- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വിട്ടൊഴിഞ്ഞിട്ടും വ്യാജ പെറ്റിയടിക്കുന്ന 'ദുശ്ശീലം' കൈവിടാതെ പൊലീസ്; ചോദ്യം ചെയ്തപ്പോൾ പെറ്റിയടിച്ചത് ഹെൽമറ്റ് വയ്ക്കാത്തതിന് എന്ന് ന്യായംപറച്ചിൽ; ഹെൽമറ്റ് വച്ചതിന്റെ സിസിടിവി ദൃശ്യം സഹിതം ഏമാന്മാരുടെ കള്ളത്തരം പൊളിച്ച് മലയിൻകീഴ് സ്വദേശി
തിരുവനന്തപുരം: കോവിഡ് ഭീതി ഏറെക്കുറെ വിട്ടൊഴിഞ്ഞിട്ടും അതിന്റെ പേരിൽ' കൈവിടാൻ പൊലീസിന് മടി. മാസ്‌ക് ശരിക്കല്ല വച്ചതെന്നും മറ്റും പറഞ്ഞ് ഇപ്പോഴും സാധാരണ ജനങ്ങളെ പെറ്റിയടിച്ച് പണം പിടുങ്ങുന്ന പൊലീസ് പക്ഷേ, കൺമുന്നിൽ നടക്കുന്ന, വമ്പന്മാരുടെ കോവിഡ് നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു എന്നതും പിന്നിട്ട ഈ കോവിഡ് കാലങ്ങളിൽ വലിയ ചർച്ചയായതാണ്. കോവിഡ് നിയമം ലംഘിച്ചു എന്ന പേരിൽ കൃത്യമായി നിയമംപാലിച്ച് വീടിന് പുറത്തിറങ്ങിയ നിരവധി പേർക്കെതിരെ നടപടിയെടുത്തു എന്ന ആരോപണം പലകുറി ഉയർന്നതാണ്. എന്നാൽ അത്തരമൊരു വ്യാജ പെറ്റിയടി കയ്യോടെ പൊളിച്ചുകൊടുത്ത ഒരു ഗൃഹനാഥന്റെ കഥയാണിത്.
സംഭവം നടക്കുന്നത് മലയിൻകീഴിൽ ഇക്കഴിഞ്ഞ ജനുവരി 23 ഞായറാഴ്ചയാണ്. കോവിഡിന്റെ അതിതീവ്ര പകർച്ചയിൽ നിന്ന് സംസ്ഥാനം വലിയരീതിയിൽ മുക്തമാവുകയും ഇളവുകൾ നൽകുകയും ചെയ്തുതുടങ്ങിയ കാലം. എന്നിട്ടും കോവിഡ് നിയമം ലംഘിച്ച് പുറത്തിറങ്ങി എന്നുകാട്ടി മലയിൻകീഴ് സ്വദേശിയായ നന്ദഗോപകുമാറിനെതിരെ പെറ്റിയടിക്കുകയായിരുന്നു പൊലീസ്. ഇത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമുൾപ്പെടെ പരാതി നൽകിയതോടെ സംഭവം ഒതുക്കിത്തീർക്കാൻ ഇപ്പോൾ പെടാപ്പാടു പെടുകയാണ് മലയിൻകീഴ് പൊലീസ്. കോവിഡ് പെറ്റിക്ക് നോട്ടീസ് നൽകിയ പൊലീസ് ഇപ്പോൾ പറയുന്നത് കോവിഡ് നിയമം ലംഘിച്ചതിനല്ല, പകരം ഹെൽമറ്റ് വയ്ക്കാതെ വന്നതിനാണ് പെറ്റിയടിച്ചത് എന്നാണ്. എന്നാൽ ഹെൽമറ്റ് വച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം നൽകി വ്യാജ പെറ്റിയടിയാണ് പൊലീസ് നടത്തിയതെന്ന് തെളിയിച്ചിരിക്കുകയാണ് നന്ദഗോപകുമാർ.
