കൊച്ചി: കത്തോലിക്കാ സഭയുടെ കച്ചവട താൽപ്പര്യങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ കൊച്ചിയിലെ കന്യാസ്ത്രീക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചു വരുന്നു. സ്‌കൂളിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ സഭയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെയാണ് സിസ്റ്റർ ടീന സഭയുടെ കണ്ണിൽ കരടായി മാറിയത്. ടീനയെ കന്യാസ്ത്രീ പദവിയിൽ നിന്നും ഒഴിവാക്കാൻ പോലും ശക്തമായ ശ്രമങ്ങളാണ് നടന്നത്. ഇതേക്കുറിച്ചാണ് മറുനാടന്റെ നാലാമത്തെ റിപ്പോർട്ട്.

റീസ്‌ക്രിപ്റ്റ് ഒപ്പിട്ടു വാങ്ങാതിരുന്നതോടെ സിസ്റ്റർ ടീന ഞാറയ്ക്കൽ പ്രശ്‌നത്തിൽ നിന്നു പിന്മാറാൻ ഭാവമില്ലന്നു തിരിച്ചറിഞ്ഞ സഭ അനുരഞ്ജനത്തിന്റെ ആട്ടിൻ തോൽ എടുത്തണിഞ്ഞു. ഒരുദിവസം സന്ധ്യക്ക് റാണി മാത മഠത്തിലേയ്ക്ക് സിസ്റ്റർ ടീനയെ തേടി പോട്ടയിലെ പനയ്ക്കലച്ചന്റെ ഫോൺ കോൾ എത്തി. അച്ചൻ പറഞ്ഞു മോളെ അച്ചന് അത്യാവശ്യമായി ഒന്നു കാണണം. നാളെ രാവിലെ തന്നെ എത്തിക്കൊള്ളാം എന്ന് സിസ്റ്റർ മറുപടി പറഞ്ഞു. അത്യാവശ്യമാണ് മോള് ഒരു ടാക്‌സി വിളിച്ച് പോരെ പണം അച്ചൻ കൊടുത്തുകൊള്ളാം എന്ന് പനയ്ക്കലച്ചൻ പറഞ്ഞു. എന്തോ പ്രധാനപ്പെട്ട കാര്യം അച്ചനു പറയാനുണ്ടാവും എന്ന വിശ്വാസത്തിൽ ഒറ്റയ്ക്കു ഇത്രയും ദൂരം ടാക്്‌സിയിൽ പോകാനുള്ള വിഷമം മൂലം ഞാറയ്ക്കിലിലുള്ള സി.ആനി ജെയ്‌സിന കൂടെ കൂട്ടി പനയ്ക്കലച്ചന്റെ അടുത്തെത്തി.

അവിടെ ചെന്നപ്പോൾ തന്നെ അച്ചൻ വിളിപ്പിച്ച കാര്യം മനസിലായി. സന്ദർശക മുറിയിൽ സിഎംസി സഭയുടെ മുതിർന്ന സിസ്റ്റർമാർ ഇരിക്കുന്നു. അച്ചനു പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം സ്‌കൂൾ പള്ളിക്ക് കൊടുക്കുന്നതിനെ എതിർക്കരുത്. സിസ്റ്റർ ടീന അച്ചനോട് കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു. കാര്യങ്ങൾ മനസിലായ അച്ചൻ പറഞ്ഞു ഞാൻ കാര്യങ്ങൾ ഈ രീതിയിൽ അല്ല അറിഞ്ഞത്. എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഏതായാലും കേസ് കോടതിയിൽ നടക്കുകയല്ലെ അതിന്റെ വിധിക്ക് അനുസരിച്ച് കാര്യങ്ങൾ ചെയ്യാമെന്ന് സഭാധികാരികൾക്ക് കത്തു നൽകുക എന്ന്. ഈ സംഭവത്തിന് ചില ദിവസങ്ങൾക്ക് ശേഷം മദർ ജനറാൽ സി.എഡ്വേർഡ് മഠത്തിലെത്തി സി.ടീനയെ ചർച്ചയ്ക്ക് വിളിച്ചു. സമയം വൈകുന്നേരം ആറര. മദറിനും പറയാൻ ഒന്നേ ഒള്ളു സ്‌കൂൾ പള്ളിക്ക് വിട്ടു കൊടുക്കാൻ ഞാറയ്ക്കൽ സിസ്റ്റേസിനോട് പറയുക.

