കൊച്ചി:'അവർ എന്ത് തെറ്റാണ് ചെയ്തത്. ഒരിക്കലും വരാൻ പോകാത്ത പുതിയൊരു സമത്വസുന്ദര ലോകം സ്വപ്നം കണ്ടതോ?...സ്വപ്നത്തിന് പോലും അതിർത്തി നിശ്ച്ചയിച്ച ഭരണകൂടത്തെ എതിർത്ത ഏതാനും വിവരദോഷികൾ.' രൂപേഷിന്റെ അറസ്റ്റ് ഇന്നലെ രാത്രിയോടെ ചാനലുകളിൽ ബ്രേക്കിങ്ങ് ന്യൂസായി വന്നതോടെ ഫേസ്‌ബുക്കിൽ ഒരാൾ കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു. ഈ ഫേസ്‌ബുക്ക് കുറിപ്പ് വിശദമായി പരിശോധിച്ചാൽ കോടികൾ മുടക്കി പൊലീസും ഭരണകൂടവും തിരഞ്ഞ ആൾ എന്ത് തെറ്റാണ് ചെയ്തതെന്ന് പരിശോധിക്കേണ്ടതാണ്.

അരനൂറ്റാണ്ടു മുമ്പ് അജിതയും ഫിലിപ്പ് എം പ്രസാദും ചെയ്തിടത്തോളം വലിയ തെറ്റൊന്നും രൂപേഷും ഷൈനയുമൊന്നും ചെയ്തിട്ടില്ലെന്ന് ഇത് ഇവർക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. 1968-ൽ വെറും പതിനെട്ടുകാരി അജിതയും ഇരുപത്തൊന്നുകാരൻ ഫിലിപ്പ് എം പ്രസാദും ചെയ്തതെന്താണ്? ഇരുവരുടെയും നേതൃത്വത്തിലുള്ള നക്‌സൽ സംഘം പുൽപ്പള്ളി, തലശേരി പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും പൊലീസുകാരെ കൊലപ്പെടുത്തുകയും ചെയ്തു. നാടുമുഴുവൻ നടുങ്ങിപ്പോയ സംഭവത്തിനു ശേഷം വയനാടൻ കാടുകളിലേക്ക് ഊളിയിട്ട നക്‌സൽ സംഘത്തെ ദിവസങ്ങൾക്കുശേഷം ഗ്രാമീണകുടിയേറ്റക്കാർ വളഞ്ഞുവച്ചു പൊലീസിനു കൊടുത്തു.

ഇന്നവർ എവിടെയാണ്? കൊലപാതകവും വിപ്ലവവും വെടിഞ്ഞ്, വയോധികയായ അജിത മനുഷ്യാവകാശപ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയായി കോഴിക്കോട്ട് ഒതുങ്ങിക്കഴിയുന്നു. ഫിലിപ്പ് എം പ്രസാദാകട്ടെ, ഭക്തിയുടെ ലോകത്തിലൂടെ സായിബാബയെ തൊട്ടറിഞ്ഞ് തലസ്ഥാനനഗരിയിൽ അഭിഭാഷകനായി കഴിഞ്ഞുകൂടുന്നു. അന്നത്തെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാവോയിസം എന്ന ആശയം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടതോടെ അൽപ്പം അതിശയോക്തി കലർന്നു എന്ന് പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ, മാവോയിസത്തെ പുൽകിയ രൂപേഷും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കേരളത്തിലെ സമൂഹത്തിൽ വളക്കൂറുണ്ടായിരുന്നില്ല. പൊലീസ് കഥകളായിരുന്നു എന്നും രൂപേഷിനെ ഒരു 'മാവോയിസ്റ്റ് ഭീകരനായി' വളർത്തിയത്. മാദ്ധ്യമങ്ങളിലൂടെ പൊതുജനത്തിന്റെ മനസിലേക്ക് മാവോ പേടി പരത്തിയ ഭരണകൂടം ഏറ്റവും ഒടുവിൽ അതിവിപ്ലവ പാതയിലൂടെ വസന്തത്തിന്റെ കനൽവഴികൾ താണ്ടാനൊരുങ്ങിയ 5 പേരെ കയ്യോടെ പിടികൂടുമ്പോഴും പഴയ ദുരൂഹത നിലനിർത്തുന്നു എന്നതാണ് വാസ്തവം.

