പത്തനംതിട്ട: എത്ര കണ്ടാലും കൊണ്ടാലും മലയാളികൾ പഠിക്കില്ല. അതുകൊണ്ടാണല്ലോ ലിംഗം വളരാനും സ്തനത്തിന് വലിപ്പം കൂട്ടാനുമുള്ള മരുന്നുണ്ടാക്കി വിറ്റ് ഓരോരുത്തർ കോടികൾ സമ്പാദിക്കുന്നത്. ഇവിടെ ഇതാ, അടൂരിൽ മാവേലിയുടെ പേരിലും തട്ടിപ്പ്. മുടിവളരാനൊരിടം എന്ന പരസ്യം കണ്ട് മാവേലിൽക്കാരുടെ എണ്ണ പുരട്ടുമ്പോൾ എള്ളോളമില്ല പൊളിവചനം എന്ന വിശ്വാസമായിരുന്നു വീട്ടമ്മമാർക്ക്. എന്തായാലും എണ്ണ പുരട്ടി ഒരു മാസം കഴിഞ്ഞപ്പോൾ ഫലമുണ്ടായി! ഉണ്ടായിരുന്ന കാർകൂന്തൽ കൂടി ഇവർക്ക് നഷ്ടമായി. ഇപ്പോൾ കമ്പനിക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് വഞ്ചിതരായവർ.

മുടി വളരാൻ എണ്ണ പുരട്ടി ഉള്ളതും കൊഴിഞ്ഞു പോയ വീട്ടമ്മമാർ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിനെ സമീപിച്ചിരിക്കുകയാണ്. അടൂർ മരുതിമൂടിന് സമീപമാണ് മാവേലിൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. മുടി വളരാൻ, മുടിക്കു വേണ്ടി ഒരിടം എന്ന തലക്കെട്ടിൽ പരസ്യം നൽകിയാണ് തട്ടിപ്പു നടത്തുന്നത്. അടൂർ സ്വദേശികളായ മൂന്ന് വീട്ടമ്മമാരാണ് ഇതിനെതിരേ പരാതി നൽകിയിരിക്കുന്നത്. പരസ്യം കണ്ട് സ്ഥാപനത്തിലെത്തിയ ഇവർ ഇവിടെനിന്നും 300 രൂപ നൽകിയാണ് ഹെയർ ഓയിൽ വാങ്ങിയത്.

എന്നാൽ ഇതു പുരട്ടുമ്പോൾ പെട്ടെന്ന് മുടിവളരുകയും പുരട്ടാതിരിക്കുമ്പോൾ പൂർണമായി കൊഴിയുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്റെ നിർദ്ദേശാനുസരണം ഒരു വീട്ടമ്മ മൂന്നു കുപ്പി ഹെയർ ഓയിൽ തുടർച്ചയായി ഉപയോഗിച്ചു. ഉപയോഗശേഷമുള്ള ദിവസങ്ങളിൽ ഇവരുടെ മുടി കൊഴിയാൻ തുടങ്ങുകയും തലയിൽ കുരുക്കൾ ഉണ്ടാവുകയും ചെയ്തു. ഈ ഹെയർഓയിൽ ഉപയോഗിച്ച് മുടി കൊഴിഞ്ഞവർ നിരവധിപേരാണ്, നാണക്കേട് ഓർത്ത് സംഗതി പുറത്തു പറയാതിരിക്കുകയാണ് പലരും. പരാതിയുമായി ഇനി കൂടുതലാളുകൾ രംഗത്തെത്തുമെന്നാണറിവ്.

ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളുണ്ടായിട്ടും പത്രമാദ്ധ്യമങ്ങളുടെ വായ സ്ഥാപനമുടമ പരസ്യം നൽകി തുന്നിക്കെട്ടിയിരിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ റോഡിന്റെ ഓരങ്ങളിൽ പതിനായിരക്കണക്കിന് പരസ്യബോർഡുകളാണ് മുടിവളരാൻ മുടിക്കുവേണ്ടി ഒരിടം എന്ന് രേഖപ്പെടുത്തി സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോൾ ഇതേ ബോർഡുകൾ ശബരിമലപാതകളിലും സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പി.ഡബ്ല്യു.ഡിയുടെ ബോർഡുകൾ മറച്ചാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇത്രയും വലിയ പരസ്യം കണ്ട് ഹെയർ ഓയിൽ വാങ്ങിയവരും ഉണ്ട്. ഇതിന്റെ ലൈസൻസ് മറ്റൊരു സ്ഥാപനത്തിന്റെ പേരിലുള്ളതാണെന്ന് പറയപ്പെടുന്നു. ഹെയർഓയിൽ നിർമ്മാണത്തിന് ലൈസൻസ് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഭരണപക്ഷത്തെ പ്രമുഖരുടെ ഒത്താശയോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.