കേസുകളിൽ നിന്ന് എല്ലാം പിന്മാറുക. ടീന പറഞ്ഞാലെ അവർ അനുസരിക്കൂ. പകരമായി ടീനയ്ക്ക് എന്തു വേണമെങ്കിലും ചോദിച്ചോളു അമ്മതരാം..അവിടെയും ടീന തന്റെ ഉറച്ച നിലപാട് തുടർന്ന് . മദറിന് വിടാൻ ഭാവമില്ലായിരുന്നു. വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടെയിരുന്നു. ചർച്ച വെളുപ്പിന് മൂന്നു മണി വരെ തുടർന്നു. ടീനയും നിലപാടിൽ ഉറച്ചു നിന്നു. 3 ദിവസങ്ങൾക്കു ശേഷം 2009 ജൂൺ 3നു സി. ടീന കൂനമ്മാവിൽനിന്നും എറണാകുളത്തേക്ക് കെഎസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് 2 കി.മീ. പിന്നിട്ടപ്പോൾ സി. ടീന ബസിൽ നിന്നും തെറിച്ച് റോഡിൽ വീണു (അത് ഒരു ആക്‌സിഡന്റായി സിസ്റ്റർ ഇന്നും വിശ്വസിക്കുന്നില്ല) മഠത്തിലും ബിഷപ്പ് ഹൗസിലും വിവരം അറിയിച്ചു. മറുപടി ഞെട്ടിക്കുന്നതായിരുന്നു. 'അവരുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടുകയില്ല. അവരെ സഹായിക്കാൻ വേറെ ആളുകളുണ്ട് ' നാട്ടുകാർ ചേർന്ന് സി. ടീനയെ എറണാകുളം ലിസ്സി ആശുപത്രിയിൽ എത്തിച്ചു. വലതുകാലിൽ രണ്ടൊടിവ്, തോളെല്ലു തകർന്നു,വലതുവശത്തെ വാരിയെല്ലുകൾ നാലെണ്ണം ഒടിഞ്ഞു.

തലയിൽ പതിനെട്ട് തുന്നലുകൾ ഏഴു ദിവസം അബോധാവസ്ഥയിൽ. ബോധം തെളിഞ്ഞപ്പോഴോ... ശരീരം മുഴുവൻ പ്ലാസ്റ്ററിൽ പരസഹായമില്ലാതെ അനങ്ങാൻകൂടി കഴിയാത്ത അവസ്ഥ. ഈ അവസ്ഥയിൽ കഴിയുന്ന ആളോടു ക്രിസ്തുവിന്റെ സ്്ഥാനപതികളായ സഭാ അധികാരികൾ ചെയ്തത് ലോകത്തെ ഏറ്റവും ക്രൂരനായ മനുഷ്യൻ പോലും ചെയ്യാത്തതാണ്. കോൺവെന്റിലുള്ള ആരും ടീനയെ കാണുകയോ മിണ്ടുകയോ അവരുടെ കാര്യത്തിൽ ഇടപെടുകയൊ ചെയ്യാൻ പാടില്ല എന്ന വിലക്ക് പുറപ്പെടുവിച്ചു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേദിവസം ജൂൺ 26 ന് അന്നത്തെ ദീപികപ്പത്രത്തിൽ ഒരു അപൂർവമായ പരസ്യം സി. ടീനയുടെ ചിത്രം സഹിതം 'സി.. ടീനയെ സഭാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സി.എം.സി. സഭയിൽ നിന്നും പുറത്താക്കിയിരിക്കുന്നു.

' പുറത്താക്കപ്പെട്ടയാളെ ഈ വിവരം അറിയിച്ചതാണ് ഏറ്റവും രസകരം. ദീപികയുടെ ഒരു പ്രതി ടീന കിടന്നിരുന്ന മുറിയുടെ ജനലിന് ഇടയിലൂടെ തള്ളിവച്ചിരുന്നു. പുറത്താക്കിയ വിവരം അറിഞ്ഞ ടീന പുറത്തു പോവാൻ തയ്യാറല്ലായിരുന്നു. മഠാധികാരികളുടെ ഈ നടപടിക്കെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്തു വന്നു. അവർ ഇന്ത്യയിലെ നുഷ്യോക്ക് പരാതി അയച്ചു. റോമിലെ മുഖ്യകാര്യാലയത്തിൽ നിന്നും മറുപടി ലഭിക്കുംവരെ നടപടി എടുക്കരുതെന്നും കാണിച്ചുള്ള നുൻഷ്യോയുടെ മറുപടി കിട്ടി. അതോടെ മറുപടി വരാതിരിക്കാനും നടപടി ത്വരിതപ്പെടുത്താനുമായി മേജർ ആർച്ച് ബിഷപ്പ് വർക്കി വിതയത്തിൽ റോമിൽ പോയി മഠാധികാരികൾക്ക് അനുകൂലമായ കത്ത് കയ്യിൽ വാങ്ങി എത്തി. ഇതോടെ ജോയിന്റ് ക്രസ്ത്യൻ കൗൺസിൽ നേതാക്കളായ ടീനയുടെ സഹോദരൻ ജെറിയും ഫെലിക്‌സ് പുല്ലൂടനും ജാസഫ് വളിവിലുമൊക്കെ ചേർന്ന് അഡ്വ. വർഗീസ് പറമ്പിൽ വഴി കോടതിയെ സമീപിച്ച് മഠാധികൃതരുടെ നടപടി സ്റ്റേ ചെയ്തു.

