തിരുവനന്തപുരം: വെള്ളനാട് സ്വദേശിയായ രാജേശ്വരിയെ മറുനാടൻ മലയാളി വായനക്കാർക്ക് ഓർമ്മയില്ലേ? സിനിമാനടിയെ പോലെ ഇരുന്ന രാജേശ്വരി എന്ന പെൺകുട്ടി വിധിയുടെ വിളയാട്ടത്തിൽ എല്ലും തോലുമായി മാറിയ കഥ ഏകദേശം ഒരുവർഷം മുമ്പാണ് ഞങ്ങൾ പ്രസിദ്ധീകരിച്ചത്.

രാജേശ്വരിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ വായനക്കാരുടെ സഹായമഭ്യർഥിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ മറുനാടൻ ഓഫീസിലെക്കെത്തിയ ഫോൺ കോളുകളും അന്വേഷണങ്ങളും രാജേശ്വരിയുടെ അമ്മയുടെ അക്കൗണ്ടിലേക്കെത്തിയ പണവും എല്ലാം രാജേശ്വരിക്ക് സഹായവുമായി മറുനാടൻ മലയാളി വായനക്കാർ എത്തിയതിന്റെ സൂചനകളായിരുന്നു. ഇപ്പോൾ നിങ്ങളുടെ തുണയിലും കൈത്താങ്ങിലും രാജേശ്വരി ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്.

കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ ആശുപത്രി എം.ഡി ഡോ. ജെ. ഹരീന്ദ്രൻനായരുടെ സൗജന്യ ചികിത്സയിലും പരിചരണത്തിലുമാണ് ഇപ്പോൾ രാജേശ്വരി. അഞ്ചുമാസമായി ഇവിടെയാണ് രാജേശ്വരിയും അമ്മ മീനാക്ഷിയും. അഞ്ചുമാസത്തെ ആയുർവേദ ചികിത്സ കൊണ്ട് രാജേശ്വരിക്ക് വൻ മാറ്റമാണ് ഉണ്ടായത്. ഇപ്പോൾ എല്ലും തോലുമല്ല രാജേശ്വരി. പക്ഷാഘാതം ബാധിച്ച് തളർന്ന ശരീരത്തിൽ മാറ്റങ്ങളുണ്ടായി. നടക്കാൻ ശ്രമിച്ച് പിച്ച വയ്ക്കുന്നുണ്ട്. മറന്നുപോയ സംസാരവും വീണ്ടെടുക്കുന്നു. അമ്മേയെന്ന് പൊന്നുമോളുടെ നാവിൽനിന്നും ഉതിർന്നുവീഴുമ്പോൾ അമ്മ മീനാക്ഷിക്ക് സന്തോഷം കൊണ്ട് കണ്ണുനിറയും. രാജേശ്വരിയെ പൂർണ്ണ ആരോഗ്യവതിയാക്കി മാറ്റുമെന്നാണ് ഹരീന്ദ്രൻ ഡോക്ടർ രാജേശ്വരിയുടെ അമ്മ മീനാക്ഷിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

മറുനാടൻ മലയാളിക്ക് പിന്നാലെ കേരളകൗമുദിയും രാജേശ്വരിയുടെ കഥന കഥ പ്രസിദ്ധീകരിച്ചിരുന്നു. മറുനാടൻ മലയാളി ലേഖകൻ രാജേശ്വരിയുടെ വീട് സന്ദർശിച്ച് നൽകിയ വാർത്തകളെ തുടർന്ന് അനേകരാണ് തുണയുമായി എത്തിയത്. കേരള കൗമുദിയും ഈ വാർത്ത തുടർച്ചയായി ഫോളോ ചെയ്തു. മറുനാടൻ മലയാളി വായനക്കാർ ഒരുമിച്ചപ്പോൾ വാർത്ത പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിനകം ഒന്നരലക്ഷത്തോളം രൂപയാണ് മീനാക്ഷിയുടെ അക്കൗണ്ടിലേക്ക് എത്തിയത്.

