- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ അഴിമതിക്കേസിലെ സിബിഐ അന്വേഷണം തടയാൻ സർക്കാർ അഭിഭാഷകന് നൽകിയത് 55 ലക്ഷം രൂപ; വിവിധ കേസുകളിലായി പുറത്തുനിന്നുള്ള അഭിഭാഷകർക്കായി ചെലവാക്കിയത് എട്ടുകോടി എഴുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ; നിയമസഭയിൽ മറുപടി നൽകി മന്ത്രി പി രാജീവ്
തിരുവനന്തപുരം: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ അഭിഭാഷകന് നൽകിയത് 55 ലക്ഷം രൂപ. സർക്കാർ അഭിഭാഷകർ ഉണ്ടായിട്ടും അവരെ കേസ് ഏൽപ്പിക്കാതെ പുറമേ നിന്നും അഭിഭാഷകരെ കേസ് ഏൽപ്പിച്ചതോടെയാണ് സർക്കാറിന് വലിയ തോതിൽ ഖജനാവിൽ നിന്നും പണം ചോർന്നുപോയത്. സർക്കാരിനായി വാദിച്ച അഡ്വ.കെ.വി വിശ്വനാഥിനാണ് 55 ലക്ഷം രൂപ നൽകിയത്.
സിബിഐ അന്വേഷണത്തെ സർക്കാർ സുപ്രിം കോടതിയിലും എതിർത്തിരുന്നു. വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അന്വേഷണത്തെ എതിർത്തത്. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും സർക്കാർ ഇതുമായി ബന്ധപ്പെട്ട കേസ് വാദിച്ചിരുന്നു. ഈ കേസുകളിടെ ചെലവിലേക്കായി അഭിഭാഷകന് 55 ലക്ഷം രൂപ നൽകിയെന്ന് നിയമസഭയിൽ കഴിഞ്ഞ ദിവസം നിയമമന്ത്രി പ. രാജീവാണ് രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.
ഹൈക്കോടതിയിൽ മാത്രം സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സർക്കാരിന് 55 ലക്ഷം രൂപ ചെലവായി എന്നുള്ള കണക്കാണ് പുറത്ത് വരുന്നത്. പെരിയ ഇരട്ട കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സർക്കാർ നിയമിക്കുന്നതിനെതിരെ വലിയ വിമർശനങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകളും പുറത്ത് വന്നത്.
ഏതാണ്ട് എട്ടുകോടി എഴുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വിവിധ കേസുകളിലായി പുറത്തുനിന്നുള്ള അഭിഭാഷകർക്കായി നൽകിയിട്ടുള്ളതെന്നും നിയമമന്ത്രി നൽകിയ മറുപടിയിലുണ്ട്. സർക്കാരിന് എതിരായിട്ടുള്ള ചില കേസുകളിൽ കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സുപ്രിം കോടതിയിലും എത്തിച്ച് വാദിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവാക്കുന്നത് എന്ന ആക്ഷേപവും രൂക്ഷമാകുകയാണ്.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്‌ക്കൊടുവിലാണെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്നലെ രംഗത്തുവന്നു. സെക്രട്ടറിയേറ്റിൽ കരാർ ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽ വച്ചായിരുന്നു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി, കോൺസൽ ജനറൽ, ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നു.
ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കമ്മീഷൻ പണമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഈ വിവരങ്ങൾ താൻ സിബിഐയോട് പറഞ്ഞതായും 21 ന് ചോദ്യം ചെയ്യൽ തുടരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷൻ വിവരങ്ങൾ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് ക്ലിഫ് ഹൗസിൽ വച്ചുനടന്ന ഒരു ചർച്ചയിലാണ് തീരുമാനിച്ചത്. കരാറിൽ ഒപ്പിട്ടത് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