- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണയിൽ ഉയരുന്നത് 400 കുടുംബങ്ങളുടെ സ്വപ്ന ഭവനങ്ങൾ; നഗരസഭ വാങ്ങിയ സ്ഥലത്ത് 12 വീതം വീടുകളുള്ള 30 ഫ്ലാറ്റുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ; 20 ഫ്ലാറ്റുകളുടെ കൈമാറ്റം സെപ്റ്റംബർ ആദ്യവാരത്തോടെ പൂർത്തായാക്കും; വീടുകളിൽ താമസമാക്കുന്നതിന് മുമ്പേ അയൽക്കാരെ പരിചയപ്പെടുത്താനായി ഗുണഭോക്താക്കളുടെ സംഗമങ്ങൾ സംഘടിപ്പിച്ചതായി പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ മറുനാടനോട്
മലപ്പുറം: ലൈഫ് മിഷൻ പദ്ധതിയെ സംബന്ധിച്ച് സംസ്ഥാനത്ത് വിവാദങ്ങൾ കൊഴുക്കുമ്പോഴും പെരിന്തൽമണ്ണയിൽ ഭവനരഹിതർക്കായുള്ള 400 വീടുകളുടെ നിർമ്മാണ പ്രവർത്തികൾ അന്തിമ ഘട്ടത്തിൽ. പെരിന്തൽമണ്ണ എരവിമംഗലം ഒടിയൻ ചോലയിൽ നഗരസഭ വാങ്ങിയ 6.93 ഏക്കറിലാണ് ലൈഫ് മിഷൻ ഭവന സമുച്ചയ നിർമ്മാണം പുരോഗമിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത 400 കുടുംബങ്ങൾക്കായി മൂന്നു നിലയിലായി 12 വീതം വീടുകളുള്ള 30 ഫ്ലാറ്റുകളാണ് ഒരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ 20 ഫ്ലാറ്റുകളുടെ കൈമാറ്റം സെപ്റ്റംബർ ആദ്യവാരത്തോടെ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രസ്തുത ഭവനസമുച്ഛയങ്ങളുടെ നിർമ്മാണം തടസ്സമില്ലാതെ പുരോഗമിക്കുകയാണ്. ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് നിർമ്മാണം പുരോഗമിക്കുന്നത്.
ഉടൻ തന്നെ മുഴുവൻ വീടുകളും കൈമാറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭ ചെയർമാർ എം മുഹമ്മദ് സലീം മറുനാടനോട് പറഞ്ഞു. ആദ്യ 20 ഫ്ലാറ്റുകളുടെ കൈമാറ്റം സെപ്റ്റംബർ ആദ്യവാരത്തിലും ബാക്കിയുള്ളവ ഒക്ടോബർ മാസത്തിലും കൈമാറാനാണ് തീരുമാനം. 400 കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാൾ, അങ്കണവാടികൾ, കളിസ്ഥലം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. വീടിനൊപ്പം തൊഴിൽ -നൈപുണ്യ പരീലനവും നൽകി കുടുംബങ്ങളുടെ ഉപജീവന മാർഗമുൾപ്പെടെ ഇവിടെ ഉറപ്പാക്കും. ഇത്തരത്തിലുള്ള സംസ്്ഥാന സർക്കാറിന്റെ മാതൃകാ പദ്ധതിയാണ് പെരിന്തൽമണ്ണയിലേത്. ഗുണഭോക്താക്കളും കുടുംബശ്രീയും ചേർന്നുള്ള സമിതിയാണ് നിർമ്മാണ ചുമതല വഹിക്കുന്നത്. നഗരസഭയുടെ മേൽനോട്ടത്തിൽ മാലാഖ സൊലൂഷൻസ് എന്ന പേരിലുള്ള കുടുംബ ശ്രീ പ്രവർത്തകരുടെ സംരഭക ഗ്രൂപ്പാണ് നിർമ്മാണം നടത്തുന്നത്.
ഫ്ളാറ്റുകളിൽ താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ അയൽക്കാരുമായി ബന്ധമുണ്ടാക്കുന്നതിനായി ഗുണഭോക്താക്കളുടെ സംഗമങ്ങൾ നടത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റും ഫ്ലാറ്റ്തല സമിതികളും രൂപീകരിച്ചു. ഫ്ലാറ്റ് സമിതികൾ തുടർച്ചയായി കെട്ടിടത്തിന്റെ നിർമ്മാണം വിലയിരുത്താൻ സന്ദർശനം നടത്തുന്നുണ്ടെന്നും പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം മുഹമ്മദ് സലീം മറുനാടൻ മലയാളിയോട് പറഞ്ഞു.
54 കോടിരൂപയാണ് പദ്ധതിയുടെ ആകെ നിർമ്മാണചെലവ് കണക്കാക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ 42 കോടി രൂപയ്ക്ക് തന്നെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കരാറുകാരന്റെ ലാഭവിഹിതവും നികുതി ഇളവുകളും പ്രയോജനപ്പെടുത്തിയാണ് ചെലവ് കുറച്ചത്. സംസ്ഥാന സർക്കാർ സഹായമായി 28 കോടി രൂപയും നഗരസഭയുടെ വിഹതമായി 10 കോടി രൂപയുമാണ് ഈ പദ്ധതിക്ക് ചെലവഴിക്കുന്നത്. ഇതിനു പുറമെ ഗുണഭോക്തൃ വിഹിതമായുള്ള 4 കോടി രൂപയും ഉൾപ്പെടുന്നു.
ജനകീയ പങ്കാൽത്തത്തോടെയാണ് ഈ 4 കോടി രൂപ സമാഹരിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുമ്പോഴും പെരിന്തൽമണ്ണയിലെ 400 ഭവനരഹിതർ ഈ വർഷം തന്നെ പുതിയ വീടുകളിലേക്ക് താമസം മാറാനാകുമെന്ന പ്രതീക്ഷയിലാണ്.
മറുനാടന് ഡെസ്ക്