തിരുവനന്തപുരം: എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്കും അഞ്ച് വർഷം കൊണ്ട് വീടുകൾ നിർമ്മിച്ചു നൽകും. അതൊടൊപ്പം തൊഴിൽ ചെയ്ത് ഉപജീവനം കഴിക്കാനുള്ള സംവിധാനം ഉറപ്പാക്കും. സേവന-ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.ഇതാണ് ലൈഫ് പദ്ധതിയുടെ  വാഗ്ദാനം

നാലു വിധത്തിലുള്ള ഗുണഭോക്താക്കൾ ആണുള്ളത്:

1. ഭൂമിയുള്ള ഭവനരഹിതർ.

2. സർക്കാർ സഹായം അപര്യാപ്തമാകയാൽ വീടുപണി പൂർത്തിയാക്കാത്തവർ. സർക്കാർ പദ്ധതി പ്രകാരം കിട്ടിയ വീടുകൾ വാസയോഗ്യമല്ലാതായി എന്ന നിലയിലുള്ളവർ.

3. പുറമ്പോക്കിലോ തീരത്തോ തോട്ടം മേഖലയിലോ താൽക്കാലിക വീടുള്ളവർ.

4. ഭൂമിയും ഭവനവും ഇല്ലാത്തവർ. ആദ്യ രണ്ടു കൂട്ടർക്കും ആവശ്യമായ തുക പിഡബ്ല്യുഡി ഷെഡ്യൂൾ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും.

എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ ലൈഫിന്റെ ഒന്നാംഘട്ടം പ്രഖ്യാപിച്ച സമയത്ത് പൂർത്തിയാകില്ലെന്ന് വന്നിരിരിക്കുകയാണ്. എല്ലാവർക്കും സുരക്ഷിതഭവനത്തിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയുടെ ഒന്നാംഘട്ടം അവസാനിക്കാൻ 10 ദിവസംമാത്രം ശേഷിക്കെ പൂർത്തിയായ വീടുകൾ 21.23 ശതമാനംമാത്രം. മാർച്ച് 31-നകം 62,860 വീടുകൾ പൂർത്തിയാകേണ്ട സ്ഥാനത്ത് ഇതുവരെ പൂർത്തിയായത് 13346 വീടുകൾ. ശേഷിക്കുന്ന 10 ദിവസംകൊണ്ട് 49514 വീടുകൾ പൂർത്തിയാക്കാനാവില്ലെന്ന് സർക്കാർകേന്ദ്രങ്ങൾ സമ്മതിക്കുന്നു.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതാണ് പദ്ധതി പാളാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് വീടുകൾ പൂർത്തിയാക്കേണ്ടത്. ഒന്നാംഘട്ടം പാതിവഴിപോലും എത്തിയില്ലെങ്കിലും രണ്ടാംഘട്ട മാർഗരേഖ കഴിഞ്ഞദിവസം സർക്കാർ പുറത്തിറക്കി.

പദ്ധതിയിൽ അടുത്തവർഷം, ഭൂമിയുള്ള രണ്ടുലക്ഷത്തോളം പേർക്ക് വീടുകൊടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മാർഗരേഖയിൽ പറയുന്നു. ഒന്നാംഘട്ടം എങ്ങുമെത്താതെ രണ്ടാംഘട്ട പ്രവർത്തനങ്ങളിലേക്ക് എങ്ങനെ കടക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ.

ഒന്നാംഘട്ടത്തിൽ, പട്ടികജാതി-പട്ടികവർഗ വകുപ്പുകൾ നിർമ്മിക്കേണ്ട വീടുകൾ ഇതുവരെ എങ്ങുമെത്താത്ത സ്ഥിതിയാണ്. ആകെ അഞ്ചുശതമാനം വീടുകൾപോലും ഈ വിഭാഗത്തിൽ പൂർത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ജൂലായിലാണ് ലൈഫ് പദ്ധതിയിൽ വീടുകളുടെ നിർമ്മാണം തുടങ്ങിയത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ നേരിട്ട് നിർവഹണം നടത്തുന്ന വീടുകൾ മാത്രമാണ് ഇപ്പോൾ കൂടുതലും പൂർത്തിയാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പിന്തുണ ജനപ്രതിനിധികളിൽനിന്ന് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. കെട്ടിടനിർമ്മാണ സാമഗ്രികളുടെ കടുത്ത വിലവർധനയും ക്ഷാമവും വീടുകളുടെ നിർമ്മാണത്തെ സാരമായി ബാധിച്ചു.

