പത്തനംതിട്ട: 20 കോടി രൂപയുടെ ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തി യു.എ.ഇയിലേക്ക് മുങ്ങിയ കുടുംബത്തിനെ അവസാനം പൊക്കി പൊലീസ്. 10 വർഷത്തിനു ശേഷമാണ് പ്രതികൾ കഴിഞ്ഞ ദിവസം ഇന്റർപോളിന്റെ കയ്യിലെത്തുന്നത്. ഭാര്യയും ഭർത്താവുമടങ്ങുന് കുടുംബമാണ് തട്ടിപ്പ് സംഘത്തിലുള്ളത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 2007 ൽ വിവിധ തട്ടിപ്പുകളിലായി 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഫെഡറൽ ബാങ്ക് മുൻ ജീവനക്കാരനും അഭിഭാഷകനുമായിരുന്ന മൈലപ്രാ കൊടിഞ്ഞിനാൽ ലെസ്ലി ദാനിയേൽ(60), ഭാര്യ ശാന്തൻ സൂസൻ (54) എന്നിവരെയാണ് മൂന്നാഴ്ചത്തെ ശ്രമഫലമായി ഇന്റർപോൾ മുഖേനെ ദുബായിൽ നിന്ന് നാട്ടിലെത്തിച്ചത്. പത്തനംതിട്ട ഡിവൈ.എസ്‌പി കെ.എ. വിദ്യാധരനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 10 നാണ് വിദേശകാര്യ മന്ത്രാലയം മുഖേന ഇവരുടെ വിവരങ്ങൾ ദുബായ് സർക്കാരിന് കൈമാറിയത്. പിന്നീട് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമമായിരുന്നു ഇന്റർപോൾ നടത്തിയത്. തുടർന്ന്. പ്രതികളെ വിട്ടു നൽകണമെന്ന് അപേക്ഷയും നൽകി.

ഇതിനിടയിൽ കേരളാ പൊലീസ് തങ്ങളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ പ്രതികൾ ദുബായിൽ നിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു കൊണ്ടിരുന്നു ഇതിന് അനുവദിക്കാതെ ദുബായ് പൊലീസ് ഇവരെ ഇന്റർപോളിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത്. 12 വാറണ്ടാണ് പ്രതികൾക്കെതിരേ പത്തനംതിട്ട സി.ജെ.എം കോടതി പുറപ്പെടുവിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം സാമ്പത്തിക തട്ടിപ്പിനും 10 എണ്ണം വണ്ടിച്ചെക്ക് കേസിലുമാണ്.

1.80 കോടിയുടെയും 1.20 കോടിയുടെയും രണ്ട് സാമ്പത്തിക തട്ടിപ്പുകൾക്കാണ് ഇപ്പോൾ ലെസ്ലിയേയും ഭാര്യയേയും അറസ്റ്റ ചെയ്തിരിക്കുന്നത്. ഇത് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് ഇവർക്കെതിരേ കോടതി എൽ.പി. വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഓഹരി വിപണിയുടെ മറവിൽ ബന്ധുക്കൾ ഉൾപ്പെടെ പത്തിലധികം പേരിൽ നിന്നും പതിനഞ്ച് കോടിയോളം രൂപ തട്ടിയെടുത്തശേഷം 2007-ലാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. ഇദ്ദേഹത്തോടൊപ്പം ഭാര്യ ശാന്തൻ സൂസൻ, മാതാവ് ഗ്ലോറിയ ദാനിയേൽ എന്നിവരും യുഎഇയിലേക്ക് കടന്നിരുന്നു. ഓഹരി വിപണിയിൽ വൻ തുക നേടിത്തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചശേഷമാണ് ഇയാൾ നാട്ടുകാരിൽ നിന്നും കോടികൾ തട്ടിയത്. വിദേശത്തേക്ക് പോയ ലസ്ലി ദാനിയേലിനെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ, പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1, കോടതി-2, എന്നിവിടങ്ങളിൽ തട്ടിപ്പിനിരയായവർ കേസ് ഫയൽ ചെയ്തിരുന്നു.

എന്നാൽ പ്രതികൾ വിദേശത്തേക്ക് കടന്നതിനാൽ ശരിയായ അന്വേഷണം നടക്കുകയൊ കോടതിയിലെ കേസുകൾക്ക് പുരോഗതി ഉണ്ടാവുകയോ ചെയ്തില്ല. കോടതി നിരവധി തവണ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. 2012 ഏപ്രിൽ 19നും ഓഗസ്റ്റ് എട്ടിനും ഇന്റർപോൾ മുഖേന വാറണ്ടുകൾ നടപ്പിലാക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും പ്രോസിക്യൂഷന്റെ അനാസ്ഥമൂലം യാതൊന്നും ഉണ്ടായില്ല. ഇതിനിടെ 2014 മാർച്ച് 6ന് ലസ്ലി ദാനിയേലിന്റെ മാതാവ് ഗ്ലോറിയ ദാനിയേലിനെ മുംബൈ വിമാനത്താവളത്തിൽ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ ഓഫീസർ അറസ്റ്റു ചെയ്തിരുന്നു.

ജെ.ആർ.ജി. സെക്യൂരിറ്റീസ്, പെനിസുലാർ മോട്ടിലാൽ ഓസ്വാൾ തുടങ്ങിയ കമ്പനികളുടെ ഫ്രാഞ്ചൈസി എടുത്ത് ഷെയർ ബ്രോക്കറായി അടൂർ, കോന്നി, ബംഗളൂരു, ചിറ്റാർ, വടശേരിക്കര, മൈലപ്ര എന്നിവിടങ്ങളിൽ ഓഫീസ് തുറന്നായിരുന്നു ലെസ്ലിയുടെയും കുടുംബത്തിന്റേയും തട്ടിപ്പ്.കമ്പനി അക്കൗണ്ട് എന്ന് പറഞ്ഞ് സ്വന്തം ഡീമാറ്റ് അക്കൗണ്ട് വഴി ഓഹരി വാങ്ങുകയും പിന്നീട് ഉടമ അറിയാതെ വിൽപ്പന പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി. ഇതിന് പുറമേ സ്വന്തം സ്ഥാപനങ്ങളുടെ നടത്തിപ്പിനാണ് എന്ന് വിശ്വസിപ്പിച്ച് പലരുടേയും കൈയിൽ നിന്ന് പണം വായ്പ വാങ്ങുകയും ചെയ്തിരുന്നു.