- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആയിരിക്കുന്നത് പെരിയകുളത്തെ ചായക്കടക്കാരൻ അണ്ണൻ; ആദ്യം ജയലളിതക്കെതിരെ പ്രവർത്തിച്ചു; ഒടുവിൽ വിശ്വസ്തത എന്ന വാക്കിന്റെ ഏറ്റവും വലിയ അടയാളമായി: ഒ പനീർശെൽവത്തിന്റെ കഥ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ പ്രത്യേകിച്ച് എഐഎഡിഎംകെയുടെ നേതൃത്വം തനി തമിഴനിലേക്ക് എത്തുന്നത് ഒ പനീർശെൽവം മുഖ്യമന്ത്രി ആകുമ്പോഴാണ്. ആദ്യം ജന്മം കൊണ്ട് മലയാളിയായ എംജിആർ തമിഴ് മക്കളുടെ എല്ലാമെല്ലാമായി. പിന്നീട്, കർണാടകക്കാരിയായ ജയലളിതയും തമിഴരുടെ തലൈവിയായി മാറി. ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾക്ക് ശേഷമാണ് അണ്ണാ ഡിഎംകെയിൽ നിന്നും ശുദ്ധനായ ഒരു തമിഴൻ അധികാരത്തിന്റെ ദണ്ഡ് ഏറ്റെടുത്തിരിക്കുന്നത്. തേവർ സമുദായക്കാരനായ ഒ പനീർശെൽവം എന്ന ചായക്കടക്കാരനാണ് മൂന്നാം തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റിരിക്കുന്നത്. ജയലളിതയുടെ വിശ്വസ്തൻ എന്ന നിലയിലാണ് പെരിയകുളത്തുകാരുടെ പ്രിയപ്പെട്ട അണ്ണൻ രണ്ട് തവണ മുഖ്യമന്ത്രി പദവിയിലേക്ക് ചുവടുവച്ചത്. ഇപ്പോൾ, തലൈവിക്ക് ശേഷവും അധികാരം സ്വാഭാവികമായി ഈ അണ്ണനിലേക്ക് എത്തിച്ചേരുന്നു. തേനിയാണ് ഒ പനീർശെൽവത്തിന്റെ ജന്മദേശം. ഇവിടുത്തെ പെരിയകുളത്തെ കവലയിലെ ചായയും വടകളും ചൂടോടെ വിറ്റഴിയുന്ന ചായക്കടയുടെ ഉടമയായിരുന്നു ഒരുകാലത്ത് പനീർസെൽവം. ഇപ്പോഴും ഈ കട അദ്ദേഹം നടത്തു
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ പ്രത്യേകിച്ച് എഐഎഡിഎംകെയുടെ നേതൃത്വം തനി തമിഴനിലേക്ക് എത്തുന്നത് ഒ പനീർശെൽവം മുഖ്യമന്ത്രി ആകുമ്പോഴാണ്. ആദ്യം ജന്മം കൊണ്ട് മലയാളിയായ എംജിആർ തമിഴ് മക്കളുടെ എല്ലാമെല്ലാമായി. പിന്നീട്, കർണാടകക്കാരിയായ ജയലളിതയും തമിഴരുടെ തലൈവിയായി മാറി. ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾക്ക് ശേഷമാണ് അണ്ണാ ഡിഎംകെയിൽ നിന്നും ശുദ്ധനായ ഒരു തമിഴൻ അധികാരത്തിന്റെ ദണ്ഡ് ഏറ്റെടുത്തിരിക്കുന്നത്. തേവർ സമുദായക്കാരനായ ഒ പനീർശെൽവം എന്ന ചായക്കടക്കാരനാണ് മൂന്നാം തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റിരിക്കുന്നത്. ജയലളിതയുടെ വിശ്വസ്തൻ എന്ന നിലയിലാണ് പെരിയകുളത്തുകാരുടെ പ്രിയപ്പെട്ട അണ്ണൻ രണ്ട് തവണ മുഖ്യമന്ത്രി പദവിയിലേക്ക് ചുവടുവച്ചത്. ഇപ്പോൾ, തലൈവിക്ക് ശേഷവും അധികാരം സ്വാഭാവികമായി ഈ അണ്ണനിലേക്ക് എത്തിച്ചേരുന്നു.