സംഭവത്തെ കുറിച്ച് നന്ദഗോപകുമാർ പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ജനുവരി 23ന് ഞായറാഴ്ച ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. അന്ന് മലയിൻകീഴിൽ വീടിന് അടുത്തുതന്നെയുള്ള മകളുടെ താമസ സ്ഥലത്ത് പ്ളംബിങ് ജോലികൾക്ക് ആൾ വരാമെന്ന് പറഞ്ഞിരുന്നു. അങ്ങനെ വീട് തുറന്നുകൊടുക്കാൻ പോയി. അന്നേ ദിവസം തന്നെ അമ്മയ്ക്ക് (ഭാര്യാ മാതാവിന്) എന്റെ വീട്ടിൽ നിന്നും ചോറ് കൊണ്ട് കൊടുക്കുകയും വേണമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്ക് ചില ദിവസങ്ങളിൽ എന്റെ ഭാര്യയാണ് ആഹാരം ഉണ്ടാക്കി കൊടുക്കുന്നത്. മറ്റ് ദിവസങ്ങളിൽ അമ്മ ഉണ്ടാക്കും. അതിനുവേണ്ടി 10 മണിക്ക് പ്ളംബിങ് ജോലി നടക്കുന്ന വീട്ടിൽ നിന്നും എന്റെ വീട്ടിലേയ്ക്ക് പോകുന്ന വഴി മലയിൻകീഴ് ജംഗ്ഷനിൽ പൊലീസ് ചെക്കിങ്ങിന്റെ ഭാഗമായി ഒരു വനിതാ പൊലീസ് കൈ കാണിച്ച് നിർത്തി എവിടെ പോകുന്നു എന്ന് അന്വേഷിച്ചു. ഞാൻ പ്ളംബിംഗിന് വീടു തുറന്നു കൊടുക്കാൻ പോയതാണെന്നും ഇനി എന്റെ വീട്ടിൽ പോയി അമ്മയ്ക്ക് ആഹാരമെടുത്ത് തിരികെ വരണമെന്നും ഞാൻ പറഞ്ഞു. എപ്പോഴുമെപ്പോഴും അങിനെ പോകാൻ പറ്റില്ലാന്ന് അവർ പറഞ്ഞു.
ഈ രണ്ട് കാര്യങളും അത്യാവശ്യമുള്ളതാണ് എനിക്ക് പോകാതിരിക്കാൻ പറ്റില്ലാന്നു ഞാൻ പറഞ്ഞപ്പോൾ അടുത്ത് നിന്ന സബ് ഇൻസ്പെക്ടറോട് സംസാരിക്കാൻ അവർ പറഞ്ഞു. അതനുസരിച്ച് ഞാൻ അവിടെ പരിശോധന നടത്തുകയായിരുന്ന എസ്ഐ രാജേഷിനെ കണ്ട് കാര്യങ്ങൾ പറയാൻ തുടങിയപ്പോൾ തന്നെ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ആ വനിത പൊലീസ് ഉദ്യഗസ്ഥയോട് ഇയാൾക്ക് നോട്ടീസ് എഴുതി കൊടുക്ക് എന്ന് അദ്ദേഹം പറഞ്ഞു. അവർ എന്നോട് എന്റെ പേരും അച്ഛന്റെ പേരും വീട്ട് പേരും ചോദിച്ചു അത് പറഞ്ഞു കൊടുത്ത ശേഷം എന്നെക്കൊണ്ട് ആ റസീപ്റ്റിൽ ഒപ്പിടുവിച്ചിട്ട് കോപ്പി എനിക്ക് തന്നു. അതുമായി വീണ്ടും ഞാൻ എസ് ഐ യുടെ അടുത്ത് പോയി വീണ്ടും കാര്യങൾ വിശദീകരിച്ചു. പ്ളംബിങ് ജോലി ചെയ്യാൻ പാടില്ല എന്ന് സർക്കാർ പറഞ്ഞിട്ടില്ല. മാത്രവുമല്ല, തലേ ദിവസം കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പൊതുജനങൾ പുറത്തിറങ്ങരുത് എന്നേ പറഞ്ഞിട്ടുള്ളു. ഇത് രണ്ടും ഒഴിവാക്കാൻ പാടില്ലാത്തതാണ്. ഞാൻ ഒരു മീഡിയ പേഴ്സൺ ആണ്. ഐഡി കാർഡും സത്യവാങ്മൂലവും സ്‌കൂട്ടറിലുണ്ട് എടുത്ത് തരാം എന്നു പറഞ്ഞപ്പോൾ മീഡിയ ഒന്നും എനിക്കറിയണ്ട, നോട്ടീസുമായി സ്റ്റേഷനിൽ പോയി 500 രൂപ അടയ്ക്ക് എന്ന് പറഞ്ഞു. വീണ്ടും സംസാരിക്കാൻ തുടങിയപ്പോൾ കൂടുതൽ സംസാരം വേണ്ട പോയി കാശടയ്ക്ക് എന്ന് ഭീഷണിപ്പെടുത്തി പോകാൻ പറയുകയായിരുന്നു. ഇക്കാര്യം സഹപ്രവർത്തകനായ ഒരു പത്രലേഖകനോട് പറഞ്ഞു. അടുത്ത ദിവസത്തെ പത്രത്തിൽ ഇത് വാർത്തയായി അത് വരുകയും ചെയ്തു.
