തിരുവനന്തപുരം: സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി പരസ്യങ്ങൾ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. കാരണം ജനങ്ങളിലേക്ക് പദ്ധതികൾ എത്തുന്നതിന് ഇത് അത്യാവശ്യമാണ്. എന്നാൽ, ഒരു വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കേണ്ട കാര്യങ്ങൾക്കും മറ്റും ഖജനാവിൽ നിന്നും കോടികൾ മുടക്കുമ്പോൾ അതിനെ അംഗീകരിക്കാൻ എളുപ്പത്തിൽ കഴിഞ്ഞെന്ന് വരില്ല, പ്രത്യേകിച്ചും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന വേളയിൽ. അധികാരത്തിൽ കയറും മുമ്പ് തന്നെ ദേശീയ മാധ്യമങ്ങൾ കോടികൾ മുടക്കി മുൻപേജിൽ പരസ്യം നൽകി വിവാദത്തിലായ പിണറായി സർക്കാർ രണ്ട് വർഷം പിന്നിടുമ്പോൾ പരസ്യത്തിനായി മാത്രം ഖജനാവിൽ നിന്നും മുടക്കിയത് കോടികളാണ്.

പണത്തിന്റെ കുറവു മൂലം മുണ്ടു മുറുക്കാൻ നിർദ്ദേശിക്കുന്ന പിണറായി സർക്കാർ അധികാരത്തിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ഇത്രയും തുക മുടക്കിയത് വിവാദങ്ങൾക്കും ഇടയാക്കുന്നുണ്ട്. പിണറായി സർക്കാർ പരസ്യപ്രചരണങ്ങൾക്കായി ചെലവാക്കിയത് അൻപത് കോടിയിലേറെ രൂപ. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. മുഖ്യമന്ത്രിയുടേതുൾപ്പെടയുള്ള വകുപ്പുകളുടെ പരസ്യത്തിനും പ്രചരണത്തിനുമായി 50,72,0627 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. പി.ആർ.ഡി(പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്) വഴി മാത്രം ചെലവിട്ട തുകയുടെ കണക്കാണിത്.

പത്ര-ദൃശ്യ മാധ്യമങ്ങൾ, ഓൺലൈൻ മാധ്യമങ്ങൾ, ഹോൾഡിംഗുകൾ എന്നിവ വഴിയുള്ള പരസ്യങ്ങൾക്കും സ്വകാര്യ ഏജൻസികൾ വഴിയുള്ള പ്രചരണത്തിനുമാണ് ഇത്രയേറെ തുക ചെലവാക്കിയത്. രണ്ട് കോടിയോളം രൂപയാണ് സ്വകാര്യ ഏജൻസികൾ വഴിയുള്ള പരസ്യ പ്രചരണത്തിനായി സർക്കാർ ചെലവാക്കിയത്. അധികാരത്തിൽ കയറിയ വേളയിൽ നൽകിയ പരസ്യത്തിന് കൂടാതെ ഒന്നാം വാർഷികം ആഘോഷിക്കാനും സർക്കാൽ ചെലവിൽ നിന്നും ലക്ഷങ്ങൾ മുടക്കിയിരുന്നു.

മെയ് മാസത്തിൽ സംസ്ഥാന സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാനിരിക്കേ വൻതുകയാവും ഇനിയുള്ള ദിവസങ്ങളിലും പരസ്യ-പ്രചരണത്തിനായി ചെലവിടുകയെന്നാണ് സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിവാര ടോക്ക് ഷോയായ നാം മുന്നോട്ടിൽ അതിഥികളെ എത്തിക്കാൻ വേണ്ടി വരെ ലക്ഷങ്ങൾ ചിലവഴിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത് കൂടാതെ വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കേണ്ട വിഷയത്തിൽ പോലും സർക്കാർ പ്രതിരോധ മാർഗ്ഗം കണ്ടെത്തിയത് പത്രപ്പരസ്യങ്ങളിലൂടെയായിരുന്നു. ഈ അർത്ഥത്തിൽ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൂടി സർക്കാർ ചെലവിൽ പണം ചെലവിടുന്നുണ്ട്.