കോടതി വിധിയെ കാറ്റിൽ പറത്തി സി.എം.സി. നേതൃത്വം ആശുപത്രിയിൽനിന്നും ഡിസ്ചാർജായ ടിനയെ മഠത്തിലെടുക്കാതെ ആശുപത്രിയിൽത്തന്നെ ഉപേക്ഷിച്ചു. ഇതറിഞ്ഞ സാമൂഹ്യപ്രവർത്തകർ ഇടപെട്ട് പ്രതിഷേധിച്ചു. ഫാ. പോൾ തേലക്കാട്ടും ലിസ്സി ആശുപത്രി ഡയറക്ടർ ഫാ. മാത്യുവുമൊക്കെ ഇടപെട്ട് മഠാധികാരികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജൂലൈ 13നു ടീനയെനായരമ്പലത്തെ സി.എം.സി. മഠത്തോടനുബന്ധമായി ഡോ. സിസ്റ്റർ ഐഡയുടെ ഉദയഭവൻ ക്ലിനിക്കിലെ ഒരു മുറിയിൽ ഏകാന്തതടവുപുള്ളിയെപ്പോലെ മാറ്റിപാർപ്പിച്ചു ഒരു ശുശ്രൂഷകയായി മേരിയെ ഒരു സ്ത്രീയെ ഏർപ്പെടുത്താനുള്ള ഔദാര്യം സഭാധികാരികൾ കാണിച്ചു. റാണിമാതായിലേക്കെന്നല്ല ഒരു കോവെന്റിലേക്ക് ഇനി പ്രവേശിപ്പിക്കില്ലെന്നു അധികാരികൾ തീർത്തു പറഞ്ഞു. ടീനയോട് അനുഭാവ പൂർവ്വം പെരുമാറിയതിന്റെ പേരിൽ ഡോ. സി. ഐഡയെ അവിടെ നിന്നും ട്രാൻസ്ഫർ നൽകി മാറ്റി വർഷങ്ങളോളം പാവങ്ങൾക്ക് സൗജന്യചികിൽസ നൽകിയിരുന്നു ഉദയഭവൻ അടച്ചു പൂട്ടിയെന്നത് മറ്റൊരു സംഭവം.

ഇവിടെ മുകളിൽ മഠവും താഴെ ക്ലിനിക്കും ആയിരുങ്കെിലും ടീനയ്ക്ക് മഠത്തിൽ പ്രവേശനമില്ലായിരുന്നു.ഇതുകൊണ്ടൊും അധികാരികളുടെ പ്രതികാരദാഹം അടങ്ങിയില്ല. അവർ ടീനയുടെ സഭാവസ്ത്രം അഴിപ്പിക്കാൻ അവസരം തേടിക്കൊണ്ടേയിരുന്നു.ഒടുവിൽ അവർ തന്നെ അവസരം ഉണ്ടാക്കാൻ തീരുമാനിച്ചു അന്നത്തെ മദർ പ്രൊവിൻഷ്യാളിന്റെ ഒത്താശയോടെ അമൽ എന്നൊരാൾ സി.ടീനയെ തേടിയെത്തി. അയാൾക്കു സിസ്റ്റർ ടീനയെ കല്യാണം കഴിക്കണം. ശുശ്രൂഷക വഴി ആവശ്യം ടീനയുടെ അടുത്തെത്തി. ടീന അതിനു വഴങ്ങണം. ഇതായി അധികാരികളുടെ ഡിമാന്റ്. സിസ്റ്റർ ആവശ്യം പുച്ഛിച്ചു തള്ളി.ഒരു വർഷം കഴിഞ്ഞിട്ടും, സ്വന്തം കാര്യങ്ങൾ സ്വയംചെയ്യാൻ പ്രാപ്തിയുണ്ടായിട്ടും സിസ്റ്ററെ മഠത്തിൽ പ്രവേശിപ്പിച്ച് ഭക്ഷണം നൽകാൻ പോലും മഠാധികാരികൾ തയ്യാറായില്ല. ഇതിനിടെ ടീനയുടെ ശുശ്രൂഷക്കാരി മാറി പുതിയ ഒരു പെൺകുട്ടി ആചുമതലയിൽ എത്തി. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത സി.ടീന ശുശ്രൂഷക്കാരിയെ മാറ്റാൻ മറ്റാൻ ആവശ്യപ്പെട്ടു.

