തിരുവനന്തപുരം: മലയാള സീരിയൽ ലോകത്തെ മിന്നുംതാരമാണ് അമ്മായിയമ്മ വേഷത്തിൽ തിളങ്ങുന്ന പരസ്പരം സീരിയലിലെ പത്മാവതി. ദീപ്തി ഐപിഎസ് എന്ന ഐപിഎസ്സുകാരിയെവരെ വിറപ്പിച്ചുനിർത്തുന്ന പ്രൗഢയായ കുടുംബിനി. പക്ഷേ, ദാമ്പത്യപരാജയങ്ങൾ ഒന്നൊന്നായി ഏറ്റുവാങ്ങിക്കഴിയുന്ന ജീവിതമാണ് ഈ വേഷപ്പകർച്ചയ്ക്കു പിന്നിൽ.

രേഖ രതീഷ് എന്ന പേര് കേട്ടാൽ നടിയെ ഓർമ്മവരില്ലെങ്കിലും എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരസ്പരം എന്ന സൂപ്പർഹിറ്റ് സീരിയലിലെ പത്മാവതിയെ അറിയാത്തവർ ചുരുക്കം. പതിനെട്ടാം വയസ്സിൽ തുടങ്ങി ചുരുങ്ങിയ കാലത്തിനിടയിൽ അഞ്ച് വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും അതെല്ലാം നഷ്ടപ്പെടുകയും ചെയ്ത് ജീവിക്കുകയാണ് രേഖാ രതീഷ് എന്ന നടി.

സ്റ്റേജ് ഷോകളിലും സീരിയൽ രംഗത്തും തിളങ്ങിനിൽക്കുകയും ആയിരക്കണക്കിന് സ്ത്രീകളുടെ ആരാധനാപാത്രമായി നിൽക്കുകയും ചെയ്യുമ്പോഴും ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിക്കു പിന്നിൽ നിരന്തരം പരാജയപ്പെട്ട ദാമ്പത്യകഥകളുണ്ട് ഈ അഭിനേത്രിക്ക്.

രേഖയുടെ ജീവിതത്തിൽ സംഭവിച്ചത് പക്ഷേ സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച രേഖയുടെ ദാമ്പത്യജീവിതം സീരിയലുകളെക്കാൾ വെല്ലുന്ന അനുഭവകഥകളാൽ നിറഞ്ഞതാണ്. അഞ്ചു തവണ വിവാഹം കഴിച്ചെങ്കിലും ഇപ്പോൾ എല്ലാം ഉപേക്ഷിച്ച് ഒറ്റ മകനുമായി ജീവിക്കുകയാണ് രേഖ.

തിരുവനന്തപുരത്തായിരുന്നു രേഖയുടെ ജനനം. കോളജ് ജീവിതത്തിനിടെ കണ്ടുമുട്ടിയ യൂസഫ് എന്നയാളുമായി പ്രണയത്തിലായത് പതിനെട്ടാം വയസ്സിൽ. കൊടുമ്പിരികൊണ്ട പ്രണയത്തിനൊടുവിൽ ഇരുവരും ജീവിതത്തിൽ ഒന്നിച്ചു. രണ്ടു മതത്തിൽ പ്പെട്ടവരായിരുന്നതിനാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു ആ വിവാഹം. എന്നാൽ ആ ദാമ്പത്യം അത്ര വിജയകരമായില്ല. താമസിയാതെ വിവാഹ മോചനത്തിൽ അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞതോടെയാണ് രേഖ സീരിയലിൽ സജീവമാകുന്നത്. സഹോദരി, അമ്മ, വില്ലത്തിതുടങ്ങി എല്ലാ വേഷവും അനായാസം കൈകാര്യം ചെയ്ത് അവർ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

