ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ലോകത്ത് ഓരോ രാജ്യത്തും ഓരോ രീതിയിലാണ് ഡ്രൈവിങ് ലൈസൻസിനുള്ള പരീക്ഷകൾ. ചിലയിടത്ത് അനായാസം ലൈസൻസ് കിട്ടുമെങ്കിൽ, മറ്റു ചില സ്ഥലങ്ങളിൽ അതൊരു പരീക്ഷണം തന്നെയാണ്.

ഡ്രൈവിങ് ലൈസൻസുകളുടെ കാര്യത്തിൽ ഏറ്റവും നിരുത്തരവാദപരമായ സമീപനം മെക്‌സിക്കോയിലാണ്. അവിടെ ലൈസൻസ് വേണമെന്നുതന്നെയില്ല. എന്നാൽ, ജപ്പാനിലും ഫിൻലൻഡിലും ഡ്രൈവിങ് ലൈസൻസിനുള്ള പരീക്ഷ പാസ്സാകുന്നത് ബമ്പർ ലോട്ടറി അടിക്കുന്നതുപോലൊരു ഭാഗ്യമാണ്. അത്ര ബുദ്ധിമുട്ടുള്ള കാര്യമാണത്.

ജപ്പാനിൽ ഏറെ സങ്കീർണമായ പ്രക്രീയയാണത്. പ്രാക്ടിക്കൽ, തിയറി പരീക്ഷകൾക്ക് പുറമെ, അഭിരുചി പരീക്ഷയും പാസ്സാകണം. ലൈസൻസിന് അപേക്ഷിക്കുന്നയാളുടെ ശാരീരിക ക്ഷമത പരിശോധിക്കും. ഇതിന് പുറമെ, കാഴ്ച, കേൾവി ശക്തി പരിശോധനകളും നിർബന്ധമാണ്. എസ് പോലുള്ള വളവുകൾ റിവേഴ്‌സ് എടുക്കുന്നതുപോലുള്ള ശ്രമകരമായ ഓൺറോഡ് പരീക്ഷണങ്ങൾ വേറെയുമുണ്ട്.

ഡെന്മാർക്കിലുമുണ്ട് ഇതുപോലുള്ള പരീക്ഷണങ്ങൾ. റോഡിലെ ശ്രമകരമായ പരീക്ഷകൾക്ക് പുറമെ, പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള ഏഴ് മണിക്കൂർ ക്ലാസ്സും ലൈസൻസിന് അപേക്ഷിക്കു്ന്നവർ പൂർത്തിയാക്കണം. ഫിൻലൻഡിൽ 18 മണിക്കൂർ ദൈർഘ്യമുള്ള പ്രാക്ടിക്കൾ ക്ലാസ്സുണ്ട്. രാത്രി വാഹനമോടിക്കുന്നതിലുൾപ്പെടെ മികവ് പ്രദർശിപ്പിക്കുകയും വേണം.

ബ്രിട്ടീഷ് വെബ്‌സൈറ്റായ ട്രാവൽമോട്ടോർഗ്രൂപ്പാണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ ലൈസൻസ് കടമ്പകൾ ഈ രീതിയിൽ ക്രോഡീകരിച്ചത്. ഇവരുടെ അഭിപ്രായത്തിൽ ലൈസൻസ് കിട്ടാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും മെക്‌സിക്കോയുമാണ്.

പാക്കിസ്ഥാനിൽ അപേക്ഷകരിൽ 80 ശതമാനവും ആദ്യവട്ടം തന്നെ പാസ്സാകുമെന്ന് ഇവർ പറയുന്നു. ഇന്ത്യയിലാകട്ടെ, റോഡിലൂടെ കുറച്ചുദൂരം വണ്ടി ഓടിച്ചുകാണിച്ചാൽ മാത്രം മതിയെന്നാണ് ഇവരുടെ വിലയിരുത്തൽ. അഞ്ഞൂറോ ആയിരമോ മുടക്കാനുണ്ടെങ്കിൽ ഈ പരീക്ഷണവും വേണ്ടെന്നും അവർ കണ്ടെത്തുന്നു.