സത്യത്തിൽ രൂപേഷും കൂട്ടരും ചെയ്ത തെറ്റെന്താണെന്ന ചോദ്യം സോഷ്യൽ മീഡിയയിലൂടെ ഉയരുന്നുണ്ട്. അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അത്ര ജനവിരുദ്ദത ആരോപിക്കാവുന്നവ ഉണ്ടൊ? കേരളത്തിൽ ഏതാനും വർഷങ്ങളായി സ്ഥിരമായി കേട്ട് തഴമ്പിച്ച മാവോയിസ്റ്റ് വാർത്തകളിൽ ഭരണകൂടത്തിന്റെ കണ്ണിൽ പ്രതിനായകനും പൊതുജനത്തിന്റെ ഒരു വിഭാഗം നായകനായും, ന്യൂനപക്ഷം വില്ലനായും മറ്റൊരു വിഭാഗം തീർത്തും കോമാളികളായുമാണ് രൂപേഷിനേയും സംഘത്തേയും ചിത്രീകരിച്ചത്.. പ്രധാനമായും രണ്ട് കേസുകളാണ് ഈ മാവോയിസ്റ്റ് നേതാവിന്റെ പേരിലുണ്ടായിരുന്നതെന്നാണ് സത്യം.

വിദ്യാർത്ഥിയായിരിക്കെ നക്‌സൽ അനുഭാവമുള്ള സിപിഐ എം എൽ വിദ്യാർത്ഥി സംഘടനയായ കേരള വിദ്യാർത്ഥി സംഘടനയിലൂടെയാണ് വലപ്പാട്ടുകാരൻ രൂപേഷ് പൊതുരംഗത്തേക്ക് എത്തുന്നത്. എൽഎൽബി ബിരുദം നേടി അഭിഭാഷക ജോലിയിൽ ഏർപ്പെട്ടപ്പോഴും കേസുകളെക്കാൾ ഉപരി ജനകീയസമരങ്ങളോടായിരുന്നു അദ്ദേഹത്തിന് പ്രിയം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടന്ന മുഖ്യധാര രാഷ്ട്രീയക്കാർ ഏറ്റെടുക്കാത്ത സമരമുഖങ്ങളിൽ എല്ലാം രൂപേഷ് ജ്വലിച്ച് നിന്നു. 2001 ലാണ് സിപിഐ എം എൽ ബന്ധം ഉപേക്ഷിച്ച് മാവോയിസ്റ്റ് സെന്ററും പീപ്പിൾസ് ലിബറേഷനും ലയിച്ച് രൂപീകൃതമായ സിപിഐ (മാവോയിസ്റ്റ്)പാർട്ടിയിലേക്ക്. അതോടെ പൊലീസും ഭരണകൂടവും കണ്ണിലെ കരടായും എക്കാലത്തേയും ശത്രുവായും മുദ്രകുത്തുകയായിരുന്നു.

പഠനകാലത്തെ സൗഹൃദവും രാഷ്ട്രീയവും തന്നെയാണ് ഷൈനയെന്ന മുസ്ലിം വിഭാഗത്തിൽ ജനിച്ച യുവതിയുമായി രൂപേഷിന്റെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്. എങ്ങിനെ ഇത്രകണ്ട് രാഷ്ട്രീയ ജീവിയായി എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് പാലിനോടൊപ്പം മുദ്രാവാക്യവും തന്നാണ് അമ്മയു അച്ചനും തന്നെ വളർത്തിയതെന്ന അവരുടെ മകളായ ആമിയുടെ മറുപടിയിൽ നിന്നു തന്നെ മാതാപിതാക്കളുടെ രാഷ്ട്രീയബോധം വിലയിരുത്താം. ഷൈനയും നിയമ ബിരുദധാരിയാണ്. ഹൈക്കോടതിയിലെ ജീവനക്കാരിയായിരിക്കുമ്പോഴാണ് അവരും രൂപേഷിനൊപ്പം ഒളിവിൽ പോകുന്നത്.

എന്നാൽ ഇരുവരുടേയും പേരിൽ അത്ര വലിയ വകുപ്പുകൾ ചുമത്തിയ കേസുകൾ ഒന്നും തന്നെയില്ല. മാവോയിസ്റ്റ് ആശയത്തിലേക്കും പാർട്ടിയിലേക്കും എത്തപ്പെട്ടതിന് പിന്നാലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നക്‌സൽ നേതാവ് ആന്ദ്ര സ്വദേശി മല്ലം രാജറെഡ്ഡിക്കും ഭാര്യക്കും ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കി എന്ന കേസിലാണ് രൂപേഷും ഷൈനയും ആദ്യം പിടിയിലാകുന്നത്.ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും നാട്ടിൽ നിന്നും സ്ഥലം വിടുകയായിരുന്നു. പിന്നീട് നിലമ്പൂരിൽ ഷൊർണൂർ പാസഞ്ചറിന്റെ ബ്രേക്ക് കേബിൾ മുറിച്ച സംഭവത്തിലും രൂപേഷിന്റെ കയ്യുണ്ടെന്ന് പൊലീസ് വിധിയെഴുതി.

