ഈസ്താംബൂൾ: വേഗതക്കുതിപ്പിന്റെ രാജകുമാരൻ മൈക്കിൾ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തി ലൂയിസ് ഹാമിൽട്ടണും. തുർക്കി ഗ്രാൻഡ്പ്രീയിൽ വിജയിച്ചതോടെ ലോകത്തിൽ ഏറ്റവുമധികം ഫോർമുല വൺ കിരീടങ്ങൾ നേടിയ എഫ് വൺ ഡ്രൈവറെന്ന മൈക്കിൾ ഷൂമാക്കറുടെ റെക്കോഡിന് ഒപ്പമാണ് ഹാമിട്ടൺ എത്തിയിരിക്കുന്നത്.

എഫ് വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവുമധികം വ്യക്തിഗത വിജയങ്ങൾ നേടി റെക്കോഡ് സ്വന്തമാക്കിയ താരമാണ് ഹാമിൽട്ടൺ. 94 വിജയങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. നിലവിൽ ഏറ്റവും കൂടുതൽ പോൾ പൊസിഷൻ ലഭിച്ച ഡ്രൈവർ, ഒരു ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ ജയിച്ച താരം എന്നീ റെക്കോഡുകളും ഹാമിൽട്ടന്റെ പേരിലാണുള്ളത്.

2008, 2014, 2015, 2017, 2018, 2019 വർഷങ്ങളിലായിരുന്നു ഹാമിൽട്ടന്റെ ഫോർമുല വൺ കിരീടനേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വർഷങ്ങളിലായിരുന്നു ഷുമാക്കർ കിരീടം സ്വന്തമാക്കിയത്. നേരത്തെ പോർച്ചുഗീസ് ഗ്രാൻഡ്പ്രീയിൽ ജേതാവായതോടെ ഷൂമാക്കറുടെ 91 ഗ്രാൻഡ്പ്രീ വിജയങ്ങളെന്ന റെക്കോഡ് ഹാമിൽട്ടൺ മറികടന്നിരുന്നു.