അന്ന് തന്നെ ഞാൻ മുഖ്യമന്ത്രിക്കും ഡി ജി പി, കോവിഡ് വാർ റൂം, എസ് പി എന്നിവർക്കും പരാതി അയച്ചു. കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പൊലീസ് കംപ്ളൈന്റ അഥോറിറ്റിയിലും ഞാൻ പരാതി നൽകി. കൂടെ പ്രതിപക്ഷ നേതാവിനും കെ. പി സി സി പ്രസിഡന്റിനും പരാതി അയച്ചു കൊടുത്തു. കെ പി സി സി ഓഫീസിൽ നിന്ന് അവിടുത്തെ സെക്രട്ടറി എന്നെ വിളിച്ചിട്ട് എസ് പി യോട് സംസാരിച്ചിട്ടൂണ്ട്. പരാതി അവർ അന്വേഷിക്കും എന്നു പറഞ്ഞു. അന്നു വൈകുന്നേരം കാട്ടാക്കട ഡിവൈ എസ്‌പി ഓഫീസിൽ നിന്നും എന്നെ വിളിച്ചിട്ട് അടുത്ത ദിവസം രാവിലെ മൊഴി രേഖപ്പെടുത്താൻ എത്താൻ ആവശ്യപ്പെട്ടു. ഞാൻ പോയി മൊഴി നൽകി.
ഫെബ്രുവരി 26 ന് എനിക്ക് ജില്ലാ റൂറൽ പാലീസ് മേധാവിയിൽ നിന്നും ഒരു കത്ത് കിട്ടി. ഞാൻ മുഖ്യമന്ത്രിക്ക് അയച്ച പരതിയിന്മേൽ അന്വേഷണം നടത്തിയെന്നും ഞാൻ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനും രേഖകൾ കയ്യിൽ കരുതാത്തതിനുമാണ് എനിക്ക് പെറ്റി നൽകിയിട്ടുള്ളത് എന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷിച്ച കാട്ടാക്കട ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൻ പ്രകാരമാണ് മറുപടിയെന്നായിരുന്നു വിവരം. എസ്‌പി യുടെ കത്ത് കിട്ടിയ ദിവസം ഞാൻ കാട്ടാക്കട ഡിവൈ എസ്‌പി യെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, വിവരങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ അന്വേഷിച്ചിട്ട് പറയാം എന്നായിരുന്നു.
