- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരിൽ വില്ലയെന്ന് പത്രപ്പരസ്യം കണ്ട് വീണു പോയവരിൽ ഭൂരിപക്ഷവും പ്രവാസികൾ; ശാന്തിമഠം രാധാകൃഷ്ണൻ പറ്റിച്ച ദുബായ് മലയാളികൾ ഒരുമിക്കുന്നു; സംയുക്ത നിയമപോരാട്ടത്തിന് കളമൊരുങ്ങി
ദുബായ്: ഗുരുവായൂരപ്പന്റെ നാട്ടിൽ ഒരു വില്ലയെന്ന പരസ്യവാചകത്തിൽ വിശ്വസിച്ച് പണം നിക്ഷേപിച്ച് വെട്ടിലായവരിൽ ഏറെയും പ്രവാസികളാണ്. പ്രത്യേകിച്ച് ദുബായ് കേന്ദ്രീകരിച്ചവർ. ഇങ്ങനെ പണം പോയവർ ശാന്തിമഠം രാധാകൃഷണനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ശാന്തിമഠത്തിന്റെ മുനിമട റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ വില്ലകൾക്കു വേണ്ടി പണം നിക്ഷേപിച്ചു
ദുബായ്: ഗുരുവായൂരപ്പന്റെ നാട്ടിൽ ഒരു വില്ലയെന്ന പരസ്യവാചകത്തിൽ വിശ്വസിച്ച് പണം നിക്ഷേപിച്ച് വെട്ടിലായവരിൽ ഏറെയും പ്രവാസികളാണ്. പ്രത്യേകിച്ച് ദുബായ് കേന്ദ്രീകരിച്ചവർ. ഇങ്ങനെ പണം പോയവർ ശാന്തിമഠം രാധാകൃഷണനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ശാന്തിമഠത്തിന്റെ മുനിമട റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ വില്ലകൾക്കു വേണ്ടി പണം നിക്ഷേപിച്ചു വെട്ടിലായ പ്രവാസി മലയാളികളാണ് നിയമനടടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. അനധികൃത നിർമ്മാണത്തിന്റെ പേരിൽ പാതിവഴിയിൽ മുടങ്ങിയ പദ്ധതി പുനരാരംഭിക്കണമെന്നും തങ്ങളുടെ സ്ഥലവും വില്ലയും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകാനാണ് ഇവർ ഒരുങ്ങുന്നത്. ശാന്തിമഠത്തിന്റെ വഞ്ചനയ്ക്ക് ഇരയായവരാണ് പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഇവർക്കുവേണ്ടി ഹാജരാകുന്ന അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. നേരത്തേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പരാതി നൽകിയിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താമസിക്കുന്ന, കേരളത്തിലെ വിവിധ ജില്ലക്കാരായ സ്ത്രീകളടക്കമുള്ള 70 പേരാണു തട്ടിപ്പിനിരയായത്. തങ്ങളടക്കം നാട്ടിലുള്ള 272 പേർ 150 കോടിയിലേറെ രൂപ ശാന്തിമഠം മുനിമട പദ്ധതിയുടമ രാധാകൃഷ്ണു നൽകിയതായി ഇവർ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് ആറു കിലോമീറ്റർ ദൂരെ കണ്ടാണിശേരി പഞ്ചായത്തിൽപ്പെട്ട മുനിമടയിലെ 12 ഏക്കർ സ്ഥലത്തായിരുന്നു വില്ല പദ്ധതി. 25 ലക്ഷം മുതൽ ഒരുകോടി രൂപ വരെയായിരുന്നു വില. പ്രതിമാസം 25,000 രൂപ വരെ വാടക ലഭിക്കുമെന്നും പറഞ്ഞിരുന്നു.
വില്ല വാങ്ങുന്നവർക്കു തമിഴ്‌നാട്ടിലടക്കം സൗജന്യ ഭൂമി നൽകാമെന്നും പറഞ്ഞു. എന്നാൽ, പണം നൽകി അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഒരു വില്ല മാത്രമാണു പൂർത്തിയായത്. തങ്ങളുടെ അനുമതികൂടാതെയാണു നിർമ്മാണം ആരംഭിച്ചതെന്നു പറഞ്ഞു പഞ്ചായത്ത് അധികൃതരും സംരക്ഷിത മേഖലയ്ക്കടുത്താണു പദ്ധതിയെന്നു കാണിച്ചു പുരാവസ്തു വിഭാഗവും കോടതിയിൽനിന്നു സ്റ്റേ വാങ്ങിയതോടെയാണു നിർമ്മാണം സ്തംഭിച്ചത്. സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടി നിക്ഷേപകർ ഹൈക്കോടതിയുടെ കീഴിലുള്ള കെൽസയെ സമീപിച്ചു.
എന്നാൽ പുരാവസ്തു വകുപ്പിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി, ശാന്തിമഠം അധികൃതർ കാലുമാറി. പാപ്പർ ഹർജി നൽകുകയും ചെയ്തു. എന്നാൽ, നാട്ടിലെ നിക്ഷേപകർ കേസ് നൽകിയതിനെത്തുടർന്നു രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസിൽ ആറുമാസം തടവുശിക്ഷ ലഭിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം താൻ പാപ്പരാണെന്നു പറഞ്ഞു കോടതിയെ സമീപിച്ചിരിക്കുകയാണു രാധാകൃഷ്ണൻ.
പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പരസ്യങ്ങൾ നൽകിയും അതുവഴി ധനസമാഹരണം നടത്തിയുമാണ് ശാന്തിമഠം വൻകിട ബിൽഡറായത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ കേരളത്തിൽ കുതിച്ചുചാട്ടമുണ്ടായ വേളയിലായിരുന്നു ശാന്തിമഠത്തിന്റെ വളർച്ചയും. അതുകൊണ്ട് തന്നെ അതിവേഗം കേരളത്തിലെ മുതിർന്ന ബിൽഡർമാരുടെ സ്ഥാനത്തെത്തി. ഇതിനെതിരെ ചിലരൊക്കെ പരാതിയുമായി വന്നപ്പോൾ അധികാരവും പണവും കൊണ്ട് കേസുകൾ ഒതുക്കി. ഒടുവിൽ കൈരളി ചാനലിന്റെ റിയാലിറ്റി ഷോയിൽ അന്ധഗായകർക്ക് സമ്മാനമായി പ്രഖ്യാപിച്ച വില്ല കിട്ടാതെ വന്നതോടെയാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഓൺലൈൻ മാദ്ധ്യമങ്ങൾ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് ചെയ്തപ്പോഴും മുഖ്യധാരാ മാദ്ധ്യമങ്ങൾ പണത്തിന്റെ മറവിൽ മിണ്ടാതിരുന്നു. ഒടുവിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾക്കും ശാന്തിമഠത്തിന്റെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടി വന്നു.
തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടി ആഡംബര വില്ലകൾ നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് നൂറുകണക്കിനാളുകളിൽ നിന്ന് കോടികൾ തട്ടിയെന്ന പരാതിയാണ് ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിനും അതിന്റെ ഉടമയായ രാധാകൃഷ്ണനുമെതിരെ നിലനിൽക്കുന്നത്. ഗുരുവായൂർ കുന്നംകുളം പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ മാത്രമായി ഏകദേശം 140 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.