മിഷന്റെ ലക്ഷ്യം

സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കുകൾപ്രകാരം നമ്മുടെ സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ. ഇതി ൽ 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവനരഹിതരുവുമാണ്. ലൈഫ് പ്രോജക്ടിന്റെ ഗുണഭോക്തങ്ങളായി വരുന്നത് ഈ ഭൂമിയില്ലാത്ത ഭവന രഹിതരാണ്. ഇവരിൽ 50 ശതമാനത്തോളം 5 കോർപ്പറേഷനുകൾ, 16 മുനിസിപ്പാലിറ്റികൾ , 43 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നതുകൂടാതെ 264 ഗ്രാമപഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലും 100 നും 250 നും മിടയിൽ ഭവന രഹിതരുണ്ട്. 191 ഗ്രാമപഞ്ചായത്തുകളിലും 1 മുനിസിപ്പാലിറ്റിയിലും 100-ൽ താഴെയാണ് ഭവന രഹിതരുടെ എണ്ണം. ഇതനുസരിച്ച് 87000 ഭവനങ്ങൾ നൽകാനായാൽ സംസ്ഥാനത്തെ 533 ഗ്രാമപഞ്ചായത്തുകളെയും 7 മുനിസിപ്പാലിറ്റികളെയും ഭവനരഹിതരില്ലാത്ത പ്രദേശങ്ങളായി മാറ്റാം.ആകെ ഭവന രഹിതരിൽ 10.4 ശതമാനത്തിന് തങ്ങളുടെ ഭവനങ്ങൾ പണിതീർത്തെടുക്കാൻ സാധിക്കാത്തവരും അധിക ഫണ്ട് ആവശ്യമുള്ളവരുമാണ്. ഭൂരിഭാഗം ഭവന രഹിതരും (92 ശതമാനം) നിലവിലുള്ള ഭവന നിർമ്മാണ സഹായ പദ്ധതികളിൽ ലഭ്യമാകുന്ന സഹായ ധനം പര്യാപ്തമല്ല എന്ന് അഭിപ്രായപ്പെട്ടവരാണ്

ഉപജീവന മാർഗങ്ങൾക്ക് ഉതകുന്ന രീതിയിൽ മാർഗങ്ങൾക്ക് ഉതകുന്ന രീതിയിൽ മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുമിക്കുന്ന, സമൂഹത്തിൽ അന്തസ്സുള്ള ഒരു ഭവനം ലഭ്യമായാൽ അവയുടെ പരിപാലനത്തിനും കാത്ത് സൂക്ഷിപ്പിനും വേണ്ടി ന്യായമായ ഒരു തുക മാസംതോറും മാറ്റി വയ്ക്കാൻ മടിയുണ്ടാകില്ല എന്നാണ് സൂചിപ്പിക്കുന്നത്.

വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ഭവനം സ്വന്തമാക്കിയവർ പോലും, ജീവിതത്തിലെ അടിയന്തിര ഘട്ടങ്ങളിൽ അവ പണയപ്പെടുത്തുന്നതിനോ വിൽക്കുന്നതിനോ പോലും തയ്യാറാകുന്ന നിസ്സഹായവസ്ഥ നിലനിൽക്കുന്നു. ആരോഗ്യപ്രശ്‌നങ്ങൾ, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിലാണ് പലപ്പോഴും ഇതുണ്ടാകുന്നത്. അപ്രാപ്യമായ സ്ഥലങ്ങളിൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് നൽകിയിട്ടുള്ള പാർപ്പിടങ്ങളിൽ ആരോഗ്യ പരിപാലനത്തിന്, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്, ജീവിത സൗകര്യങ്ങൾ കരുപ്പിടിപ്പിക്കുന്നതിന് ഒക്കെയുള്ള സാഹചര്യമില്ലായ്മയാണ് പലപ്പോഴും ഭവനങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നത്.

ഏറ്റവും കൂടുതൽ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയംഭരണപ്രദേശങ്ങളിൽ ആധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്, ജീവിതവും, ഉപജിവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാർപ്പിട സമുച്ചയങ്ങൾ നിർമ്മിച്ച് സുരക്ഷിത ഭവനങ്ങൾ നൽകാനായാൽ ഈ രംഗത്തെ ഇന്ന് അനുഭവപ്പെടുന്ന മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമാകും.