ന്യൂഡൽഹി: പ്രകടനം മോശമായാൽ വിരമിക്കണമെന്നു ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവ് വീസ് പേസ്. ലിയാൻഡറിന്റെ ഭാവി അടുത്ത വർഷത്തെ റിയോ ഒളിമ്പിക്‌സിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ആകുമെന്നും വീസ് പെയ്‌സ് പറഞ്ഞു.

ഒളിമ്പിക്‌സിൽ മികച്ച പ്രകടനം നടത്താനായില്ലെങ്കിൽ ലിയാൻഡർ കളി നിർത്തണം. ഇന്ത്യക്കായി ഒളിമ്പിക്‌സിൽ മെഡൽ നേടുന്നതിലാണ് മകന്റെ ഇപ്പോഴത്തെ ശ്രദ്ധ. നിലവിലെ ഫോമിൽ കളിച്ചാൽ ഈ സ്വപ്നം നേടാനാകുമെന്നും വീസ് പറഞ്ഞു. അടുത്ത വർഷത്തെ ഒളിമ്പിക്‌സിൽ പങ്കെടുക്കാനായാൽ 43 വയസുകാരനായ പെയ്‌സിന്റെ ഏഴാം ഒളിമ്പിക്‌സായിരിക്കുമത്.

1992 ലെ ബാഴ്‌സലോണ ഒളിമ്പിക്‌സിലാണ് പെയ്‌സ് ആദ്യമായി കളിക്കുന്നത്. യുഎസ് ഓപ്പണിൽ മാർട്ടിന ഹിംഗിസുമൊത്ത് മിക്‌സഡ് ഡബിൾസ് കിരീടമുൾപ്പെടെ നേടിയ ലിയാൻഡർ നിലവിൽ മികച്ച ഫോമിലാണ്.