മൂന്നു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അവർ മദറിനോടു കാരണം തിരക്കി. മദർ പ്രൊവിൻഷ്യൽ സമ്മതിച്ചെങ്കിലും അനുമതിക്കായി മദർ ജനറാളെ ബന്ധപ്പെട്ടപ്പോൾ ജനറാൾ തടഞ്ഞു കുട്ടിയെ മാറ്റാൻ പാടില്ല. ഇതേത്തുടർന്ന് 2010 സെപ്റ്റംബർ 20നു ടീന ജനറാളിനെ നേരിൽക്കാണാനായി ആലുവ ജനറലേറ്റിലെത്തി. കാര്യങ്ങൾ പറഞ്ഞു. തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ടു മഠത്തിൽ പ്രവേശിപ്പിക്കുന്നില്ലെ ടീനയുടെ ചോദ്യത്തിനു മറുപടിയായി ജനറാൾ നയം വ്യക്തമാക്കി കോടതിവിധി സഭയ്ക്കു ബാധകമല്ല. അമ്പരുന്നു പോയ സി. ടീന ജനറാളിന്റെ മഠത്തിൽ നിരാഹാരസത്യഗ്രഹം ആരംഭിച്ചു. അധികാരികൾ വഴങ്ങിയില്ല.. ക്ഷേമാന്വേഷണത്തിനെത്തിയ സഹോദരൻ ജെറി വിവരം അറിഞ്ഞപ്പോൾ ഏഴു ദിവസം പിന്നിട്ടിരുന്നു.

വിവരം പുറംലോകം അറിഞ്ഞു. ആർ.ഡി..ഒ., തഹസിൽദാർ മുതലായവർ ഇടപെട്ടു. ടീനയുടെ ആവശ്യങ്ങൾ ന്യായമാണെു ഉദ്യോഗസ്ഥരെല്ലാം അംഗീകരിച്ചു. എന്നിട്ടും സഭാധികാരികൾ വഴങ്ങിയില്ല. ഇതേത്തുടർന്ന് സെപ്റ്റംബർ 30നു രാവിലെ 10 മുതൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രവർത്തകർ ആലുവാ സി.എം.സി. ജനറലേറ്റിനു മുൻപിൽ സത്യാഗ്രഹം ആരംഭിച്ചു. അതോടെ ടീനയുടെ എല്ലാ ഡിമന്റുകളും അംഗീകരിച്ച് അവരെ എറണാകുളം റാണിമാതാ കോവെന്റിൽ തിരിച്ചെടുത്തു. 2014 ൽ ഞാറയ്ക്കലിൽ അച്ചന്മാരുടെ അടി കൊണ്ട സിസ്റ്റർ റെയ്‌സിയും കാലുമാറി സഭാധികാരികൾക്ക് ഒപ്പം ചേർന്നു.സി.റാണി ജെയ്‌സ് ഇൻഡോറിലേക്കും പോയി.സി. ടീന തികച്ചും ഒറ്റക്കായി. കഴിഞ്ഞ ആറു വർഷമായി ആർക്കും വേണ്ടാതെ സഹസന്യാസിനികളുടെ കുത്തുവാക്കുകളും കേട്ട് സിസ്റ്റർ ടീന അവിടെ ഇപ്പോഴും റാണിമാതാ മഠത്തിൽ കഴിയുകയാണ്. എന്തെല്ലാം നേരിടേണ്ടി വന്നാലും ലൗകിക ജീവിതം ഉപേക്ഷിച്ച്് സ്‌ന്യസ്ത വഴി സ്വീകരിച്ചയാളാണ് താൻ മരണം വരെ അങ്ങനെ തന്നെയായിരിക്കുകയും ചെയ്യുമെന്ന നിശ്ചയദാർഢ്യത്തോടെ...

(അവസാനിച്ചു)

ഈ വാർത്ത പോലെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന മറുനാടനിൽ മാത്രം വായിക്കാൻ സാധിക്കുന്ന നാലോ അഞ്ചോ സ്‌പെഷ്യൽ വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴേ നിങ്ങൾക്ക് അലർട്ട് ചെയ്യാൻ ഈ പ്രത്യേക ഫേസ്‌ബുക്ക്
അക്കൗണ്ട് ലൈക്ക് ചെയ്യുക