ന്യൂഡൽഹി: രാജ്യത്ത് കഞ്ചാവും ഹെംപും നിയമാനുസൃതമാക്കണമെന്ന ആവശ്യവുമായി ദ ഗ്രേറ്റ് ലീഗലൈസേഷൻ മൂവ്‌മെന്റ് ഇന്ത്യയുടെ ക്യാമ്പെയ്ൻ. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയും മുംബൈയും പൂനയും കൊൽക്കത്തയും ചെന്നൈയുമുൾപ്പെടെ നഗരങ്ങളിൽ ഇന്ന് വൈകീട്ട് 4.20 മുതൽ 6.20 വരെ ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് ലീഗലൈസേഷൻ മൂവ്‌മെന്റ് മീറ്റ് ഹാഷ് 2 എന്ന പേരിൽ പ്രചരണം സംഘടിപ്പിച്ചത്.

വാരണാസി, മണാലി, ജയ്പൂർ, ഇൻഡോർ, അഹമ്മദാബാദ്, ഭുവനേശ്വർ, ഷില്ലോങ്, ഹൈദരാബാദ്, എന്നിവിടങ്ങളാണ് മീറ്റിങ് പോയന്റുകളായി നിശ്ചയിച്ചത്. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കഴിഞ്ഞ ഡിസംബർ 12ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് ലീഗലൈസേഷൻ മൂവ്‌മെന്റിന്റെ അറിയിപ്പ്. എല്ലാ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങൾക്കും ഇത്തരമൊരു കത്ത് അയച്ചതായും മൂവ്‌മെന്റ് സ്ഥാപകൻ വിക്കി വൗറോറയുടെ പേരിൽ ജിഎൽഎം-ഇന്ത്യ ഡോട് കോമിൽ അറിയിച്ചിട്ടുമുണ്ട്.

ഭാരതത്തിൽ വേദങ്ങളിലും ആയുർവേദത്തിലും വിജയയെന്നും ഭാംഗ് എന്നുമെല്ലാം പറയുന്ന കഞ്ചാവിനെ പരാമർശിച്ച് അതിനെ നിയമാനുസൃതം ഉപയോഗിക്കാവുന്ന നിലയിൽ ആക്കണമെന്നാണ് ആവശ്യം. ഈ സസ്യത്തിന്റെ രോഗചികിത്സാ ഗുണവിശേഷങ്ങൾ നമ്മുടെ നാട്ടിൽ 1985 വരെ ഉപയോഗപ്പെടുത്തിയിരുന്നു എന്നും എന്നാൽ ആ വർഷം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിൽ സർക്കാർ ഈ ചെടിയെ ഉൾപ്പെടുത്തിയതോടെ ഈ ഉപയോഗവും സാധ്യതയും നിലയ്ക്കുകയായിരുന്നു എന്നും കത്തിൽ പറയുന്നു. കാൻസർ, എച്ച്‌ഐവി, ഓട്ടിസം, അപസ്മാരം, നാഡീപരമായ രോഗങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന ഔഷധമാണ് ഇത്തരത്തിൽ നിരോധിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയാണ് കത്ത്.

ശക്തമായൊരു വേദനാസംഹാരിയാണ് കഞ്ചാവ് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതിന്റെ മേൽ നിരോധനം ഏർപ്പെടുത്തിയത് ജീവിക്കാനുള്ള അവകാശത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം ഇത്തരമൊരു കത്തു നൽകിയതിന് പിന്നാലെയാണ് ഇന്ന് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 16 നഗരനങ്ങളിൽ കഞ്ചാവ് നിയമനാസൃതം ആക്കണമമെന്ന ആവശ്യമുയർത്തി കാമ്പെയിൻ ജിഎൽഎം നടത്തുന്നത്.

മഹത്തായ ഈ ഔഷധസസ്യത്തെ നിയമാനുസൃതം ഉപയോഗിക്കാവുന്ന വിധത്തിൽ അമേരിക്കയും കാനഡയും യുകെയും ആസ്‌ട്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമപരമായി അനുവാദം നൽകാൻ നടപടി സ്വീകരിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചുള്ള കത്തും അഭിപ്രായ രൂപീകരണത്തിന് നഗരങ്ങളിലെ കേന്ദ്രങ്ങളിൽ എത്താനും അഭ്യർത്ഥിച്ചുള്ള അറിയിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്.