കൊച്ചി: നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരിൽ കത്തോലിക്കാ സഭ ഊരുവിലക്ക് ഏർപ്പെടുത്തിയ കന്യാസ്ത്രീ ടീനയുടെ ദുരിത ജീവിതത്തെ കുറിച്ച് ഇന്നലെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സിഎംസി സഭയിലെ എറണാകുളം റാണി മാതാ കോൺവെന്റിലെ സിസ്റ്റർ ടീന അധികാരികളാൽ പീഡിപ്പിക്കപ്പെട്ട സംഭവമായിരുന്നു ഈ വാർത്ത. സഭയ്ക്കുള്ളിലെ അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ വൈദിക നേതൃത്വം പലവിധത്തിലാണ് ഇവരെ വേട്ടയാടിയത്. 39 വർഷത്തെ സന്യാസി സേവകാലയളവുള്ള സിസ്റ്റർ ടീന തിരുവസ്ത്രം എടുത്തണിഞ്ഞതും കുടുംബത്തിന്റെ എതിർപ്പിനെ മറികടന്നായിരുന്നു. എന്നാൽ, സന്യാസ ജീവിതത്തിൽ സ്തുത്യർഹമായ പ്രവർത്തനം തന്നെയായിരുന്നു ഇവർ കാഴ്‌ച്ചവച്ചത്.

1953 ഒക്ടോബർ 4ന് എറണാകുളം ചമ്പക്കരയിൽ പുതുശേരി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഏഴു മക്കളിൽ അഞ്ചാമത്തെ കുഞ്ഞായാണ് മേരി ട്രീസ എന്ന സിസ്റ്റർ ടീന ജനിച്ചത്. ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങളിൽ അതീവ തത്പരയായിരുന്ന മേരി ട്രീസ സന്യാസജീവിതമായിരുന്നു ഏറെ ഇഷ്ടപ്പെട്ടത്. ഒരു സന്യാസിനിയായി ജീവിക്കുന്നതിനപ്പുറമുള്ള ഒരു ജീവിതത്തെക്കുറിച്ച് മേരി ട്രീസക്ക് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. തൈക്കൂടം സെന്റ് ആന്റണീസ് എൽ പി സ്‌കൂൾ, ചമ്പക്കര സെന്റ് ജോർജ് യു പി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നുരുന്നി ക്രൈസ്റ്റ് കിങ്ങ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നിന്നും 1972ൽ എസ് എസ് എൽസി പാസായി. 

മേരി ട്രീസ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ജ്യേഷ്ഠത്തി ആനി പത്താം ക്ലാസിന് ശേഷം മഠത്തിൽ ചേരണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചു എന്നാൽ പിതാവ് ജോസഫ് അപേക്ഷാ ഫോറം വാങ്ങി കത്തിച്ചു കളഞ്ഞു. കന്യാസ്ത്രീ ആകണമെന്ന ആവശ്യവുമായി ഒരു മക്കളും വരരുതെന്നു താക്കീതും നൽകി. എന്നാൽ ഇതൊന്നും മേരി ട്രീസയെ ലക്ഷ്യത്തിൽനിന്നു പിന്തിരിപ്പിച്ചില്ല. സന്യാസിനിയാകുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടിയാണ് എസ് എസ് എൽ സി വരെ പഠിക്കാൻ തയ്യാറായതെന്നാണ് സിസ്റ്റർ ടീന പറയുന്നത്. എസ്എസ്എൽസി ഫലം വന്ന ശേഷം മേരി ട്രീസയും മഠത്തിൽ ചേരണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചു. പിതാവ് മഠത്തിൽ അയയ്ക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല ഞായറാഴ്ച പള്ളിയിൽ പോകുന്നതും വിലക്കി. തുടർന്ന് പഠിക്കാൻ വീട്ടിൽനിന്ന് വളരെ നിർബന്ധമുണ്ടായെങ്കിലും മേരി ട്രീസ പഠിക്കാൻ തയ്യാറായില്ല. കന്യാസ്ത്രിയായി സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യവുമായി ചെറുപ്പം മുതൽ ജീവിക്കുന്ന തനിക്ക് പഠിച്ചു ജോലി സംമ്പാദിച്ച് കുടുംബസ്ഥയായി കഴിയുന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നുവെന്നാണ് സിസ്റ്റർ പറയുന്നത്.

