കോട്ടയം: ''ഭിന്നശേഷിക്കാർക്കു വേണ്ടതു സാമ്പത്തിക സഹായമല്ല. കഴിവുകൾ തെളിയിച്ചു മുന്നേറാനുള്ള അവസരമാണ്'' കോട്ടയം ആർപ്പൂക്കര സ്വദേശി അനീഷ് മോഹന്റെ വാക്കുകളാണിത്. ജീവിതദുരിതങ്ങളോടു മല്ലിട്ട് ഒരു കര പറ്റാമെന്ന വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുമ്പോഴാണ് ദുരന്തമായി ഒരു ട്രെയിൻ അപകടം അനീഷിനെ തേടിയെത്തിയത്. നഷ്ടമായത് വലതു കൈയും ഇടതുകാലും. ഒരുപാടു സ്വപ്നങ്ങൾ കണ്ടുമുന്നേറുന്ന ആരെയും തളർത്തും ഈ ഒരവസ്ഥ. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുവരെ തോന്നാവുന്ന സാഹചര്യം.

എന്നാൽ, ദുരിതപൂർണമായ സാഹചര്യങ്ങളിൽ നിന്ന് മനക്കരുത്തു കൈമുതലാക്കി, കണ്ട സ്വപ്‌നങ്ങളൊക്കെ പൂർത്തീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനീഷ് മോഹൻ എന്ന ചെറുപ്പക്കാരൻ. ഭിന്നശേഷിക്കാരെ സഹാനുഭൂതിയോടെ മാത്രം കണ്ടു സാമ്പത്തികസഹായം നൽകുന്ന അവസ്ഥയല്ല സമൂഹത്തിനു വേണ്ടെതന്ന് അനീഷ് മറുനാടൻ മലയാളിയോടു പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ഏതു മേഖലയിൽ മികവു തെളിയിക്കാൻ ആകുമെന്നു കണ്ടെത്തണം. എന്നിട്ട് അവർക്ക് അതിനായി വേണ്ട സഹായങ്ങൾ ചെയ്തു നൽകണം. എങ്കിലേ, അവരും ഈ സമൂഹത്തിൽ തുല്യരാണെന്ന ബോധം സൃഷ്ടിക്കാനാകു എന്നും അനീഷ് പറയുന്നു.

വ്യക്തികേന്ദ്രീകൃതമായ പരിശീലനമാണ് (Person Centred Approach) അവർക്കു നൽകേണ്ടത്. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന കഴിവുകൾ എന്തെന്നു കണ്ടെത്തണം. അതിനായി പ്രത്യേക പരിശീലനപരിപാടികൾ തന്നെ ആവശ്യമാണ്. ഇപ്കായ് എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഡയറക്ടർ മാത്യു കണമലയ്‌ക്കൊപ്പം ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇത്തരത്തിലുള്ള പരിശീലനപരിപാടിയുടെ ഇ-ലേണിങ് പതിപ്പ് തയ്യാറാക്കിയിരിക്കുകയാണ് അനീഷ്. ബ്രിട്ടീഷ് സ്‌കോളർഷിപ്പോടെ മാഞ്ചസ്റ്ററിലും വെയിൽസിലും പരിശീലനത്തിനുശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് അനീഷ് കൂടുതൽ ചിന്തിച്ചത്. ഹെലൻ സാൻഡേഴ്‌സൺ അസോസിയേറ്റ്‌സ് എന്ന സംഘടനയുടെ സഹായത്തോടെയാണ് അനീഷ് പരിശീലന പരിപാടിക്കു രൂപം നൽകിയത്. ഭിന്നശേഷിക്കാർക്കു മാത്രമല്ല, നിഷേധാത്മക ചിന്തകളുമായി ജീവിതം തള്ളിനീക്കുന്ന ആർക്കും മുന്നോട്ടു വരാനും ജീവിതത്തെ സദ്ചിന്തകളോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള ലക്ഷ്യത്തോടെയാണു പരിശീലന പരിപാടി.

