- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ലീനയ്ക്കും ഭർത്താവ് സുകാഷിനും വിനയായി നോറ ഫത്തേഹിയുടെ മൊഴികൾ; ജാക്വിലിനും നടത്തിയത് നിർണ്ണായക വെളിപ്പെടുത്തലുകൾ; വഞ്ചിക്കപ്പെട്ട കഥ പറഞ്ഞ് ബോളിവുഡ് നടികൾ; തട്ടിപ്പ് കേസിൽ മലയാളികൾക്ക് കരുക്ക് മുറുക്കാൻ ഇഡിയും
ന്യൂഡൽഹി: മലയാളി നടി ലീന മരിയ പോളിനും ഭർത്താവ് സുകാഷ് ചന്ദ്രശേഖറിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി നടിയും നർത്തകിയുമായ നോറ ഫത്തേഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. വ്യാഴാഴ്ച രാവിലെയാണ് ഡൽഹിയിലെ ഇഡി ഓഫിസിൽ നടി ഹാജരായത്. ലീനയ്ക്കും സുകാഷിനുമായെ നിർണ്ണായക മൊഴികൾ ഫത്തേഹി നൽകിയെന്നാണ് സൂചന..
ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തതിന് ലീനയേയും സുകാഷിനേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിലാണ് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേകം വിഭാഗം അറസ്റ്റു ചെയ്തത്.
ലീനയ്ക്കും സുകാഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ഡൽഹി പൊലീസ് എഫ്‌ഐആറിൽ ചുമത്തിയിരിന്നു. ഇഡി ഈ എഫ്ഐആർ ശ്രദ്ധയിൽപ്പെട്ടതോടെ, ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാൻ നോറയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു ജാക്വിലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നോറയേയും ജാക്വിലിനെയും സുകാഷ് വഞ്ചിച്ചെന്നാണ് നിഗമനം. സുകാഷ്, ബിജെപിയുടെ പാർട്ടി ഫണ്ടിലേക്കാണെന്നു പറഞ്ഞു 2020 ജൂൺ മുതൽ 30 തവണകളായി 200 കോടി രൂപ തട്ടിയെടുത്തെന്നാണ് അതിഥി സിങ്ങിന്റെ പരാതി. ജയിലിലായിരുന്ന ശിവിന്ദർ സിങ്ങിന് ജാമ്യം നേടിതരാമെന്നു പറഞ്ഞാണ് പണം തട്ടിയത്. നിയമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്നു വ്യാജേനെയായിരുന്നു തട്ടിപ്പ്.
കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തുർ ശാഖയിൽ നിന്നു 19 കോടി രുപയും വസ്ത്ര വ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ സുകേഷും ലീനയും 2013ൽ അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെ പാർട്ടി ചിഹ്നമായ 'രണ്ടില' നിലനിർത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശശികലയുടെ സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും ഇവർക്കെതിരെയുണ്ട്.
സുകേഷ് തിഹാർ ജയിലിലായിരുന്ന കാലത്ത് ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടി പാർലറിൽ രവി പൂജാരയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയിരുന്നു. സുകേഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇ.ഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തിരുന്നു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