കണ്ണൂർ: അവിഹിതഗർഭത്തിൽ ജനിച്ച കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സിദ്ധന്റെ ശ്രമം പാളി. ചികിത്സക്കെത്തിയ വീട്ടിലെ വിവാഹിതയായ യുവതിയെ ഗർഭിണിയാക്കിയ വ്യാജസിദ്ധനാണ് ഒടുവിൽ കുടുങ്ങിയത്. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തിയപ്പോൾ ഭാര്യ നാലുമാസം ഗർഭിണിയാണെന്നു കണ്ടു. ഗർഭത്തിനുത്തരവാദി ആരാണെന്നു ചോദിച്ചപ്പോൾ വ്യാജസിദ്ധനായ കക്കാട്ടെ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫ് എന്ന 46 കാരനാണെന്ന് തിരിച്ചറിഞ്ഞു. യുവതിക്ക് മറ്റു മൂന്നു മക്കളുമുണ്ട്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ബിയർ പാർലറിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചികിത്സയ്‌ക്കെത്തിയ യുവതിയെ ഗർഭിണിയാക്കിയ സിദ്ധൻ പ്രസവത്തിന് ശേഷം കുഞ്ഞിനെ വാങ്ങി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടൽ രോഗമുള്ള യുവതിയെ ചികിത്സിക്കാൻ എന്നും സിദ്ധൻ വീട്ടിലെത്താറുണ്ട്. യുവതിയുടെ അറയിൽ കയറിയാണ് ചികിത്സ നടത്തുക. ചികിത്സയുടെ മറവിൽ എന്നും യുവതിയുമായി ലൈംഗികമായും ബന്ധപ്പെട്ടിരുന്നു. അതോടെ യുവതി ഗർഭിണിയായി. കാര്യങ്ങളറിഞ്ഞ ഭർത്താവ് അവിഹിതഗർഭത്തിൽ ജനിച്ച കുഞ്ഞിനെ താൻ സ്വീകരിക്കില്ലെന്നു പറഞ്ഞതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.

അതോടെ ഒത്തുതീർപ്പു ചർച്ചകളും ആരംഭിച്ചു. ചർച്ചകൾക്കൊടുവിൽ വ്യാജസിദ്ധൻ യുവതി പ്രസവിച്ചാൽ കുഞ്ഞിനെ താൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. മാസം തികഞ്ഞപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. ജൂൺ 11 ന് യുവതി പ്രസവിക്കുകയും ചെയ്തു. പ്രസവം കഴിഞ്ഞ് 13 ാം തീയ്യതി രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജായി.

യഥാസമയം സിദ്ധൻ ഒരു സഹായിക്കൊപ്പം ഹോണ്ട സിറ്റി കാറിൽ ആശുപത്രിക്കു മുമ്പിലെത്തി. യുവതിയേയും കുഞ്ഞിനേയുൂം ഭർത്താവിനേയും കാറിൽ കയറ്റി കണ്ണൂർ സ്റ്റേഡിയം ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ വച്ചു ഭർത്താവിനോടും യുവതിയോടും കാറിൽനിന്നിറങ്ങാൻ പറഞ്ഞു. കുഞ്ഞിനെ താൻ കൊണ്ടു പോവുകയാണെന്നും പറഞ്ഞു. സഹായിക്കൊപ്പം കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു.

കുഞ്ഞുമായി പോകുമ്പോൾ സിദ്ധൻ അനാഥാലയത്തിൽ ഏൽപ്പിക്കുമെന്ന് ഉറപ്പു നൽകിയതായി യുവതി പറയുന്നു. കുഞ്ഞുമായി അഴീക്കോട്ടേക്ക് പോയ സിദ്ധൻ ഒരു ബന്ധുവീട്ടിലെത്തി അവിടെ കുഞ്ഞിനെ ഏൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവർ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായില്ല. അതോടെ സിദ്ധന്റെ ശ്രമം പൊളിഞ്ഞു. തുടർന്ന് മറ്റൊരു അനാഥാലയത്തിൽ ഏൽപ്പിക്കാനുള്ള ശ്രമവും പാളി. ഇതേത്തുടർന്ന് കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പ്രതിഷേധിച്ച് സഹായി കാറിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവിൽ സിദ്ധൻ തന്നെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിൽ അയാൾ മൊഴി നൽകിയിട്ടുണ്ട്.

അഴീക്കൽ ലൈറ്റ് ഹൗസിനടുത്താണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞിനെ വിജനമായ സ്ഥലത്തുനിന്ന് കണ്ടെത്തിയത്. രണ്ടുദിവസംമാത്രം പ്രായമായ പെൺകുഞ്ഞിനെ വെള്ളത്തുണിയിൽ പൊതിഞ്ഞനിലയിലാണ് ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന് വളപട്ടണം എസ്.ഐ.ശ്രീജിത്തുകൊടേരിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഈ മാസം വിവിധ ആശുപത്രികളിൽ രജിസ്റ്റർചെയ്ത ജനനത്തെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയതൊണ് സൂചന.