സർക്കാർ ഒന്നാം വർഷം പൂർത്തിയായ വേളയിൽ ഭരണ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള പരസ്യം നിരവധി ദിനപത്രങ്ങളിലാണ് സർക്കാർ നൽകിയിരുന്നത്. മലയാളം ദിനപത്രങ്ങളിൽ മാത്രമല്ല പ്രമുഖ ദേശീയ ദിനപത്രങ്ങളുടെ ഡൽഹി എഡിഷന്റെ ഒന്നാം പേജുകളിലും പരസ്യം നൽകിയിരുന്നത്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ളതാണ് പരസ്യം. ആരോഗ്യം, തൊഴിൽ, ബാങ്കിങ് തുടങ്ങിയ നിരവധി മേഖലകളിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറയുന്നതാണ് പരസ്യം. കൊച്ചി മെട്രോയുടെ പുരോഗതിയെക്കുറിച്ചും ട്രാൻസ്‌ജെൻഡേഴ്‌സിന് മെട്രോയിൽ ജോലി നൽകിയതിനെക്കുറിച്ചും പരസ്യത്തിൽ വിവരിക്കുന്നുണ്ട്. സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചും പരസ്യത്തിൽ പറഞ്ഞിരുന്നു. 'നമുക്കൊരുമിച്ച് മുന്നേറാം സർക്കാർ ഒപ്പമുണ്ട്' എന്ന വാചകത്തിലാണ് മലയാളം ദിനപത്രങ്ങളിൽ പരസ്യം നൽകിയതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി.

ജിഷ്ണു കേസ് വിവാദം ഉണ്ടായ വേളയിൽ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്ന പിണറായി സർക്കാറിനെ ന്യായീകരിക്കാൻ വേണ്ടിയും ലക്ഷങ്ങൾ മുടക്കി. 'ജിഷ്ണു കേസ്, പ്രചാരണമെന്ത്, സത്യമെന്ത്?' എന്ന പേരിലാണ് കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യം നല്കിയത്. എന്നാൽ അതിൽ ഉന്നയിച്ചിരിക്കുന്ന പല വാദങ്ങളും ജിഷ്ണുവിന്റെ കുടുംബം തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഏകദേശം ഒരു കോടിയോളം വരുന്ന നികുതിപ്പണം ചിലവഴിച്ചുകൊണ്ടുള്ള പരസ്യ ധൂർത്ത് എന്തിനായിരുന്നു എന്നാണ് പൊതുസമൂഹം ചോദിച്ചിരുന്നു. അമിത് ഷാ കേരളത്തിലെത്തി പ്രചരണം നടത്തിയ വേളയിൽ ദേശീയ മാധ്യമങ്ങൾക്ക് പരസ്യം നൽകിയും പിണറായി സർക്കാർ മുഖം കാത്തു. മാധ്യമങ്ങളിലൂടെ മറുപടി നൽകേണ്ട കാര്യത്തിലായിരുന്നു ഈ ധൂർത്ത്.

അതേസമയം സർക്കാറിന് എതിരായ ആക്രമണങ്ങളെ നേരിടാനും മുഖ്യമന്ത്രിയുടെ മുഖം മിനിക്കാനും വേണ്ടി കോടികളാണ് മുടക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി സർക്കാറിൽ കൂടുതൽ നിയമനം നൽകിയതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പ്രസ് സെക്രട്ടറി ചെയ്തിരുന്ന പബ്ലിസിറ്റ് പ്രവർത്തനത്തിന് വേണ്ടി പത്തോളം പേരെയാണ് സെക്രട്ടറിയേറ്റിലെ ഓഫീസിൽ നിയമിച്ചത്. ഇവർക്കെല്ലാം ഉയർന്ന ശമ്പളവും നൽകുന്നു. ഇതെല്ലാം കടുത്ത വിമർശനത്തിന് ഇടയാക്കുന്ന കാര്യമാണ് താനും.