തേനിയാണ് ഒ പനീർശെൽവത്തിന്റെ ജന്മദേശം. ഇവിടുത്തെ പെരിയകുളത്തെ കവലയിലെ ചായയും വടകളും ചൂടോടെ വിറ്റഴിയുന്ന ചായക്കടയുടെ ഉടമയായിരുന്നു ഒരുകാലത്ത് പനീർസെൽവം. ഇപ്പോഴും ഈ കട അദ്ദേഹം നടത്തുന്നുണ്ട്. കടയിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പമാണ് ജയയുടെ ചിത്രവും. ജോലിത്തിരക്കിനിടയിലും തൊട്ടടുത്തുള്ള അണ്ണാ ഡിഎംകെ പാർട്ടി ഓഫിസിലേക്കോടുന്നതു പനീർസെൽവത്തിന്റെ പതിവായിരുന്നു. സഹോദരൻ ഷൺമുഖ സുന്ദരമാണ് ഇപ്പോൾ കട നടത്തുന്നത്. ജയലളിതയുടെ മരണത്തെ തുടർന്ന് രണ്ട് ദിവസമായി ഈ കട തുറന്നിട്ടില്ല.
കർഷകന്റെ മകനായി പിറന്ന പനീർസെൽവം ലാളിത്യത്തിന്റെ ഉടമയാണ്. ഉത്തമപാളയത്തിലെ ഹാജി കർത്താ റാവുത്തർ ഹൗദിയ കോളജിൽ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദ പഠനം. കോളേജ് വിദ്യാഭ്യാസം ഉണ്ടെങ്കിലും കൃഷിയോടെയാരുന്നു അദ്ദേഹത്തിന്റെ താൽപ്പര്യം. ഇതിനിടെയാണ് അവിചാരിതമായി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. രാഷ്ട്രീയത്തിൽ തിരക്കേറിയപ്പോൾ പെരിയകുളത്തു നിന്നു ചെന്നൈയിലേക്കു താമസം മാറ്റി. എന്നാൽ, ഇപ്പോഴും ലാളിത്യം കൈമുതലാക്കി തന്നെയാണ് പെരിയകുളത്തുകാരുടെ അണ്ണന്റെ ജീവിതം. വീണുകിട്ടുന്ന ഇടവേളയിൽ തന്റെ ചായക്കടയിലും അദ്ദേഹം എത്താറുണ്ട്.
പാർട്ടിയിൽ പുരൈട്ചി തലൈവിയുടെ നിഴലായിരുന്നു ഒ പനീർശെൽവം. കോടതിയും കേസുകളും അമ്മയെ അധികാരത്തിൽനിന്നു വിലക്കിയപ്പോൾ രണ്ടുതവണ പകരക്കാരനായി നിയോഗിക്കപ്പെട്ട പനീർസെൽവത്തിന് ഇക്കുറി അഗ്‌നിപരീക്ഷയാണ്. മൂന്നാമൂഴത്തിൽ മുഖ്യമന്ത്രിയുടെ സ്വതന്ത്രചുമതലയാണ് പനീർശെൽവത്തിനുള്ളത്. പ്രധാനമന്ത്രിയെ ആശ്ലേഷിക്കുമ്പോൾ നിയന്ത്രണംവിട്ടുപോയതൊഴിച്ചാൽ, രാജാജി ഹാളിൽ ജയലളിതയുടെ ശവമഞ്ചത്തിനു സമീപം പടിക്കെട്ടിലിരുന്നും നിന്നും മണിക്കൂറുകൾ കഴിക്കുമ്പോഴെല്ലാം പതിവുപോലെ ശാന്തമായിരുന്നു പനീർസെൽവത്തിന്റെ മുഖഭാവം.