വളരെ ചെറുപ്പത്തിലെ തന്നെ വിവാഹിതയായി ഭർത്താവിനൊപ്പം സന്തോഷമായി താമസിച്ചുവരവേയാണ് രാജേശ്വരിയുടെ ജീവിതം മാറിമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ പക്ഷാഘാതം രാജേശ്വരിയെ എല്ലുംതോലും മാത്രമാക്കി. രോഗം വഷളായി സൗന്ദര്യം ഒക്കെ ക്ഷയിച്ചപ്പോൾ എന്നു കാത്തുസൂക്ഷിക്കാൻ ദൈവം ഒരുമിപ്പിച്ച ഭർത്താവ് രാജേശ്വരിയെ വീട്ടിൽ കൊണ്ടാക്കി മടങ്ങി. ഈ അവസ്ഥയിലാണ് മറുനാടൻ വാർത്ത നൽകി സഹായമെത്തിച്ചത്.

അക്കൗണ്ടിലേക്ക് ലഭിച്ച പണവും നാട്ടുകാരുടെ സഹായവും കൊണ്ട് ആർസിസിയിലെ ചികിത്സ രാജേശ്വരിക്ക് തുടർന്നിരുന്നു. പിന്നീടാണ് ആയുർവേദ ചികിത്സ തുടങ്ങിയത്. സ്വാമി ഈശാലയത്തിൽ നിന്ന് തന്ന അരലക്ഷം രൂപ ഇതിനുപയോഗിച്ച്. ആ പണം തീർന്നപ്പോൾ മുമ്പോട്ട് എന്തുവേണം എന്നാലോചിപ്പ് പതറിയ ഘട്ടത്തിലാണ് പങ്കജകസ്തൂരി ആയുർവേദ ആശുപത്രി എം.ഡി ഡോ. ജെ. ഹരീന്ദ്രൻനായർ രാജേശ്വരിയുടെ ചികിത്സ എറ്റേടുക്കാൻ മുന്നോട്ട് വന്നത്. അദ്ദേഹത്തിന്റെ ആശുപത്രിയിൽ സൗജന്യചികിത്സയും ഭക്ഷണവും രാജേശ്വരിക്ക് നൽകുന്നുണ്ട്.

മൂന്നു വർഷം സന്തോഷത്തോടെ കഴിയുകയും ഒരു കുഞ്ഞിന്റെ അമ്മയാകുകയും ചെയ്ത ഓർമ്മകളാണ് ഇപ്പോഴും രാജേശ്വരിയുടെ കണ്ണു നനയിക്കുന്നത്. 25ാം വയസ്സിൽ രോഗം തളർത്തിയ രാജേശ്വരി ഒരു വർഷമായി ഒരേ കിടപ്പിലായിരുന്നു. ഈ കിടപ്പിൽനിന്നാണ് രാജേശ്വരി മടങ്ങിവരുന്നത്. അച്ഛന് നേരത്തേ നഷ്ടപ്പെട്ട രാജേശ്വരിക്ക് തുണ അമ്മയും പത്താംക്ലാസ്സ് കഴിഞ്ഞ അനിയനുമാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന മീനാക്ഷി മകളുടെ സംരക്ഷണത്തിനു വേണ്ടി ജോലിക്ക് പോകുന്നില്ല. പത്താംക്ലാസ്സുകൊണ്ട് പഠനം ഉപേക്ഷിച്ച അനിയന് കുടുംബം പുലർത്താനും ചേച്ചിയുടെ ചികിത്സാചെലവിനുമുള്ള പണം കണ്ടെത്താനായി ജോലി ചെയ്യുന്നു.

രാജേശ്വരിയുടെ കഥനകഥ അറിഞ്ഞ മുഖ്യമന്ത്രി നേരിട്ട് രാജേശ്വരിക്ക് ചികിത്സാ സഹായം അനുവദിച്ചിരുന്നു. ജപ്തിഭീഷണി നേരിടുന്ന നാലുസെന്റ് പുരയിടം വീണ്ടെടുക്കാനും വീടുവയ്പക്കാനും പണം അനുവദിക്കാമെന്നും ക്‌ളിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി വാഗ്ദാനം നൽകി. പക്ഷേ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി. 'എന്തു സഹായവും ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, ഒരു രൂപാ പോലും ലഭിച്ചില്ലയെന്ന് മീനാക്ഷി വേദനയോടെ പറയുന്നു.