ലോക ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എന്ന കാസിയസ് മാർസേലസ് ക്ലേ ജൂനിയറിന്റെ ജനനം 1942 ജനുവരി 17ന് അമേരിക്കൻ പട്ടണമായ കെന്റക്കിയിലായിരുന്നു. അലിയുടെ പിതാവ് കാസിയസ് മാർസേലസ് ക്ലേ സീനിയർ സൈൻ ബോർഡുകളും ബിൽ ബോർഡുകളും പെയിന്റ് ചെയ്യുന്ന പണിയായിരുന്നു. അമ്മ ഒഡേസാ വീട്ടമ്മയായിരുന്നു. അലിക്ക് ഒരു സഹോദരിയും നാല് സഹോദരന്മാരുമുണ്ടായിരുന്നു. ലൂയിസ് വില്ലയിലെ പൊലീസ് ഓഫീസറും ബോക്സിങ്ങ് പരിശീലകനുമായ ജോ ഇ മാർട്ടിൻസിന്റെ കീഴിലാണ് മുഹമ്മദലി എന്ന ഇതിഹാസം ആദ്യമായി ബോക്സിങ്ങ് പരിശീലിക്കുന്നത്. പിൽക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോക്സറായി മാറിയ അലി തന്റെ പ്രൊഫഷൺൽ കരിയറിൽ നൂറിലധികം മത്സരങ്ങളിൽ എതിരാളികളെ നിഷ്പ്രഭമാക്കി വിജയം നേടിയിട്ടുണ്ട്. റിങ്ങിൽ അലി തോൽവിയറിഞ്ഞിട്ടുള്ളത് 5 തവണ മാത്രമാണ്.

ബോക്‌സിങ് റിങ്ങിനകത്ത് പാറിപ്പറന്ന ചിത്രശലഭവും പുറത്ത് കുത്തുന്ന തേനീച്ചയുമെന്ന് കായികലോകത്ത് വിലയിരുത്തപ്പെട്ട എക്കാലത്തെയും കരുത്തനായ ബോക്‌സിങ് താരമായിരുന്നു മുഹമ്മദാലി. കാഷ്യസ് മെർസിലസ് ക്‌ളേ ജൂനിയർ എന്ന പേര് 1964ൽ ഇസ്ലാം മതം സ്വീകരിച്ചപ്പോഴായിരുന്നു മുഹമ്മദ് അലി എന്നാക്കി മാറ്റിയത്. കറുത്തവർക്കും വെളുത്തവർക്കും പ്രത്യേകം ഹോട്ടലുകളും പള്ളികളും പണിതുയർത്തിയിരുന്ന സമൂഹത്തിൽ എല്ലാ മേഖലകളിലും അസമത്തം നിലനിന്നിരുന്നു. ഇതിനെതിരെ ബാലനായിരിക്കുമ്പോൾ തന്നെ പോരാടിയ അലി അങ്ങനെയാണ് 22-ാം വയസ്സിൽ ഇസ്ലാം മതം സ്വീകരിക്കുന്നത്.

അമച്വർ ബോക്സിങ്ങിൽ ആറു തവണ കെന്റക്കി ഗോൾഡൻ ഗ്ലൗ കിരീടവും രണ്ടു തവണ ദേശീയ ഗോൾഡൻ ഗ്ലൗ കിരീടവും 1960 ലെ സമ്മർ ഒളിമ്പിക്സിൽ ഹെവിവെയിറ്റ് ഇനത്തിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 1996 ൽ അമേരിക്കയിലെ അറ്റലാന്റയിൽ നടന്ന ഒളിമ്പിക്സിൽ ദീപശിഖ തെളിയിക്കുന്നതിനായി അലിക്ക് പകരം മറ്റൊരു താരത്തെയും തെരഞ്ഞെടുക്കാൻ അമേരിക്കക്കായില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വത്തിനു തെളിവാണ്. കളിക്കളത്തിനകത്തും പുറത്തും തന്റെ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ താരമായിരുന്നു അദ്ദേഹം. ബോക്സിങ്ങ് റിങ്ങിൽ കാണിച്ച അതേ ആണത്വം റിങ്ങിനു പുറത്തും കാണിക്കുവാൻ അദ്ദേഹത്തിനായി.

അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ നേരിട്ടിരുന്ന വർണ വിവേചനത്തിനും മറ്റും എതിരെയുള്ള അലിയുടെ പോരാട്ടങ്ങൽ ശ്രദ്ധേയമാണ്. തികഞ്ഞ മനുഷ്യസ്നേഹിയായിട്ടാണ് മുഹമ്മദ് അലി എന്ന ഇതിഹാസം അറിയപ്പെടുന്നത്. തന്റെ നിലപാടുകൾ ബോക്സിങ്ങ് റിങ്ങിലെപ്പോലെ തന്നെ നിർഭയം തുറന്നു പറയുന്നതിനും അദ്ദേഹം മടിച്ചിരുന്നില്ല. മൂന്നു തവണ യൂറോപ്യൻ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കിയെ ഫൈനലിൽ മൂന്നാംറൗണ്ടിൽ ഇടിച്ചുവീഴ്‌ത്തി ക്‌ളേ സ്വർണംചൂടി. ലോകം പിന്നീടു കണ്ട മുഹമ്മദ് അലിയെന്ന ഇടിക്കൂട്ടിലെ രാജാവിന്റെ കിരീടധാരണമായിരുന്നു അന്ന് നടന്നത്. പിന്നീട് ഏറെക്കാലം അലി ബോക്‌സിങ് റിങ്ങിൽ ചരിത്രമെഴുതി.

അറുപതുകളിലെ മികച്ച ബോക്സർമാരിലൊരാളായ ടുണെ ഹനാസ്‌കറെ 6 റൗണ്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് 1960 ഒക്ടോബർ 29നാണ് മുഹമ്മദ് അലി തന്റെ പ്രൊഫഷണൽ ബോക്സിങ്ങ് അരങ്ങേറ്റം കുറിച്ചത്. തുടർന്നുള്ള 3 വർഷങ്ങൾ സാക്ഷയം വഹിച്ചത് ഒരു ഇതിഹാസത്തിന്റെ വളർച്ചയ്ക്കായിരുന്നു. ആദ്യ മൂന്നു വർഷങ്ങളിൽ ഒരു പരാജയംപോലുമറിയാതെയായിരുന്നു അലിയുടെ മുന്നേറ്റം. ആദ്യ 19 ജയങ്ങളിൽ 15 എണ്ണവും എതിരാളികളെ ഇടിച്ച് വീഴ്‌ത്തി നോക്കൗട്ടിലൂടെ നേടിയതായിരുന്നു.1963ൽ അന്നത്തെ ലോക ചാമ്പ്യനായ സോണി ലിസ്റ്റണെ അട്ടിമറിച്ചാണ് അലി തന്റെ ആദ്യ ലോക കിരീടം നേടിയത്. ക്രിമിനൽ പശ്ചാത്തലവും ഏതൊരു ബോക്സറേയും ഭയപ്പെടുത്തുന്ന വ്യക്തിയായിരുന്നു അന്നത്തെ ചാമ്പ്യനായ ലിസ്റ്റൺ.

ഒരു വിയറ്റ്നാമുകാരനും എന്നെ കറുത്തവർഗക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് വിയറ്റ്നാം അമേരിക്ക യുദ്ധം നടക്കുന്ന കാലത്തും അമേരിക്കയിലെ കറുത്തവർഗക്കാർ നേരിട്ടിരുന്ന പ്രശ്നത്തിനെതിരെ പ്രതികരിച്ചത്. പിന്നെന്തിന് ഞാൻ അവർക്കെതിരെ യുദ്ധം ചെയ്യണം എന്നായിരുന്നു അലിയുടെ ചോദ്യം. അങ്ങനെയൊരു പ്രസ്താവന നടത്തിയതിൽ പ്രതിഷേധിച്ച് അധികാരികൾ മുഹമ്മദലിയുടെ ബോക്സിങ്ങ് ലൈസൻസ് തന്നെ റദ്ദാക്കിയിരുന്നു.

