തിരുവനന്തപുരം: ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു ബഹളവും ഒച്ചപ്പാടുമില്ലാതെ സംസ്ഥാനത്ത് തുറന്നത് 402 ബാറുകൾ. മുൻപ് നിലവിൽ ഇല്ലാതിരുന്ന 120 ബാറുകൾക്ക് കൂടി അനുമതി നൽകിയാണ് ഇടതു സർക്കാർ മദ്യനയം മാറിയ സംസ്ഥാനത്ത് പുതുതായി തുറന്ന ബാറുകളുടെ എണ്ണം 402ൽ എത്തിച്ചത്. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കണമെന്ന നയം നിലവിലുള്ളതോടെ എണ്ണം ഇനിയും കൂടും. 432 ബാറുകളാണ് ഇപ്പോൾ ആകെയുള്ളത്.

നിലവാരമില്ലാത്ത ബാറുകൾ നിയന്ത്രിക്കാൻ ശ്രമിച്ചു ബാർകോഴക്കാരായി മാറി ഭരണം പോലും നഷ്ടപ്പെട്ട യുഡിഎഫ് ആകട്ടെ ഇതെല്ലാം കണ്ടിട്ടും കയ്യും കെട്ടി നിൽക്കുകയാണ്. ബാറുകളിൽ നിന്നും ബ്രൂവറിയിലേക്ക് വരെ പിണറായി സർക്കാർ നീങ്ങിയിട്ടും ഈ അവസരമൊന്നും വേണ്ട പോലെ മുതലെടുക്കാൻ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മദ്യവർജനമാണ് ലക്ഷ്യമെന്ന് ആദ്യ ഖണ്ഡികയിൽത്തന്നെ പറയുന്ന

2017-ലെ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ തന്നെ കേരളത്തിലെ ബാറുകൾ മുഴുവൻ ഇടതു സർക്കാർ തുറന്നിട്ടും അതിനെ രാഷ്ട്രീയ ആയുധമാക്കാനോ പൊതു ചർച്ചയിലേക്ക് കൊണ്ടു വരാനോ പോലും യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് (എഫ്.എൽ-3) അനുവദിക്കുന്നതാണെന്ന് ഇതേ മദ്യനയത്തിൽ പറയുന്നുണ്ട്. ഇത് അനുസരിച്ചാണ് സംസ്ഥാനത്തെ ബാറുകൾ എല്ലാം എൽഡിഎഫ് സർക്കാർ തുറന്നത്. എന്നാൽ മദ്യവർജനത്തിന്റെ പേരിൽ ബാറുകൾ എല്ലാം പൂട്ടിക്കെട്ടിയ യുഡിഎഫ് ആകട്ടെ ബാറുകൾ എല്ലാം തുറന്നിട്ടും ബ്രൂവെറിയിലേക്ക് കൂടി സർക്കാർ നീങ്ങിയിട്ടും ഒന്നും മിണ്ടാതെ കണ്ണടച്ചിരിക്കുകയാണ്.

ത്രീ സ്റ്റാർ സൗകര്യങ്ങളോടെ ബാറുകൾ തുറക്കാൻ ലൈസൻസിന് അപേക്ഷിച്ചാൽ നൽകാമെന്നാണ് ഇപ്പോഴത്തെ നയം. രേഖകൾ കൃത്യമാണെങ്കിൽ നിഷേധിക്കുക എളുപ്പമല്ല. പരാതിയുണ്ടെങ്കിൽ അപേക്ഷകന് കോടതിയെ സമീപിക്കാം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് എന്ന് തീരുമാനമെടുത്തിരുന്നു. ഇതോടെ ത്രി സ്റ്റുകൾ മുതലുള്ള ബാറുകൾ പൂട്ടിക്കെട്ടുകയും ചെയ്തു. ഇതോടെ ബാറുകളുടെ എണ്ണം 30 ആയി ചുരുങ്ങുകയും ചെയ്തു.

സംസ്ഥാനത്ത് 468 ബിയർ-വൈൻ പാർലറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മിക്കവയും ത്രീ സ്റ്റാർ പദവിയിലേക്ക് എത്താൻ സൗകര്യങ്ങൾ കൂട്ടുന്നുണ്ട്. ഇന്ത്യൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനാണ് (ഐ.ടി.ഡി.സി.) സ്റ്റാർ പദവി നൽകേണ്ടത്. സൗകര്യമൊരുക്കി ഇവയും ഒപ്പം പുതിയ ഹോട്ടലുകളും അപേക്ഷയുമായി എത്തിയാൽ ലൈസൻസ് അനുവദിക്കേണ്ടിവരും.

ദേശീയ-സംസ്ഥാന പാതയോരത്തുനിന്ന് ദൂരപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണം വന്നതോടെ കുറെ ബാറുകൾ അടച്ചിടേണ്ടി വന്നിരുന്നു. എന്നാൽ റോഡുകളെ സർക്കാർ തരംതാഴ്‌ത്തി ജില്ലാ റോഡുകളുടെ പദവിയിലേക്കാക്കിയതോടെ പല ബാറുകളും തുറന്നു. ഒടുവിൽ സുപ്രീംകോടതി തന്നെ ഇളവ് നലകിയതോടെ ബാറുകൾ തുറക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.

ബ്രൂവറിസും ഡിസ്റ്റലറീസും അനുവദിച്ചത് വിവാദമാവുമ്പോഴും സംസ്ഥാനത്ത് ബാറുകൾ പതുക്കെപ്പതുക്കെ കൂടിക്കൂടിവരുന്നതിൽ കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല. ഇത് പ്രതിപക്ഷത്തിന്റെ ന്യൂനതയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രൂവറിക്കായി കിൻഫ്ര പാർക്കിൽ പത്തേക്കർ ഭൂമി അനുവദിച്ചതായാണ് വിവരം. ബ്രൂവറിക്കായി പലയിടത്തും ഭൂമി നൽകിയെന്ന നാല് ഉത്തരവുകളാണ് സർക്കാർ പുറത്തിറക്കിയത്. പവർ ഇൻഫ്രാടെക് എന്ന കമ്പിനിക്ക് എറണാകുളത്ത് കിൻഫ്രാ പാർക്കിൽ 10 ഏക്കർ നൽകിയെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. എന്നാൽ കിൻഫ്രാ പാർക്കില് ഇങ്ങനെയൊരു 10 ഏക്കർ അനുവദിച്ചിട്ടില്ല. എറണാകുളത്തോ സമീപ ജില്ലകളിലോ 10 ഏക്കർ കൊടുക്കാനുള്ള ഭൂമി കിൻഫ്രയുടെ കയ്യിലില്ലെന്നുള്ളതാണ് വസ്തുത.