'പിന്നീട് പലരും പിതാവിനോട് തന്റെ ആഗ്രഹം പോലെ മഠത്തിലയക്കാൻ നിർബന്ധിച്ചെങ്കിലും പിതാവ് അതെല്ലാം നിരാകരിക്കുകയായിരുന്നു. ഇങ്ങനെ രണ്ടു വർഷങ്ങൾ കടന്നു പോയി ഒരു രാത്രിയിൽ അപ്പച്ചനും അമ്മച്ചിയും മരിച്ച ശേഷം താൻ മഠത്തിൽ ചേരുമെന്ന് ആന്റിയോട് പറയുന്നത് അപ്പച്ചൻ കേൾക്കാൻ ഇടയായി. ഇതേ തുടർന്ന് കോപിഷ്ഠനായ പിതാവ് നീ നിന്റെ ഇഷ്ടം പോലെ ചെയ്‌തോ നിന്റെ കാര്യത്തിൽ ഇടപെടുന്നില്ല എന്നു പറഞ്ഞു. പിറ്റേദിവസം തന്നെ അടുത്തുള്ള മഠത്തിലെ സിസ്റ്റർമാരുടെ സഹായത്തോടെ മഠത്തിൽ ചേരാനായി അപേക്ഷ കൊടുത്തു. അധികം താമസിയാതെ ആലുവ ചൊവ്വരയിലുള്ള നോവിഷേറ്റ് ഹൗസിലേയ്ക്ക് പഠനത്തിനായി ക്ഷണം കിട്ടി. 1974 നോവിഷേറ്റ് ഹൗസിലേയ്ക്ക് പോകാനായി ഇറങ്ങുമ്പോൾ വേദന നിറഞ്ഞ ഹൃദയവുമായി നിൽക്കുന്ന ബന്ധുക്കളുടെയും അയൽപക്കക്കാരുടെയും മുമ്പിൽ വച്ച് മൂത്ത ചേട്ടൻ പൊട്ടിത്തെറിച്ചു കൊണ്ടു പറഞ്ഞു- ഇനി നീയുമായി ഈ കുടുംബത്തിലെ ആർക്കും ഒരു ബന്ധവും ഉണ്ടാകില്ല. നീ മരിച്ചതായി ഞങ്ങൾ കരുതിക്കോളാം'.

പിന്നീട് വിശ്വസിച്ച സഭയും സഹപ്രവർത്തകരും കൈവിട്ടപ്പോൾ ഇവരെല്ലാമാണ് സഹായത്തിനെത്തിയതെന്നത് മറ്റൊരു കാര്യം. രണ്ടര വർഷത്തെ നോവിഷേറ്റ് ഹൗസിലെ പഠനത്തിന് ശേഷം 1976 ഡിസംബർ 27ന് മേരി ട്രീസ സിസ്റ്റർ ടീന എന്ന പേരിൽ തിരുവസ്ത്രമണിഞ്ഞ് കർത്താവിന്റെ മണവാട്ടിയായി. 1977 ജനുവരി മൂന്നിന് ആലങ്ങാടുള്ള സഭയുടെ മഠത്തിലേയ്ക്ക് അധികാരികൾ അയച്ചു. ആ വർഷം തന്നെ ദൈവശാസ്ത്ര പഠനത്തിനായി ആലുവായിലെ മദർ ജനറാൽ ഹൗസിൽ എത്തിയെങ്കിലും കാക്കനാട് കാർഡിനൽ ഹൈസ്‌കൂളിൽ ക്ലർക്കായി സഭ നിയമിച്ചതിനാൽ പഠനം പൂർത്തീകരിക്കാനായില്ല. ഒരു വർഷത്തിനു ശേഷം സഭയുടെ നിർദ്ദേശ പ്രകാരം അവിടെ നിന്ന് രാജിവച്ചു. തുടർന്ന് കുമ്പളം സെന്റ് മേരീസ് നഴ്‌സറിയിൽ പഠിപ്പിക്കാനായി സഭ അയച്ചു. ഒരു വർഷത്തിനു ശേഷം എറണാകുളത്തെ സെന്റ് ജോസഫ് ബി എഡ് ട്രെയിനിങ് കോളജിലെ ക്ലർക്കായി സഭ നിയമിച്ചു. രണ്ടു വർഷം ഇവിടെ തുടർന്നു.