21ാം വയസിലാണ് ട്രെയിൻ അപകടം അനീഷിന്റെ ജീവിതം തച്ചുതകർത്തത്. കൃത്യമായി പറഞ്ഞാൽ 2009 ഒക്ടോബർ 17ന്. കോട്ടയം ആർപ്പൂക്കര സ്വദേശിയായ അനീഷ് വീട്ടിലേക്കുള്ള അവസാന ബസ്സിൽ കയറാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് തിരക്കിട്ട് പോകുമ്പോൾ കാൽതട്ടി പാളത്തിൽ വീഴുകയായിരുന്നു. കുതിച്ചെത്തിയ ട്രെയിൻ അനീഷിന്റെ വലതുകൈയും ഇടതുകാലും കൊണ്ടുപോയി.

ഏറെ നാൾ ആശുപത്രിക്കിടക്കയിൽ. ഒടുവിൽ കൃത്രിമോപകരണങ്ങളുടെ സഹായത്തോടെ പതിയെപ്പതിയെ ജീവിതത്തിലേക്ക്. ശാരീരിക സന്തുലനം നഷ്ടമാക്കുന്ന ഭാരമേറിയ കൃത്രിമ അവയവങ്ങൾ പിന്നോട്ടു വലിക്കുമ്പോഴും മനക്കരുത്ത് ഒന്നു കൊണ്ടു മാത്രം മുന്നോട്ടുള്ള യാത്ര. ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ തള്ളിനീക്കിയ നാളുകളിൽ പൂർണപിന്തുണയേകിയത് അച്ഛൻ മോഹനനും അമ്മ വൽസയും സഹോദരൻ അരുണും സുഹൃത്തുക്കളുമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നെങ്കിലും ഈ കുടുംബം അനീഷിന് ധൈര്യം പകർന്നു. അവരുടെ സ്‌നേഹത്തിലൂടെ അനീഷ് ജീവിതത്തിലേക്കു മടങ്ങി.

പാലാ പോളിടെക്‌നിക്കിൽനിന്ന് ഇൻസ്ട്രുമെന്റേഷനിൽ റാങ്കോടെ ഡിപ്ലോമ നേടിയ ഉടനെയായിരുന്നു അപകടം. ഇതോടെ, ആ മേഖലയിൽ ജോലിക്കു പ്രവേശിക്കാനുള്ള സാധ്യതയും തകർന്നു. ജീവിക്കാൻ അന്യരെ ആശ്രയിക്കേണ്ടിവരുമെന്ന ദുഃഖമായിരുന്നു രക്ഷിതാക്കൾക്കും. പക്ഷേ, ഇതിൽ തളരാതെ ജീവിതത്തിലേക്കു വീണ്ടും അനീഷ് പിച്ചവച്ചു തുടങ്ങി.

2012ൽ എം.ജി.സർവകലാശാലയിൽനിന്ന് കൗൺസലിങ്ങിൽ പരിശീലനം നേടി. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സണൻൽ സെന്റേർഡ് അപ്രോച്ചസ് ഇൻ ഇന്ത്യ (ഐപിസിഎഐ-ഇപ്കായ്) എന്ന പരിശീലന സംഘടനയുടെ ദേശീയ സംഘാടകനും പരിശീലകനുമായി. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് എംഎസ്ഡബ്ല്യു വകുപ്പ് മേധാവിയും ഇപ്കായ് ഡയറക്ടറുമായ മാത്യു കണമലയുടെ പ്രോത്സാഹനം കൂടി ലഭിച്ചപ്പോൾ അനീഷ് തന്റെ മേഖല ഇതാണെന്നു തിരിച്ചറിയുകയായിരുന്നു. അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് ഇപ്കായ് പരിശീലനം നൽകുന്നത്. ഇതിനോടകം അറുനൂറിലേറെ പരിശീലന ക്ലാസുകൾക്ക് അനീഷ് നേതൃത്വം നൽകുകയും ചെയ്തു.

തകർന്നു പോകുമായിരുന്ന ജീവിതം മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടും വിധത്തിൽ തിരിച്ചുവിട്ട അനീഷിനെത്തേടി ഇതിനിടെ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവുമെത്തി. മികച്ച ഭിന്നശേഷി വിഭാഗം പരിശീലകർക്ക് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് 2014ൽ അനീഷിനെ തേടിയെത്തിയത്. കൃത്രിമക്കൈയും കാലും പിടിപ്പിച്ച അനീഷ് നടക്കുകയും സൈക്കിൾ ചവിട്ടുകയും മാത്രമല്ല, കാറും ബൈക്കും ഓടിക്കുകയും ചെയ്യും. ഒരു കാര്യത്തിനും പരസഹായം തേടാറുമില്ല.