എന്നാൽ ഒരു ബോക്സറുടെ ജീവിതത്തിലെ വസന്തകാലമായി കണക്കാക്കപ്പെടുന്ന 26-29 വരെയുള്ള പ്രായത്തിൽ വിലക്ക് നേരിടേണ്ടി വന്നിട്ടും അലി തന്റെ നിലപാടിൽ ഉറച്ച് നിന്നു.മൂന്നു തവണ ഹെവി വെയ്റ്റ് ജേതാവായ അലി 1981ൽ ബോക്‌സിങ് രംഗത്തുനിന്ന് വിരമിച്ചു. റിങ്ങിനു പുറത്ത് സൗമ്യനും സഹൃദയനുമായിരുന്നു മൂന്നുതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടിയ മുഹമ്മദലി. അതേസമയം സമകാലീന പ്രശ്‌നങ്ങളിൽ കടുത്ത വിമർശകനായി ഇടപെടുകയും ചെയ്തിരുന്നു. 1996ലെ അത്‌ലാന്റ ഒളിമ്പിക്‌സിന്റെ ദീപംതെളിയിക്കാൻ വിറയ്ക്കുന്ന കൈകളുമായ എത്തിയ, പാർക്കിൻസൺ രോഗബാധിതനായ അലിയുടെ രൂപമാവും ഒരുപക്ഷേ, അവസാനമായി ഒരു കായികവേദിയിൽ ആ ലോകോത്തര താരത്തിന്റേതായി പ്രത്യക്ഷമായതും കായികസ്‌നേഹികളുടെ മനസ്സിലുള്ളതും.

അമേരിക്കയിൽ വർണവെറി കത്തിനിന്ന സമയത്തായിരുന്നു ഇടിക്കൂട്ടിലെ ഇതിഹാസമായി മാറിയ അലിയുടെ ജനനം. പിന്നീട് അദ്ദേഹം ഇസ്‌ളാം മത വിശ്വാസിയായി വർണവെറിക്കെതിരെ പ്രതിഷേധിച്ചതും ചരിത്രം. അമേരിക്കയിൽ മുസ്ലീങ്ങളെ കയറ്റില്ലെന്നു പറഞ്ഞ ഭരണാധികാരികളോടുള്ള പ്രതിഷേധമായിരുന്നു അലി ഇത്തരത്തിൽ പ്രകടിപ്പിച്ചത്. തനിക്കെതിരായി വിമർശനങ്ങളേറെ ഉയർന്നപ്പോഴും അതിനെയൊന്നും വകവയ്ക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമാണ് ഇപ്പോൾ മരണത്തിന് കീഴടങ്ങുന്നത്. ഒളിമ്പിക് വേദിയിൽ സ്വർണമെഡൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതും ആ പ്രതിഷേധം ന്യായമെന്നു കണ്ട് പിന്നീട് ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ വീണ്ടും മറ്റൊരു വേദിയിൽവച്ച് മെഡലണിയിച്ചതും ചരിത്രത്തിൽ ഇടംപിടിച്ചു.

നാലു തവണ വിവാഹിതനായ മുഹമ്മദലിക്ക് 9 കുട്ടികളുണ്ട്. ഏഴ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് നാല് ഭാര്യമാരിലായി അലിക്കുള്ളത്. രണ്ടാം ഭാര്യയായ ബെലിന്ധാ ബോയിഡ് മുഹമ്മദലിയെപ്പോലെതന്നെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. മുഹമ്മദലിയുടെ ബോക്സിങ്ങ് ശൈലിയും അസാധാരണമായ ഒന്നായിരുന്നു. നേരിട്ട എല്ലാ എതിരാളികളേയും നിഷ്പ്രഭമാക്കിയ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത് ഒരു ഷോ മാൻ ആയിട്ട് കൂടെയാണ് മുഹമ്മദാലി അറിയപ്പെടുന്നത്.

തന്റെ എല്ലാ എതിരാളികളുമായിട്ടുമുള്ള മത്സരത്തിനു മുൻപും തന്റെ പ്രസ്താവനകളിലൂടെപ്പോലും അവരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ശൈലിയായിരുന്നു അലിയുടെത്. ഐ ആം ദി ഗ്രേറ്റസ്റ്റ് എന്ന അലിയുടെ വാചകം ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു.74ാം വയസ്സിൽ പാർകിൻസൺസ് രോഗത്തിനു കീഴടങ്ങുമ്പോഴും ലോകകായിക പ്രേമികളുടെ മനസ്സിൽ മായാത്ത മുഖമായി മുഹമ്മദാലി നിറഞ്ഞുനിൽക്കും. ലോകം ഒന്നടങ്കം പറയും മുഹമ്മദലി ദി ഗ്രേറ്റസ്റ്റ് എന്ന്.