ആലപ്പുഴ: ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നു ഗുണ്ടാ നേതാവിനെ ബോബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ ആലപ്പുഴ. തോണ്ടൻകുളങ്ങര ക്ഷേത്രത്തിനുസമീപം കിളിയൻപറമ്പിൽ ലേ കണ്ണൻ എന്നുവിളിക്കുന്ന അരുൺകുമാറാ (29)ണു കൊല്ലപ്പെട്ടത്. കൊടും ക്രിമിനലാണ് കൊല്ലപ്പെട്ട ലേ കണ്ണൻ.

അരുൺകുമാർ എന്നാണ് യഥാർത്ഥ പേര്. ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവം. ചാത്തനാട് പൊതുശ്മശാനത്തിന് സമീപം ഇന്നലെ വൈകിട്ട് 7.30നാണ് സംഭവം. സ്‌ഫോടന ശബ്ദം കേട്ട് പുറത്തിറങ്ങിയ അയൽവാസികളാണ് കണ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട കണ്ണനും മറ്റൊരു ഗുണ്ടാസംഘവും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് കണ്ണന്റെ കൂട്ടാളിയെ ഇവർ മർദിച്ചു. തുടർന്ന് ഇരു സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘത്തിൽ ഒരാളെ കണ്ണൻ വടിവാളിന് വെട്ടിയെന്ന് പൊലീസ് പറയുന്നു.

2019ൽ കാപ്പ കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ കണ്ണനും സംഘവും ആളുമാറി മേസ്തിരിപ്പണിക്കാരനെ നെഞ്ചിൽ വെട്ടിപ്പരുക്കേൽപ്പിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. കണ്ണനെ ആലപ്പുഴ നോർത്ത് പൊലീസാണ് കാപ്പ കേസിൽ ജയിലിലാക്കിയത്. ഇയാളുടെ ഭാര്യ മണ്ണഞ്ചേരി പനമൂട് ജംക്ഷന് സമീപത്ത് വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം ഭാര്യയെ അന്വേഷിച്ചെത്തിയ കണ്ണൻ ഇവരെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപത്തെ വീട്ടിലെത്തി.മേസ്തിരിയായ പുരുഷൻ ഈ വീട്ടിൽ പശുത്തൊഴുത്ത് നിർമ്മിക്കുന്നതിന് അളവെടുക്കാൻ വന്നതായിരുന്നു. വെട്ടേറ്റ് ചോര വാർന്ന് നിലത്തുവീണ പുരുഷനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമികൾ വീടിന്റെ ജനൽചില്ലകളും തകർത്തു. അളുമാറിയായിരുന്നു അന്നത്തെ ആക്രമണം.

കഴിഞ്ഞ ദിവസം ചാത്തനാട് സ്വദേശി രാഹുൽ രാധാകൃഷ്ണനെ വീട്ടിൽക്കയറിയും കണ്ണൻ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണത്തിലാണു കണ്ണൻ കൊല്ലപ്പെട്ടത്. കണ്ണനും രാഹുലും ഒരേസംഘത്തിലായിരുന്നു. അടുത്തിടെയാണു ശത്രുതയിലായത്. മയക്കുമരുന്നും കഞ്ചാവും വിൽപ്പന നടത്തിയ കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇരുവരും അടുത്തിടെയാണു പുറത്തിറങ്ങിയത്. മൂന്നുവർഷം മുൻപു കണ്ണനെതിരേ സാക്ഷിപറഞ്ഞവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്. അന്നു വീടിനുസമീപത്ത് ഒളിച്ചിരുന്ന ഇവരെ പിടികൂടാൻ ചെന്നപ്പോഴാണ് രണ്ടുപൊലീസുകാരെ മഴുവിനു വെട്ടി പരിക്കേൽപ്പിച്ചത്.

ഇന്നലെ ഉച്ചയോടെ അരുണിന്റെ കൂട്ടാളികൾ അലക്‌സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. പകപോക്കലിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 2019 ൽ പോൾ എന്ന പൊലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുൺകുമാർ. ഗുണ്ടാസംഘത്തിൽ പെട്ട കണ്ണൻ മരണത്തിന് മുമ്പും മറ്റൊരു ഗുണ്ടയെ അക്രമിക്കാനായി പോയിരുന്നു. രാഹുൽ എന്ന മറ്റൊരു ഗുണ്ടയെ തേടിയാണ് കണ്ണന്റെ സംഘം എത്തിയത്. എന്നാൽ തേടി വന്ന രാഹുലിനെ കാണാതായപ്പോൾ കണ്ണൻ പ്രകോപിതനായി. ഇതിനെ തുടർന്ന് ആ സംഘത്തിൽ പെട്ട മറ്റൊരു യുവാവിനെ കാണാനും കൂട്ടാളികളും ചേർന്ന് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ പൊലീസ് ഇയാളെ അന്വേഷിച്ചെത്തിയെങ്കിലും അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ആക്രമണം നടന്നത്. എതിർസംഘം ബോംബെറിഞ്ഞതാണോ അതോ കണ്ണന്റെ കയ്യിലുണ്ടായിരുന്ന ബോംബ് തന്നെ പൊട്ടിയതാണോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. സ്‌ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്.

കഞ്ചാവും മയക്കുമരുന്നും ചെറിയരീതിയിൽ വിൽപ്പന നടത്തി പണമുണ്ടാക്കിയാണിവർ കഴിഞ്ഞിരുന്നത്. ഇതിനെ എതിർക്കുന്നവരെ കായികമായി നേരിടാനായാണ് ഇവർ ഗുണ്ടാസംഘങ്ങളുണ്ടാക്കിയത്. കൊല്ലപ്പെട്ട കണ്ണൻ മയക്കുമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്നു വിൽപ്പന നടത്തിയ കേസിൽ പലപ്പോഴും ഇയാൾ പിടിയിലായിട്ടുണ്ട്. ജയിലിൽനിന്നുപുറത്തുവന്നാലുടൻ ഇവർ വീണ്ടും പഴയ ബിസിനസ്സ് തുടങ്ങും. വലിയ ചുടുകാട് കേന്ദ്രീകരിച്ചാണ് കണ്ണനും കൂട്ടാളികളും പ്രവർത്തിച്ചിരുന്നത്. രാഹുൽ കണ്ണന്റെ അടുത്ത അനുയായിയായിരുന്നു. അടുത്തകാലത്താണ് ഇവർ പിണങ്ങിപ്പിരിഞ്ഞത്. ഇതിനെത്തുടർന്നു പലവട്ടം വഴക്കുണ്ടായി. വ്യാഴാഴ്ച വൈകീട്ട് രാഹുലിന്റെ വീടുകയറി നടത്തിയ ആക്രണമാണ് പ്രത്യാക്രമണത്തിലേക്ക് നീങ്ങാനിടയാക്കിയത്. അരുൺകുമാറിന്റ മകൾ അവന്തികയ്ക്ക് മൂന്നു വയസാണ് പ്രായം. ഭാര്യ വിനീത.

ഏറ്റുമുട്ടൽ നടന്നതിന്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട അരുൺ കുമാറിന്റെ വീട്. ഇരു വിഭാഗങ്ങളും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന മേഖലയായതിനാൽ തന്നെ ആക്രമണം നടന്നിട്ടും പൊലിസ് എത്തിയ ശേഷമാണ് സമീപവാസികൾ പുറത്തിറങ്ങിയത്.