കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് നടൻ ആസിഫലിക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്. ആസിഫലിയുടെ ഉടമസ്ഥതയിൽ കൊച്ചിയിലെ പമ്പമ്പള്ളി നഗറിലുള്ള വാഫ്ൾ സ്ട്രീറ്റ് എന്ന റെസ്റ്റോറന്റാണ് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് കാണിട്ട് വീട്ടുടമ വക്കീൽ മുഖേന നോട്ടീസ് നൽകിയിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് ആസിഫലും അദ്ദേഹത്തിന്റെ കുട്ടൂകാരും ചേർന്ന് തുടങ്ങിയ സ്ഥാപനമാണ് എത്രയും വേഗം ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരിക്കുന്നത്. വാടകയും കറന്റ് ബില്ലും വാട്ടർബില്ലും അടക്കുന്നതിൽ വീഴ്‌ച്ച വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. 6.34 ലക്ഷം രൂപ വാടക ഇനത്തിൽ മാത്രം നൽകാനുണ്ടെന്നാണ് വീട്ടുമ പറയുന്നത്.

നോട്ടീസ് ലഭിച്ച 15 ദിവസത്തിനകം കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ കെട്ടിടത്തിന് വരുത്തിയ നഷ്ടങ്ങൾ എന്ന നിലയിൽ 1.50 ലക്ഷം രൂപ നൽകണമെന്നും ആസിഫിനോടും കൂട്ടാളികളോടും കെട്ടിട ഉടമ അബദ്ുൾ സലാം ആവശ്യപ്പെട്ടു. അതേസമയം തങ്ങളെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് വീട്ടുടമ നടത്തുന്നതെന്നാണ് ആസിഫിന്റെ പാർട്ടണർ ബ്രിജീഷ് മുഹമ്മദ് ആരോപിക്കുന്നത്. എന്നാൽ, തങ്ങളുടെ ഭാഗത്തു നിന്നും വീഴ്‌ച്ച ഉണ്ടായില്ലെന്നുമാണ് ബ്രിജീഷ് പറയുന്നത്. 80 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താണ് മുറി വാടകയ്ക്ക് എടുത്തതെന്നും അദ്ദേഹം പറയുന്നു.

ഒഴിയാൻ നിർദ്ദേശിച്ചുള്ള നോട്ടീസിനെതിരെ കോടതിയെ സമീപിച്ച് തങ്ങൾ താൽക്കാലിക സ്‌റ്റേ വാങ്ങിയെന്നും ബ്രിജീഷ് അവകാശപ്പെട്ടു. നിയമം അനുസരിച്ചേ മുൻപോട്ട് പോകാൻ സാധിക്കൂവെന്നും ആസിഫിന്റെ പാർട്‌നർ വ്യക്തമാക്കി. അതേസമയം വീട്ടുടമ അബ്ദുൾ സലാമും ഭാര്യ ഷിറീന അബ്ദുൾ സലാമും അഡ്വ. ഷാജി മുഖേനയാണ് വക്കീൽ നോട്ടീസ് നൽകിയിരുന്നത്. ആസിഫലിയും കൂട്ടാളികളും ആദ്യ മാസം മുതൽ വാടകയുടെ കാര്യത്തിൽ വീഴ്‌ച്ച വരുത്തിയിരുന്നു എന്നാണ് കുടിയൊഴിപ്പിക്കൽ നോട്ടീസിൽ പറയുന്നത്.

ആസിഫിനെ കൂടാതെ മൂന്ന് പാർട്‌നർമാരും ചേർന്നാണ് വാഫ്ൾ സ്ട്രീറ്റ് റെസ്റ്റോറന്റ് നടത്തുന്നത്. വാടകയ്ക്ക് നൽകി രണ്ടാമത്തെ മാസം നൽകിയ ചെക്ക് പോലും മടങ്ങുകയുണ്ടായതെന്നും വീട്ടുടമ പറയുന്നു. പിന്നീട് ഇത് പതിവായി മാറുകയാണ് ഉണ്ടായത്. ഇങ്ങനെ വാടകയുടെ കാര്യത്തിൽ വീഴ്‌ച്ച വരുത്തി മുന്നോട്ടു പോകാൻ സാധിക്കില്ല എന്നതു കൊണ്ടാണ് ഇപ്പോൾ നിയമപരമായി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നതെന്നുമാണ് ഉടമ വ്യക്തമാക്കുന്നത്.

വീട്ടുടമയായ തന്റെ അനുമതിയില്ലാതെ സിനിമാ ഷൂട്ടിംഗിനും മറ്റും റെസ്‌റ്റോറന്റ് ഉപയോഗപ്പെടുത്തുന്നു എന്നും ഇതിനായി പണം വാങ്ങുന്നു എന്നും വക്കീൽ നോട്ടീസിൽ പറയുന്നു. യുവാക്കളെ ലക്ഷ്യമിട്ട് ആരംഭിച്ച റെസ്റ്റോറന്റ് വിദേശ മാതൃകയിലാണ് തയ്യാറാക്കിയത്. കൊച്ചിയിലെ യുവാക്കളുടെ ഒരു കേന്ദ്രമായി തന്നെ ഈ റെസ്റ്റോറന്റ് മാറിയിരുന്നു. ബെൽജിയൻ വിഭവങ്ങൾ അടക്കമുള്ള വിദേശ ഭക്ഷണങ്ങൾ വാഫ്ൾ സ്ട്രീറ്റിൽ ലഭ്യമായിരുന്നു.

വീട്ടുടമയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് സ്ഥാപനം ഒഴിയേണ്ട സാഹചര്യം ഉണ്ടായാൽ അത് ആസിഫലിക്കും നാണക്കേടാകും. അതേസമയം വീട്ടുടമയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് ആസിഫലി ഇതുവരെ പ്രതികരിച്ചിട്ടില്ല.