പിന്നീട് കേരളത്തിൽ മാവോയിസ്റ്റ് ആക്രമണങ്ങൾ എന്ന പേരിൽ നടന്ന അനിഷ്ട്‌സംഭവങ്ങളിൽ ഒന്നും നേരിട്ടുള്ള ഇവരുടെ പങ്ക് തെളിയിക്കാനോ ഗൂഢാലോചന തെളിയിക്കാനോ പൊലീസിനായിട്ടുമില്ല. എന്നാൽ എല്ലാ കേസുകളിലും യുഎപിഎ എന്ന ഭീകരവിരുദ്ദ നിയമം ചുമത്തിയതിനാൽ കുറച്ചു നാൾ എല്ലാവർക്കും അകത്തു കിടക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇതിൽ ഒന്നും തന്നെ പൊതുജനത്തെ ബാധിക്കുന്ന തരത്തിൽ ഒരു അക്രമങ്ങളും ഇവർ നടത്തിയിട്ടില്ല എന്നതും ശ്രദ്ദേയമാണ്. ജനകീയ സമരങ്ങൾ എന്ന പേരിൽ നടത്തിയ മക്‌ഡൊണാൾഡ്‌സ്, കെഎഫ്‌സി ,കണ്ണൂരിലെ ക്വാറി, അഗളിയിലെ ഫോറസ്റ്റ്, റെയിഞ്ച് ഓഫീസ്, തുടങ്ങിയ അക്രമങ്ങൾ ഇവർ തന്നെയാണോ നടത്തിയതെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇനിയും ഉണ്ടായിട്ടില്ല. ഇതിലും വലിയ പാതകങ്ങൾ നടത്തിയവർ ആത്മീയതയുടേയും ഉന്നത രാഷ്ട്രീയ ബന്ധത്തിന്റേയും പെരിൽ ഇപ്പോഴും സുഖിച്ച് വാഴുന്ന നാട്ടിലാണ് ഒരാൾക്ക് പോലും പരിക്ക് പറ്റാത്ത ആക്രമണങ്ങളുടെ പേരിൽ ഇവിടെ മാവോ വേട്ട നടത്തുന്നതെന്നതും വിരോധാഭാസമാണ്.

48 പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടെന്ന വിധത്തിൽ പോലും വാർത്തകൾ പുറത്തുവന്നിരുന്നു. പല പ്രമുഖരെയും തട്ടിക്കൊണ്ടുപോയി ബന്ധിയാക്കം, കാടുകളിൽ ആദിവാസികളെ സംഘടിപ്പിച്ചു സായുധസമരം നടത്തും. ഇങ്ങനെ പോകുന്നു പൊലീസ് കഥകൾ. ഇതിന്റെ പിൻപറ്റി തണ്ടർബോൾട്ട് സംഘം കാടുകൾ കയറി അരിച്ചുപെറുക്കിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

കൃത്യമായി വിചാരണ നടന്നാൽ കേസുകൾ ഒന്നും കോടതിയിൽ നിൽക്കില്ലെന്ന നിഗമനവും നിയമവിദഗ്ദരിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ, എന്തായാലും നിരോധിത സംഘടനയുമായുള്ള ബന്ധം ഇവരെ അഴിക്കുള്ളിലാക്കുമെന്ന കാര്യം ഉറപ്പാണ്. ഇവരുടെ അറസ്റ്റിനെ സംബന്ധിച്ചും ഇപ്പോഴും ഊഹാഭോഹങ്ങൾ പ്രചരിക്കുന്നുണ്ട്. രൂപേഷും കൂട്ടരും പിടികൊടുത്തതാണെന്നാണ് ചില കേന്ദ്രങ്ങൾ പറയുന്നത്. സംഘടനയിലെ ഭിന്നത പരിഹരിക്കാനാവുന്നതിലും കൂടുതൽ വളർന്നതോടെ കീഴടങ്ങുകയാണ് ഇവർ ചെയ്തതെന്നാണ് കേട്ടുകേൾവി. സംഘടനയിൽ നിന്ന് തെറ്റി പിരിഞ്ഞവർ ഒറ്റുകൊടുത്തതാണ് ഇവരുടെ പിടിക്കപ്പെടലിന് പിന്നിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്തായാലും തണ്ടർബോൾട്ട് കാട് കയറി തിരച്ചിൽ നടത്തുമ്പോഴാണ് മാവോയിസ്റ്റുകൾ നാട്ടിൽ പിടിയിലാകുന്നത് എന്നതും ഇതിലെ വിരോദാഭാസമായി ചൂണ്ടിക്കാട്ടപ്പെടുന്നു. രൂപേഷിന്റേയും ഷൈനയുടേയും മക്കളായ ആമിയും താച്ചു(സവേര)വും ഷൈനയുടെ അമ്മയോടൊപ്പം തൃശൂരാണ് താമസം.