മാത്രവുമല്ല അങ്ങിനെ കോവിഡ് നോട്ടീസിനു പെറ്റി അടയ്ക്കാൻ പറയാറില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. സംഭവദിവസം ഞാൻ ഹെൽമെറ്റ് ധരിച്ചിരുന്നു. വാഹനത്തിന്റെ രേഖകളും, ലോക്ഡൗണിൽ പുറത്തിറങാനുള്ള സത്യവാങ്മൂലവും എന്റെ സ്‌കൂട്ടറിൽ തന്നെ ഉണ്ടായിരുന്നു. കൂടാതെ വാഹന സംബന്ധമായ എല്ലാ രേഖകളും എന്റെ മൊബൈൽ ഫോണിലെ ഡിജിലോക്കർ ആപ്പിലും, പരിവാഹൻ ആപ്പിലും സൂക്ഷിച്ചിട്ടുമുണ്ട്. അതിനെക്കുറിച്ച് ഒരു വാക്കുപോലും ചോദിക്കുകയോ വാങ്ങി നോക്കുകയോ പരിശോധന നടത്തുമ്പോൾ എസ്ഐ രാജേഷോ മറ്റ് ഉദ്യോഗസ്ഥരോ ചെയ്തിട്ടില്ല.
അന്നേ ദിവസം രാവിലെ 9.57നു ഞാൻ മകളുടെ വീട്ടിൽ നിന്നും സ്‌കൂട്ടർ എടുത്ത് പോകുന്നതിന്റെ സിസി ടിവി ദൃശ്യം തൊട്ടടുത്ത കടയിൽ നിന്ന് എടുത്തത് എന്റെ കൈവശമുണ്ട്. അവിടെ നിന്നും 300 -400 മീറ്റർ അടുത്താണ് മലയിൻകീഴ് ജംഗ്ഷൻ. 10 മണിക്കാണ് എനിക്ക് നോട്ടീസ് തന്നിട്ടുള്ളത്. ആഹാരവുമായി പോയ ആൾക്ക് പെറ്റി അടിച്ചു എന്ന് വാർത്ത വരുകയും മറ്റും ചെയ്തപ്പോൾ ആ സബ് ഇൻസ്പെക്ടറെ സംരക്ഷിക്കാൻ വേണ്ടി പൊലീസ് ഹെൽമറ്റ് വച്ചില്ലെന്ന കള്ളക്കഥ ഉണ്ടാക്കുകയായിരുന്നു.
ഈ വിവരങൾ കാണിച്ച് സിസി ടി വി ദൃശ്യത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം മുഖ്യമന്ത്രിക്കും പൊലീസ് കമ്പ്ളൈന്റ് അഥോറിറ്റിക്കും നന്ദഗോപകുമാർ വീണ്ടും പരാതി നൽകിയിരിക്കുകയാണ്. കൂടാതെ റൂറൽ എസ് പി യ്ക്കും മറുപടി അയച്ചു. ഇതോടൊപ്പം ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി അവർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു അയച്ചു കൊടുക്കുകയും ഇവിടെ 725/11/12/2022 നമ്പരായി കേസെടുക്കുകയും റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
തനിക്ക് തന്ന കോവിഡ് 19 നിയമലംഘന നോട്ടീസിൽ എന്താണ് ചെയ്ത കുറ്റം എന്ന ഭാഗം പൂരിപ്പിച്ചിട്ടില്ലെന്നും നന്ദഗോപകുമാർ പറയുന്നു. ഒരു തെറ്റും ചെയ്യാത്ത തനിക്കെതിരെ വ്യാജ പെറ്റി ചുമത്തിയതിന് നടപടിയുണ്ടാകുംവരെ പോരാട്ടം തുടരാൻ തന്നെയാണ് നന്ദഗോപകുമാറിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച വിവരാവകാശനിയമപ്രകാരം മലയിൻകീഴ് സ്റ്റേഷനിലേയ്ക്ക് ഒരു അപേക്ഷ അയച്ചിട്ടുണ്ടെന്നും നൽകിയ നോട്ടീസിൽ എന്ത് ഒഫൻസാണ് ഞാൻ നടത്തിയത് എന്ന് വ്യക്തമല്ല. അതറിയിക്കണം എന്നും കൂടാതെ അന്നേ ദിവസം എനിക്ക് മോട്ടോർ വെഹിക്കിൾ ആക്ട് 129 പ്രകാരം എന്തെങ്കിലും നോട്ടീസ് നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിന് ശേഷം സംഭവത്തിൽ നീതികിട്ടുംവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കുന്നു.