- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂൻനിര നായികമാർക്ക് പോലും സ്വപ്‌നം കാണാൻ കഴിയാത്ത വീട്; 16ഓളം ആഡംബര കാറുകളുടെയും ശേഖരം; തട്ടിപ്പുവീരൻ സുകാഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ഇഡി; ദുരൂഹകളൊഴിയാതെ ലീന മരിയപോൾ
ചെന്നൈ: സിനിമയെക്കാൾ ഉപരി ലീന മരിയപോൾ ശ്രദ്ധനേടിയത് ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിന്റെ പേരിലായിരുന്നു.കേസിൽ അന്വേഷണം പുരോഗമിച്ചപ്പോഴും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ആർക്കും പിടികൊടുക്കാതെ മാറിമാറിപ്പോവുകയായിരുന്നു ലീന.എന്നാൽ നടിയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഒക്കെത്തന്നെയും ദൂരുഹത നിറഞ്ഞതാണ്.വെടിവെപ്പ് കേസിലെ വിവാദങ്ങൾ തുടരവേയാണ് സുകാഷുമായുള്ള ബന്ധത്തിൽ ലീനയ്ക്ക് കുരുക്കുമുറുകുന്നത്.ഇപ്പോൾ പുറത്ത് വരുന്നത് തട്ടിപ്പുവീരൻ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങളാണ്. ഏതാനും മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തിട്ടുള്ള നടിക്ക് സ്വന്തമായുള്ളത് ഒരു സുപ്പർ താരത്തിനുപോലും സ്വപ്‌നം കാണാൻ കഴിയാത്ത സൗകര്യങ്ങളാണ്.
തിഹാർ ജയിലിൽ കിടന്നു സുകാഷ് നടത്തിയ 200 കോടിയുടെ സാമ്പത്തികതട്ടിപ്പ് അന്വേഷണവും ഇപ്പോൾ ലീനയിലെത്തി നിൽക്കുന്നു. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണിയിലെ ജയിലിലാണ്.കൂട്ടാളി സുകാഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുമ്പോഴും ലീനയ്ക്ക് അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയായിരുന്നു ഇഡി സംഘം ചെന്നൈയിലെ നടിയുടെ വീട്ടിലെത്തിയത്.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇഡിക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ചെന്നൈ നഗരത്തിൽ കടലിനഭിമുഖമായുള്ള ആഡംബര വീടിന് കുറഞ്ഞത് 15 കോടി രൂപയാണു വില. ഈ വീട്ടിൽ സഹായികൾക്കും അംഗരക്ഷകർക്കുമൊപ്പം കഴിയവെയാണ് ലീനയെ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തിയത്. വീടിനു പുറമേ 16 ആഡംബര കാറുകൾ, 2 കിലോ സ്വർണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വൻശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി. റോൾസ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോർഗിനി ഉറൂ, എസ്‌കലേഡ്, മെഴ്‌സിഡീസ് എഎംജി 63 എന്നിവയുൾപ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളർ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ട്. സുകാഷും ലീനയും ചേർന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നുമാണ് ഇഡിയുടെ നിഗമനം.
സുകാഷിന്റെ കൂട്ടാളിയും സ്വകാര്യ ബാങ്ക് പ്രസിഡന്റുമായ കോമൾ പോദറിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലീനയുടെ വീട്ടിലെ ഇപ്പോഴത്തെ തിരച്ചിൽ. ദുബായിൽ പഠിച്ച ലീന, ബിഡിഎസ് പൂർത്തിയാക്കി ഡെന്റിസ്റ്റ് ആകാനുള്ള ഒരുക്കത്തിലായിരുന്നത്രേ. ഇതിനിടെ, മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ, കോബ്ര, മദ്രാസ് കഫെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.ഇതോടെയാണ് സുകാഷുമായി അടുത്ത് തട്ടിപ്പിലേക്കു തിരിഞ്ഞത്.ലീന അറസ്റ്റിലായപ്പോൾ ചെന്നൈ പൊലീസ് കേസ് ഫയലിൽ ഉൾപ്പെടുത്തിയത് തൃശൂരിലെ വിലാസമാണ്. എന്നാൽ, കുടുംബം കോട്ടയത്താണെന്നു പിന്നീടു വിവരങ്ങൾ ലഭിച്ചു. ബ്യൂട്ടിപാർലർ ഉൾപ്പെടെയുള്ള ബിസിനസുകൾ കൊച്ചി കേന്ദ്രീകരിച്ചാണ്.
കടവന്ത്രയിൽ ലീന നടത്തിയിരുന്ന ബ്യൂട്ടിപാർലറിലേക്ക് രവി പൂജാരി സംഘം 2017ൽ വെടിവയ്പ് നടത്തിയെന്ന കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. സുകാഷ് ജയിലിലായതോടെ കണക്കറ്റ സ്വത്ത് ലീനയുടെ കൈവശമായെന്നു കരുതിയ രവി സംഘം, 25 കോടി ആവശ്യപ്പെട്ടെന്നാണു റിപ്പോർട്ട്. ഇതിനിടെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേരളത്തിലെ ചിലരുമായി ലീന സംസാരിച്ചതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.
വായ്പത്തട്ടിപ്പിൽ തുടങ്ങി ആൾമാറാട്ടം വരെ... സുകാഷ് വളർന്ന വഴി
പതിനേഴാം വയസ്സിൽ സാമ്പത്തികത്തട്ടിപ്പിലേക്കു തിരിഞ്ഞ സുകാഷ് (ബാലാജി), ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതബന്ധങ്ങളും തുറുപ്പുചീട്ടാക്കിയാണ് തട്ടിപ്പുകൾക്കു കളമൊരുക്കിയത്. 31 വയസ്സിനിടെ ഇരുപതോളം തട്ടിപ്പു കേസുകൾ സ്വന്തം പേരിലുണ്ട്. ബെംഗളൂരു വികസന അഥോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്.ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽ നിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിവയുടെ പേരിൽ 2013 ലാണു ലീനയും സുകാഷും അറസ്റ്റിലായത്. അന്ന് 9 ആഡംബര കാറുകളും തോക്കുകളുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും തട്ടിപ്പു തുടർന്നു.
ഇതിനിടെയാണ്, രണ്ടില ചിഹ്നം നിലനിർത്താൻ ശശികലയെയും സംഘത്തെയും സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് 50 കോടി തട്ടിയത്.സാമ്പത്തിക തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയവെ, ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയായിരുന്നു സുകാഷിന്റെ പിന്നീടുള്ള തട്ടിപ്പ്. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ടെൻഡർ, ക്വട്ടേഷൻ പരസ്യങ്ങൾ തിരഞ്ഞു കണ്ടെത്തുകയാണ് ആദ്യപടി. തുടർന്ന് പരസ്യത്തിൽ ഒപ്പുവച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെന്ന പേരിൽ കമ്പനി ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് കരാർ നൽകാമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. അനധികൃത സ്വത്തിനെതിരെ ക്രിമിനൽ നടപടികൾക്കു സാധ്യതയുണ്ടെന്നും രക്ഷിക്കാമെന്നും ഓഫർ നൽകി വ്യവസായികളിൽ നിന്നു പണം തട്ടിയിരുന്നതും ജയിലിൽ കിടന്നു തന്നെ.
മറുനാടന് മലയാളി ബ്യൂറോ