്നു.

വൈത്തിരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ സഹോദരനാണ്. 2013-ല്‍ ബോംബു നിര്‍മാണത്തിനിടെ മൊയ്തീന്റെ വലതുകൈ നഷ്ടപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. 2014-ഓടെയാണ് ഇയാള്‍ സായുധപാതയിലേക്കു മാറി കാടുകയറിയത്. മൊയ്തീനൊപ്പം കമ്പമലയിലുണ്ടായിരുന്ന സോമനും മനോജും ഈയിടെ അറസ്റ്റിലായിരുന്നു. ഇതോടെ ഒരു മാസത്തിനിടെ മൂന്നുപേരാണ് പിടിയിലായത്. ഇനി തമിഴ്നാട് സ്വദേശി സന്തോഷ് മാത്രമേ അറസ്റ്റിലാകാനുള്ളൂ. ഇതോടെ കബനീദളത്തിന്റെ പ്രവര്‍ത്തനം നിശ്ചലമായി.

ഇവര്‍ കാടിറങ്ങിയെന്നു സൂചന കിട്ടിയതോടെ തീവ്രവാദവിരുദ്ധസേനയുടെ നിരീക്ഷണത്തിലായിരുന്നു. വയനാട് മക്കിമലയില്‍ കുഴിബോംബ് കണ്ടെത്തിയതിനു പിന്നാലെ പരിശോധന ശക്തമാക്കി. ജനപിന്തുണ കുറഞ്ഞതും കനത്തമഴയും കാടിറങ്ങാന്‍ കാരണമായെന്നാണു വിലയിരുത്തല്‍. കണ്ണൂര്‍ അമ്പായത്തോട് വഴി മലയിറങ്ങി ഇരിട്ടി, തലശ്ശേരിവഴി കോയമ്പത്തൂരിലേക്കു കടന്നിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഓരോരുത്തരായി പിടിയിലാകുന്നത്. ജൂലായ് 18-ന് മനോജ് കൊച്ചിയില്‍ പിടിയിലായി. 27-ന് സോമനെ ഷൊര്‍ണൂരില്‍നിന്ന് അറസ്റ്റുചെയ്തു.

അങ്കമാലി, ആലുവ, പറവൂര്‍ എന്നിവിടങ്ങളില്‍ മൊയ്തീന്‍ എത്തിയതായി അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളുടെ ചില മേഖലകളില്‍ മൊയ്തീന്‍ മുന്‍പ് 'പോരാട്ടം' പ്രവര്‍ത്തകനായിരുന്നു. ആ ബന്ധത്തിലാകാം ആലപ്പുഴയില്‍ എത്തിയതെന്നു കരുതുന്നു. പിടികൂടിയ ഉടന്‍ അന്വേഷണസംഘം ആലപ്പുഴയില്‍നിന്നു നെടുമ്പാശ്ശേരിയിലേക്കു കൊണ്ടുപോയെന്നാണു ലഭിക്കുന്ന സൂചന.

കബനിദളത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൊയ്തീന്‍ മാത്രമാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായിട്ടായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. തീവ്രവാദവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലുകളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് മറ്റുദളങ്ങളുടെ പ്രവര്‍ത്തനം നിലച്ചതും.