കൊച്ചി: ലൈബ്രറി കൗൺസിലിന് കൊടുക്കാതെ കൊച്ചി കോർപറേഷൻ ലൈബ്രറി സെസ് ഇനത്തിൽ കൈവശംവച്ചിരിക്കുന്നത് 11 കോടി രൂപ. സംസ്ഥാനത്തെ കരമടയ്ക്കുന്ന തുകയിൽ നിശ്ചിത ശതമാനം തുക ലൈബ്രറി സെസ് ഇനത്തിൽ പിടിക്കാറുണ്ട് ഇങ്ങനെ പിടിച്ച തുകയിൽ ഏതാണ്ട് 11 കോടി രൂപയാണ് ഒന്നിനും ചിലവഴിക്കാതെ ഇപ്പോൾ കൊച്ചി കോർപറേഷന്റെ കയ്യിലുള്ളത്.

വിവരാവകാശം വഴി കിട്ടിയ രേഖയിൽ നിന്നാണ് ഇത്രയും തുക കൊച്ചി നഗരസഭയിൽ ഉള്ളതായി വിവരം ലഭിച്ചത്. 2011-2015 കാലഘടത്തിലായി ലൈബ്രറി സെസ് ഇനത്തിൽ നഗരസഭ 13.13 കോടി രൂപ പിരിച്ചെടുത്തതായും ഇതിൽ 1 കോടി 77 ലക്ഷം രൂപ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് കൊടുത്തുവെന്നും പറയുന്നു.

മിച്ചം തുകയായ 11.36 കോടി രൂപ കോർപറഷന്റെ കയ്യിലുണ്ട് എന്നാണ് വിവരാവകാശ രേഖകൾ സുചിപ്പിക്കുന്നത്. സെസ് ഇനത്തിൽ ലഭിക്കുന്ന പണം യഥാർത്ഥത്തിൽ വന്നു ചേരേണ്ടത് ലൈബ്രറി കൗൺസിലിന്റെ കൈവശമാണ്. ലൈബ്രറി കൗൺസിൽ പ്രവർത്തനങ്ങൾക്കും വായനശാലകളുടെ വികസനത്തിനും ആവശ്യമായ തുക ഇവയിൽ നിന്നും ചിലവഴിക്കാൻ ആവും എന്നിരിക്കെയാണ് കോടി കണക്കിന് രൂപ യാതൊന്നിനും ചെലവാക്കാതെ നഗരസഭ കൈവശം വച്ചിരിക്കുന്നത് എന്നതാണു സത്യം.

പല ലൈബ്രറികൾക്കും വികസനത്തിനും മറ്റുമായി തുക കിട്ടുന്നില്ലയെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഇത്രയും തുക കോർപറേഷൻ കയ്യിൽ വച്ചിരിക്കുന്നത്. ലൈബ്രേറിയന്മാരായി ജോലി ചെയുന്നവർക്ക് ഗ്രാൻഡ്, മാസ ശമ്പളം തുടങ്ങിയവ കൊടുക്കുന്നത് വളരെ കുറവാണെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്രയും തുക കൊച്ചി നഗരസഭാ കൈവശം വച്ചിരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നു.

പിരിച്ചെടുത്ത ലൈബ്രറി സെസ് തുക വേറെ പദ്ധതികൾക്കായി നീക്കിവച്ചിട്ടില്ലയെന്നും ഈ ഇനത്തിൽ ലഭിച്ച തുക വേറെ ഫണ്ടായി നഗരസഭ മാറ്റി വച്ചിട്ടില്ലയെന്നും വിവരവകാശരേഖയിൽ പറയുന്നു. പുസ്തകങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും കിട്ടാതെ, നവീകരണങ്ങൾക്ക് പോലും പണമില്ലാതെ നഗരസഭയുടെ കിഴിലുള്ള പല ലൈബ്രറികളും പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് എന്നിരിക്കെയാണ് കോടിക്കണക്കിന് രൂപ നഗരസഭയുടെ കയ്യിൽ വെറുതെ വച്ചിട്ടുള്ളത് എന്ന ആക്ഷേപവും നിലനിൽക്കുന്നു.