നേരത്തേ രണ്ടുതവണ മുഖ്യമന്ത്രിയായപ്പോഴും അണിയറയിൽ ജയലളിതയുണ്ടായിരുന്നു. ഓരോ തീരുമാനത്തിനും ആ കയ്യൊപ്പിന്റെ ബലവുമുണ്ടായിരുന്നു. എന്നാൽ, ഇനി അങ്ങനെയല്ല, പനീർശെൽവം തന്നെ കാര്യങ്ങൾ നിയന്ത്രിക്കണം. നേരത്തെ ഭരണത്തിന്റെ ചുക്കാൻ പിടിച്ചപ്പോഴും അവകാശവാദങ്ങൾ ഉന്നയിച്ചില്ല. രണ്ടുതവണയും നിയമസഭയിൽ ജയലളിത ഉപയോഗിച്ച കസേരയോ അവരുടെ ഓഫിസോ ഉപയോഗിക്കാൻ തയാറായില്ല. പോക്കറ്റിലും മേശപ്പുറത്തും ജയയുടെ ചിത്രം സൂക്ഷിച്ച്, വിശ്വസ്തൻ എന്നതിനേക്കാൾ ഏറ്റവും വലിയ അമ്മ ഭക്തനായിരുന്നു അദ്ദേഹം.
അറുപത്തിയഞ്ചുകാരനായ പനീർസെൽവം പാർട്ടിക്കാരുടെ 'ഒപിഎസ്' ആണ്. ആദ്യ ഔദ്യോഗിക സ്ഥാനലബ്ധി 1996ൽ; പെരിയകുളം മുനിസിപ്പൽ ചെയർമാൻപദം. 1988ൽ അണ്ണാ ഡിഎംകെ പിളർന്നപ്പോൾ ജാനകിയോടൊപ്പമായിരുന്നുവെന്നതു പൂർവചരിത്ര കൗതുകം. പെരിയകുളം എംപി ആയിരുന്ന, ജയലളിതയുടെ വിശ്വസ്തൻ ടി.ടി.വി.ദിനകരനാണു പോയസ് ഗാർഡനിലേക്കു കൈപിടിച്ചത്. ദിനകരന്റെ നിഴലായി നടന്ന പനീർസെൽവം ജയയുടെ വിശ്വാസം നേടിയെടുത്തു. 2001ൽ ജയയ്ക്ക് അപ്രതീക്ഷിതമായി ഭരണത്തിൽനിന്നു മാറിനിൽക്കേണ്ടിവന്നപ്പോൾ എംഎൽഎയായുള്ള ആദ്യ ഊഴത്തിൽത്തന്നെ മുഖ്യമന്ത്രിയുമായി. ആറുമാസത്തിനുശേഷം സന്തോഷത്തോടെ പദവി തിരിച്ചേൽപിച്ചു മന്ത്രിയായി.
സ്വത്തുകേസിൽ ജയ ജയിലിലായതോടെ 2014 സെപ്റ്റംബർ 29നു വീണ്ടും മുഖ്യമന്ത്രിയായി. ജയ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ധനകാര്യ, പൊതുമരാമത്തു വകുപ്പുകളാണു പനീൽസെൽവം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. 2006 ൽ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടമായപ്പോൾ നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ നേതാവുമായി. നിലവിൽ ബോഡിനായ്ക്കനൂരിൽനിന്നുള്ള നിയമസഭാംഗമാണ്.
തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുടെ നിലനിൽപുതന്നെ നിർണയിക്കുന്നതിൽ പ്രധാനമാണു പനീർസെൽവത്തിന്റെ വരുംകാലം. പാർട്ടിയെ കെട്ടിപ്പടുക്കാൻ അമ്മ ബ്രാൻഡ് ഇനിയും ഉപയോഗപ്പെടുത്തേണ്ടിവരും. ജയലളിത തുടങ്ങിവച്ച പദ്ധതികൾ തുടരണം. പോയസ് ഗാർഡനിൽ പുതിയ അധികാരകേന്ദ്രം രൂപപ്പെടുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്. അമ്മയോടു കാണിച്ചിരുന്ന അനുസരണ തോഴി ശശികലയോടും കാണിക്കുമോ അദ്ദേഹം എന്ന് കണ്ടറിയണം. എന്നാൽ, അങ്ങനെ ചെയ്തില്ലെങ്കിൽ എത്രകാലം തലൈവരായി തുടരാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും കല്ലു മുള്ളും നിറഞ്ഞ പാത തന്നെയാണ് ഒ പനീർശെൽവത്തെ കാത്തിരിക്കുന്നത്.