'ഇക്കാലത്താണ് കൂടുതൽ വിദ്യാഭ്യാസം നേടണമെന്ന ചിന്ത ഉണ്ടാകുന്നത്. ഇക്കാര്യം സഭാ അധികാരികളെ അറിയിച്ചു അവർ അതിന് എല്ലാവിധ സഹായവും ചെയ്തു തന്നു. തുടർന്ന് ഭോപ്പാൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. തുടർന്ന് സഭ മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളജിൽ പഠനത്തിനായി അയച്ചു. അവിടെ നിന്ന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ആൻഡ് ചൈൽഡ് വെൽഫെയറിൽ ഡിപ്ലോമ നേടി. അവിടെ നിന്നു മടങ്ങിയെത്തി 1984ൽ മുടങ്ങിപ്പോയ ദൈവശാസ്ത്ര പഠനം പൂർത്തീകരിച്ചു. 'ഇതേ വർഷം മറ്റൊരു കാര്യം കൂടി നടന്നു.സിസ്റ്റർ ടീനയുടെ ചേച്ചി ആനി ജെയ്‌സ് സി എം സി സന്യാസ സമൂഹത്തിൽ അംഗമായി. ദൈവശാസ്ത്ര പഠനം പൂർത്തീകരിച്ച സി.ടീന എറണാകുളത്ത് ചാത്തമ്മയിലുള്ള മഠത്തിലും പൂണിത്തറയിലുള്ള മഠത്തിലും താമസിച്ച് സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി. 1987 ൽ എറണാകുളം സെന്റ് മേരീസ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ പ്രൻസിപ്പാൾ ആയി സഭ നിയമിച്ചു.അതോടൊപ്പം പ്രന്റിങ് പ്രസ്സിന്റെയും അനാഥാലയത്തിന്റെയും ചുമതല കൂടി സഭ നൽകി.

തന്റെ ഉത്തരവാദിത്വങ്ങളിൽ മുഴുകി വളരെ സുഗമമായി പോകുമ്പോൾ 1992-ൽ ഒരു സംഭവമുണ്ടായി. പത്തനംതിട്ട ജില്ലക്കാരിയായ 17 വയസുകാരി പെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടി എറണാകുളത്ത് എത്തി അവിടെവച്ച് ഒരു യുവാവുമായി പരിചയപ്പെടുകയും അവനും കൂട്ടുകാരനും കൂടി തേവര കോളേജിലെ അദ്ധ്യാപകനായ ഒരു വൈദികൻ മുഖേന പെൺകുട്ടിയെ സിസ്റ്റർ ടീനയുടെ കീഴിലുള്ള അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടിയിൽ ചില അസ്വസ്ഥതകൾ കണ്ടുതുടങ്ങി. തുടർന്നു നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞു.

തുടർന്ന് കുട്ടിയെ ഇവിടെ എത്തിച്ചവരിൽ തേവര കോളജിൽ പഠിക്കുന്നവനെ വിളിച്ചു വരുത്തി കുട്ടിയെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ അവന് ഈ കാര്യത്തിൽ ഒരു ബന്ധവുമില്ലന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കുട്ടിയെ അവന്റെ അടുത്തെത്തിച്ച കൂട്ടുകാരനെ വിളിച്ചു വരുത്തി സ്‌നേഹപൂർവം കാര്യങ്ങൾ പറഞ്ഞെങ്കിലും അവൻ അംഗീകരിക്കാൻ തയ്യാറായില്ല. കാര്യങ്ങൾ വഴക്കിലേയ്ക്കു നീങ്ങിയതോടെ നാട്ടുകാരിടപെട്ട് പൊലീസിനെ വരുത്തി. പൊലീസ് ഇരുവരുടേയും വീട്ടുകാരെ വിളിച്ചു വരുത്തി.

എന്നാൽ അന്യമതത്തിൽ പെട്ട പെൺകുട്ടിയെ സ്വീകരിക്കാൻ ആൺകുട്ടിയുടെ വീട്ടുകാർ തയ്യാറായില്ല. അവസാനം പെൺകുട്ടിയെ മാതാവിന്റെ കൂടെ പൊലീസുകാർ പറഞ്ഞയച്ചു. അമ്മയുടെ കൂടെ പോയി അബോർഷനു വിധേയയായ പെൺകുട്ടി വീട്ടിലേയ്ക്ക് പോകാൻ തയ്യാറാവാതെ സിസ്്റ്റർ ടീനയുടെ കൂടെ താമസിക്കണമെന്ന് വാശിപിടിച്ചു. പക്ഷേ, അവളെ അനാഥാലയത്തിലെടുക്കാൻ മറ്റു സിസ്റ്റർമാർ സമ്മതിച്ചില്ല. ഗത്യന്തരമില്ലാതെ ടീന അവളെ മദർ തെരേസാ കോൺവെന്റിൽ ഏൽപ്പിച്ചു.

