കൊച്ചി: യാത്രക്കാരൻ തളർന്ന് വീണിട്ടും ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തിയില്ല. ട്രിപ്പുമുടങ്ങുമെന്ന കാരണം പറഞ്ഞ് തളർന്നു വീണ യാത്രക്കാരനേയും കൊണ്ട് അവർ യാത്ര തുടർന്നു. അങ്ങനെ കൊച്ചി നഗരത്തിലൂടെ സ്വകാര്യ ബസ് അര മണിക്കൂർ ഓടിയപ്പോൾ പൊലിഞ്ഞത് ഒരു ജീവനാണ്. വഴിയിൽ ഇറക്കിയ യാത്രക്കാരൻ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. വയനാട് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്.

പലതവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയിൽ ഇറക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണം.
ശനിയാഴ്ചയായിരുന്നു ബസിൽ ക്രൂരത അരങ്ങേറിയത്. എം.ജി റോഡിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് ലക്ഷ്മണൻ കയറിയത്. ഷേണായീസ് ബസ് സ്റ്റോപ്പിനടുത്തുവച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്. പിന്നീട് അപസ്മാരമുണ്ടാകുകയും ചെയ്തു.

ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചത്, അതുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും ട്രിപ്പ് മുടക്കാൻ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഉണരുമ്പോൾ അയാൾ എഴുനേറ്റു പോവുമെന്ന് കണ്ടക്ടർ പറഞ്ഞു. യാത്രക്കാരൻ ബഹളം വെച്ചതിനേത്തുടർന്ന് ഇടപ്പള്ളി പള്ളിക്കുമുമ്പിൽ തളർന്നു കിടന്ന ലക്ഷ്മണനെ ഇറക്കിവിട്ടു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേക്കും മുക്കാൽ മണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മണൻ മരിച്ചു.

കുഴഞ്ഞു വീണ രോഗിയുമായി ഷേണായീസ് മുതൽ ഇടപ്പള്ളിവരെ ആറിലേറെ ആശുപത്രികൾക്കു മുന്നിലൂടെയാണ് ബസ് യാത്ര ചെയ്തത്. എന്നിട്ടും ബസ് നിർത്തി ഗുരുതരാവസ്ഥയിലായ യാത്രക്കാരന് ചികിത്സ നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം. ലക്ഷ്മണന്റെ ബന്ധുക്കൾ എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കൊച്ചിയിൽ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

ആലുവയിലെ ഷാജിയെന്ന ആളുടെ ഉടമസ്ഥതയിലുള്ള  ചെന്താര എന്ന ബസിലായിരുന്നു ലക്ഷ്മണന്റെ മരണത്തിലേക്കുള്ള യാത്ര. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബസിലെ ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.