മുംബൈ: നടി ലീന മരിയ പോൾ ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പു കേസ് അന്വേഷണം ബോളിവുഡിലേക്ക്. ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ജാക്വിലിൻ ഫെർണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇഡിയുടെ നടപടി.

വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികൾ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദറിന്റെ ഭാര്യയിൽനിന്നു 200 കോടി തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവിൽ അറസ്റ്റിലായത്. മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്.

കഴിഞ്ഞ ദിവസം സുകാഷും ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും ഒന്നിച്ചുള്ള സ്വകാര്യ ഫോട്ടോകൾ പുറത്തായി. സുകാഷ്, ജാക്വിലിനെ ചുംബിക്കുന്ന മിറർ സെൽഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളിൽ ഇറങ്ങിയ സമയത്ത് എടുത്തതാണു സെൽഫി. ചെന്നൈയിൽവച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും കിട്ടിയെന്നാണ് സൂചന.

ഫോട്ടോയിൽ കാണുന്ന ഫോൺ ഉപയോഗിച്ചാണ് സുകാഷ് തട്ടിപ്പിനായി ജയിലിൽനിന്നു വിളിച്ചിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച ഇസ്രയേൽ സിം കാർഡ് ഉപയോഗിച്ചു പ്രവർത്തിപ്പിച്ചിരുന്നത് ഈ ഫോണിലായിരുന്നു. സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അവാസ്തവമാണെന്നു നടി ജാക്വിലിൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ പുറത്തു വന്നത്.

സുകാഷ് ചന്ദ്രശേഖർ തിഹാർ ജയിലിൽ കൈക്കൂലിയായി കോടികൾ പൊടിപൊടിച്ചെന്ന് റിപ്പോർട്ട്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനും പ്രത്യേക സെല്ലിൽ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴിയാണ് ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താൻ പ്രതിക്ക് കഴിഞ്ഞതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിഹാർ ജയിലിൽ ഒരു ബാരക്കിൽ ഒറ്റയ്ക്കായിരുന്നു സുകാഷിന്റെ വാസം. ഇവിടെ മൊബൈൽ ഫോൺ ഉപയോഗിക്കാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും ജയിൽ അധികൃതർ ഒത്താശചെയ്തു.

രണ്ടാഴ്ചത്തേക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി. ഇത്തരത്തിൽ മാസത്തിൽ കോടിക്കണക്കിന് രൂപയാണ് ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയിരുന്നത്. തട്ടിപ്പ് നടത്താനായി സുകാഷ് ഉപയോഗിച്ച മൊബൈൽ ഫോണും വിദേശ സിംകാർഡും ജയിൽ ഉദ്യോഗസ്ഥരാണ് നൽകിയത്. ഇടയ്ക്ക് ചില അതിഥികളും ഇയാളെ കാണാൻ ജയിലിലെ ബാരക്കിൽ എത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരടക്കം 14 പേരെയാണ് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.