പിന്നീട്് കോടതിയിൽനിന്ന് കടലാസെത്തുകയും പെൺകുട്ടിയെ കോടതിയിലെത്തിക്കേണ്ട ചുമതല തലയിലാവുകയും ചെയ്തപ്പോഴാണ് താനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സി. ടീന അറിഞ്ഞത്. ഈ കേസിൽ പൊലീസിന്റെ പക്ഷപാതവും നിരുത്തരവാദിത്തവും എല്ലാം അനുഭവിച്ചറിഞ്ഞ സി. ടീന ഒരു തീരുമാനമെടുത്തു. നിയമം പഠിക്കണം. അങ്ങനെ 1999ൽ എറണാകുളം ലോ കോളജിൽ നിയമപഠനത്തിനു ചേർന്നു. നിയമപഠനത്തിനും മറ്റും സഭ പൂർണപിന്തുണയാണ് നൽകിയത്. 2002ൽ പാസായി പുറത്തുവപ്പോഴാണ് മറ്റൊരു പ്രശ്‌നം. സന്നതെടുക്കുന്നതിന്റെ തലേദിവസം വൈകിട്ട് 5 മണിക്ക് അതിൽനിന്നും ബാർ കൗൺസിൽ സി. ടീനയെ വിലക്കിക്കൊണ്ടു കത്തു നൽകി. കാരണം, സന്യാസം ഒരു തൊഴിലാണ്. ഒരു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ വക്കീൽപണി പ്രാക്ടീസ് ചെയ്യാൻ പാടില്ല. തുടർന്ന് സി.ടീന ഹൈക്കോടതിയെ സമീപിച്ചു.കേസ് 2006 വരെ നീണ്ടു.

2002-ൽ സഭ സി.ടീനയെ ചേർത്തല മണപ്പുറത്ത് ഒരു വൊക്കേഷണൽ ട്രെയിനിങ് സെന്റർ സ്ഥാപിക്കാൻ അയച്ചു. സി. ടീന അവിടെയെത്തി ട്രെയിനിങ് സെന്റർ സ്ഥാപിച്ചു. നാലുവർഷം അവിടെ താമസിച്ച് ട്രെയിനിങ് സെന്റർ വിപുലമാക്കി. ഈ സമയത്ത് വീണ്ടും സഭാ അധികാരികളുടെ വിളി വന്നു ആലുവയ്ക്കടുത്ത് പാറപ്പുറം എന്ന സ്ഥലത്ത് സഭ തുടങ്ങിയ ഐശ്വര്യ ഗ്രാമിന്റെ സേവ് എ ഫാമിലി പ്രൊജക്ടിന്റെ ചുമതലക്കാരിൽ ഒരാളായി സിസ്റ്റർ ടീന ഉണ്ടാകണം. അന്നത്തെ എറണാകുളം അതിരൂപതാ ഓക്‌സിലറി ബിഷപ്പുമാരിലൊരാളായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനായിരുന്നു ഇക്കാര്യത്തിൽ നിർബന്ധം.

ടീന സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇവിടെ പ്രവർത്തിക്കുന്ന സമയത്താണ് ബാർ കൗൺസിലിന്റെ നടപടിക്കെതിരെ കോടതിയിൽ കൊടുത്ത കേസിൽ സിസ്റ്റർ ടീനക്കനുകൂലമായി വിധി ഉണ്ടാകുന്നത്. രണ്ടു വർഷം ഈ പ്രൊജക്ടിനൊപ്പം പ്രവർത്തിച്ചശേഷം സിസ്റ്റർ ബിഷപ്പിനോട് വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിന് അനുവാദം ചോദിച്ചു. സഭ പൂർണസമ്മതത്തോടെ അതിന് അനുവദിച്ചു.

തുടർന്ന് 2008 ജനുവരിയിൽ എറണാകുളം ജില്ലാ കോടതിയിൽ അഭിഭാഷകയായിരുന്ന അഡ്വ. ലില്ലി ജയിംസിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. പ്രാക്ടീസിന്റെ സൗകര്യത്തിനായി സഭ സി.ടീനക്ക് വീണ്ടും എറണാകുളം റാണി മാതാ കോൺവെന്റിലേയ്ക്ക് മാറ്റം നൽകി. ഇക്കാലത്തെല്ലാം സിസ്റ്റർ ടീന സഭാ അധികാരികളുടെ കണ്ണിലുണ്ണിയും സഭയുടെ പ്രിയപ്പെട്ട സന്യാസിനിയുമായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇതിനു പിന്നാലെയാണ് ഞാറക്കലിൽ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതും സിസ്റ്റർ ടീന വിഷയത്തിൽ ഇടപെട്ട് സഭാധികാരികളുടെ കണ്ണിലെ കരടാകുന്നതും തുർന്ന് സഭ പീഡന പരമ്പരകൾ ആരംഭിക്കുന്നതും.

(തുടരും)