തനിക്ക് ഇനി ചെയ്യാനുള്ളത് ഭിന്നശേഷിയുള്ളവർക്കായി ഒരു പുതുലോകം തുറക്കുകയാണെന്നു തിരിച്ചറിയുകയാണ് അനീഷ്. അതിനായുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ ഇടപെടൽ നടത്തുന്നുണ്ട്. ഭിന്നശേഷിയുള്ളവർക്കായി കോട്ടയം കലക്ടറേറ്റിൽ ലിഫ്റ്റ് സ്ഥാപിക്കാനുള്ള ഉത്തരവെത്തിയത് അനീഷിന്റേയും കൂടി നിരന്തരമായ ആവശ്യത്തെ തുടർന്നാണ്. എല്ലാപൊതുമേഖല സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ ഉത്തരവു പുറപ്പെടുവിച്ചതും അനീഷിന്റെ ഇടപെടലുകളുടെ ഫലമായാണ്.

ഇതിനിടയിലും കൃത്രിമക്കൈയും കാലും അനീഷിനു ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. ഇനിയും ഒരുലക്ഷത്തിലേറെ രൂപയുടെ ചെലവു വരും ഇക്കാര്യം ശരിയാക്കാൻ. എന്നാൽ, അതൊന്നും വകവയ്ക്കാതെയാണ് തന്നെപ്പോലെയുള്ള മറ്റുള്ളവർക്കു വേണ്ടിക്കൂടി അനീഷ് മുന്നോട്ടു നീങ്ങുന്നത്.

''സദ്ചിന്തകളോടെയാണു സമൂഹം മുന്നേറേണ്ടത്. ഭിന്നശേഷിക്കാരെ ഉയർത്തിക്കൊണ്ടു വരേണ്ട കടമ സമൂഹം ഏറ്റെടുക്കണം. അവർക്ക് ആവശ്യമായ അവസരങ്ങൾ നൽകണം. അങ്ങനെ അവരെക്കൂടി സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ടുവരണം. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തെ നിരാശരായി മാത്രം സമീപിക്കുന്ന ആൾക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്.'' അനീഷ് പറയുന്നു.

താൻ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായ ഈ ചെറുപ്പക്കാരനെ വേദനിപ്പിക്കുന്ന ഒരു ഘടകം മാത്രമാണുള്ളത്. മികച്ച വാദ്യകലാകാരനായിരുന്ന അനീഷിനു തനിക്കേറെ പ്രിയപ്പെട്ട ചെണ്ട വായിക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം. എന്നാൽ, ഈ വിഷമം മറികടക്കാനുള്ള ശ്രമത്തിലാണ് അനീഷ്.

ഒരു പുസ്തകരചനയ്ക്കു തയ്യാറെടുക്കുന്ന അനീഷ് തുടർന്നു സംഗീതം പഠിക്കാനും സമയം കണ്ടെത്തും. തന്റെ പേരിൽ ഒരു ഫേസ്‌ബുക്ക് പേജും അനീഷ് തുടങ്ങിയിട്ടുണ്ട്. തന്റെ അവസ്ഥയിലുള്ള പലർക്കും ജീവിതസാഹചര്യങ്ങൾ അനുകൂലമാക്കാനുള്ള പരിശ്രമം തുടരാനായാണു സോഷ്യൽ മീഡിയയുടെ സഹായം കൂടി അനീഷ് തേടുന്നത്. ഭിന്നശേഷിക്കാരെ മാറ്റിനിർത്തുന്നിടത്തൊക്കെ അവരുടെ ശബ്ദവും വെളിച്ചവുമായി അവർക്കൊപ്പം ഇനിയും പോരാടാനാണ് അനീഷിന്റെ തീരുമാനം. വൈകല്യത്തെയും വിധിയെയും പഴിച്ച് വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുന്ന ഒരാൾ പോലും ഇനിയുണ്ടാകരുതെന്ന ലക്ഷ്യമാണ് അനീഷിനുള്ളത്.