ആദ്യ ദാമ്പത്യത്തിന്റെ വേദനകൾക്കിടയിലാണ് സീരിയൽ, ഡബ്ബിങ് ആർട്ടിസ്റ്റായ നിർമൽ പ്രകാശുമായി അടുക്കുന്നത്. തന്നേക്കാൾ വളരെയധികം പ്രായക്കൂടുതലുള്ള നിർമലുമായി പ്രണയത്തിലായതോടെ രേഖയെ കുറെനാൾ സീരിയലിൽനിന്ന് കാണാതായി. അവർ ഒരർത്ഥത്തിൽ പൂർണ കുടുംബിനിയായി മാറുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റായ കിരീടത്തിൽ കീരിക്കാടൻ ജോസിന് ശബ്ദം നല്കിയത് നിർമലായിരുന്നു. ആ പ്രണയം വിവാഹത്തിൽ എത്തുകയും ചെയ്തു. എന്നാൽ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും നിർമൽ മരണപ്പെട്ടു. അമ്പതാമത്തെ വയസിലായിരുന്നു നിർമലിന്റെ മരണം.

വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയ രേഖ പിന്നീട് കമാൽ റോയി എന്നയാളെയാണ് മൂന്നാമത് വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധത്തിനും ആയുസ് തീരെ കുറവായിരുന്നു. പക്ഷെ കമാൽ രേഖയുടെ ജീവിതത്തിൽ പിന്നീടൊരു വില്ലനായി വരികയും ചെയ്തു. ഒരുപാട് പീഡനങ്ങൾ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ ഈ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആ ദാമ്പത്യവും വിവാഹ മോചനത്തിൽ തന്നെയാണ് കലാശിച്ചത്.

കമലുമായുള്ള വിവാഹമോചനത്തോടെ സീരിയലുകളിൽ സജീവമായ രേഖ പിന്നീട് ഒരുമിക്കുന്നത മാധ്യമപ്രവർത്തകനായ അഭിലാഷുമായിട്ടാണ്. രേഖയുടെ നാലാമത്തെ ബന്ധമായിരുന്നു ഇത്. എന്നാൽ വിധി വീണ്ടും രേഖയ്ക്കെതിരായി. തന്റെ ഭർത്താവിനെ രേഖ തട്ടിയെടുത്തെന്ന് ആരോപിച്ച് അഭിലാഷിന്റെ ഭാര്യ രംഗത്തെത്തി.

ഈ വിഷയം അമൃത ടിവിയിൽ വിധുബാല ആങ്കറായി വരുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടിയിൽ ചർച്ചയ്‌ക്കെത്തി. ഒരുഭാഗത്ത് രേഖയും അഭിലാഷും മറുഭാഗത്ത് അഭിലാഷിന്റെ യഥാർത്ഥ ഭാര്യയും തമ്മിലുള്ള തർക്കമായിരുന്നു നടന്നത്. ഇരുവരും അഭിലാഷിനുവേണ്ടി വാദിക്കുന്ന ആ എപ്പിസോഡ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അഭിനയരംഗത്തുൾപ്പെടെ പോപ്പുലറായ വ്യക്തികളുടെ ഈ തർക്കം സംപ്രേഷണം ചെയ്യപ്പെട്ടതോടെയാണ് കഥയല്ലിത് ജീവിതം സൂപ്പർഹിറ്റാവുന്നത്.

ഇതിന് പിന്നാലെ ആദ്യ ഭാര്യ നിയമനടപടിയുമായി ശക്തമായി മുന്നോട്ടുപോയതോടെ അഭിലാഷുമായുള്ള ബന്ധവും അവസാനിച്ചു. ഇതിനുശേഷം രേഖ അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോൾ ഒഴിഞ്ഞ നിലയിലാണ്. ഇപ്പോൾ അയൻ എന്നുപേരുള്ള തന്റെ മകനുമൊപ്പം ഏകാകിനിയുടെ ജീവിതത്തിലാണ് മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവരുന്ന ഈ അഭിനേത്രി.