- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെട്രോമാനെ കൊണ്ട് കമ്മീഷൻ മോഹികൾക്ക് മടത്തു; ലൈറ്റ് മെട്രോയിൽ ഡിഎംആർസിയെ ഒഴിവാക്കാൻ 'ടെണ്ടർ' ചർച്ച ഉദ്യോഗസ്ഥ ലോബി സജീവാക്കും; വിവാദത്തിൽ മനംമടുത്ത് ഇ ശ്രീധരനും; ഇനി നിർണ്ണായകം പിണറായിയുടെ മനസ്സ്
തിരുവനന്തപുരം: കോഴിക്കോട് തിരുവനന്തപുരം എന്നീ നഗരങ്ങളിലെ നിർദ്ദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചേക്കില്ല. നിലവിൽ പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര അനുമതിക്കായുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. പദ്ധതിയുടെ ഇടക്കാല കൺസൽട്ടന്റായി പ്രാരംഭ നടപടികൾക്കായി ഡിഎംആർസിയെ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര അനുമതി ലഭിച്ച ശേഷം ടെണ്ടർ നടപടിയിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. ഇത് മെട്രോ മാൻ ഇ ശ്രീധരനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ്. ടെണ്ടർ നടപടികളിൽ പങ്കെടുത്ത് ലൈറ്റ് മെട്രോയുമായി സഹകരിക്കില്ലെന്ന് ശ്രീധരനും ഡൽഹി മെട്രോ റയിൽ കോർപ്പറേഷനും നേരത്തെ തന്നെ നിലപാട് എടുത്തിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ടെണ്ടർ അനിവാര്യതയാക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭപണികൾക്കുള്ള ഇടക്കാല കൺസൾട്ടൻസി കരാറിൽ ഡിഎംആർസിയും സർക്കാരും ഒപ്പിട്ടിരുന്നു. കേന്ദ്രസർക്കാറിന്റെ തത്ത്വത്തിലുള്ള അനുമതി നേട
തിരുവനന്തപുരം: കോഴിക്കോട് തിരുവനന്തപുരം എന്നീ നഗരങ്ങളിലെ നിർദ്ദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചേക്കില്ല. നിലവിൽ പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര അനുമതിക്കായുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. പദ്ധതിയുടെ ഇടക്കാല കൺസൽട്ടന്റായി പ്രാരംഭ നടപടികൾക്കായി ഡിഎംആർസിയെ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര അനുമതി ലഭിച്ച ശേഷം ടെണ്ടർ നടപടിയിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. ഇത് മെട്രോ മാൻ ഇ ശ്രീധരനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ്. ടെണ്ടർ നടപടികളിൽ പങ്കെടുത്ത് ലൈറ്റ് മെട്രോയുമായി സഹകരിക്കില്ലെന്ന് ശ്രീധരനും ഡൽഹി മെട്രോ റയിൽ കോർപ്പറേഷനും നേരത്തെ തന്നെ നിലപാട് എടുത്തിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ടെണ്ടർ അനിവാര്യതയാക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭപണികൾക്കുള്ള ഇടക്കാല കൺസൾട്ടൻസി കരാറിൽ ഡിഎംആർസിയും സർക്കാരും ഒപ്പിട്ടിരുന്നു. കേന്ദ്രസർക്കാറിന്റെ തത്ത്വത്തിലുള്ള അനുമതി നേടിയെടുക്കുന്നത് വരെയുള്ള ജോലികൾക്കാണ് ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. കോച്ചുകൾ വാങ്ങാനുള്ള കരാറുണ്ടാക്കുക, കോച്ചുകളുടെ ഡിസൈൻ തീരുമാനിക്കുക, കരാർ വിളിക്കുക, കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 17.47 ഹെക്ടർ സർക്കാർ ഭൂമിയും 4.62 ഹെക്ടർ സ്വകാര്യഭൂമിയും ഏറ്റെടുക്കുക, ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് രൂപരേഖയുണ്ടാക്കുക, പൈപ്പ്‌ലൈനുകളും വൈദ്യുതി ടെലിഫോൺ പോസ്റ്റുകളും മാറ്റിയിടുക എന്നിവയെല്ലാം പ്രാരംഭകരാറിൽ ഉൾപ്പെടും. 6728 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിന് ശേഷമുള്ള നിർമ്മാണക്കരാറിൽ ടെണ്ടർ നടപടികളിലേക്ക് കടക്കാനാണ് ഉദ്യോഗസ്ഥ തല നീക്കം. കൊച്ചി മെട്രോയിൽ നിന്നും ശ്രീധരനെ ഒഴിവാക്കാൻ നീക്കം ഉണ്ടായിരുന്നു. എന്നാൽ പൊതുജനങ്ങളുടെ ഇടപെടൽ മൂലം നടന്നില്ല. അന്ന് തന്നെ ഡിഎംആർസി, ഡൽഹി സർക്കാരിന് കീഴിലാണെന്നും അതിനാൽ ടെണ്ടർ ഇല്ലാതെ പദ്ധതി നൽകണമെന്നും ശ്രീധരൻ നിലപാട് എടുത്തു. പദ്ധതിയുടെ നിർമ്മാണം ഡിഎംആർസിക്ക് നൽകിയില്ലെങ്കിൽ താൻ പദ്ധതിയുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് ടെണ്ടർ ഡിഎംആർസിക്ക് തന്നെ നൽകിയത്. എന്നാൽ കൊച്ചി മെട്രോ പറഞ്ഞ സമയത്ത് ശ്രീധരൻ പൂർത്തിയായില്ല. ഈ സാഹചര്യം ഉയർത്തി ലൈറ്റ് മെട്രോയിൽ നിന്ന് ശ്രീധരനെ ഒഴിവാക്കാനാണ് നീക്കം. കമ്മീഷൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിൽ.
ഡിഎംആർസിക്ക് പദ്ധതി നൽകിയാൽ കമ്മീഷൻ ഇനത്തിൽ ഒരു തുക പോലും കിട്ടില്ല. കൊച്ചി മെട്രോയിലും ഇത് സംഭവിച്ചു. ലൈറ്റ് മെട്രോയിൽ എങ്കിലും കമ്മീഷൻ ഉറപ്പിക്കാനാണ് ശ്രീധരനെ മാറ്റാനുള്ള നീക്കം. അതിനായി സ്വകാര്യപങ്കാളിത്തത്തോടെ മീഡിയം മെട്രോ വേണമെന്ന ധനവകുപ്പിന്റെ നിർദ്ദേശമെത്തി. സ്വകാര്യപങ്കാളിത്തം വേണമെന്ന് ധനവകുപ്പ് നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിൽ ഡി.എം.ആർ.സി. പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യപങ്കാളിത്തത്തോടെ മെട്രോ പദ്ധതി നടപ്പാക്കുന്നത് പരാജയമാകുമെന്ന് ശ്രീധരൻ വിശദീകരിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ശ്രീധരന് അനുകൂലമായതോടെ ഈ അട്ടിമറിക്കൽ പൊളിഞ്ഞു. സർക്കാർ മാറിയ സാഹചര്യത്തിൽ ടെണ്ടറെന്ന പുതിയ കുരുക്ക് സജീവമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ ഇനി നിർണ്ണായകം. അതിനിടെ വിവാദങ്ങൾ ഉണ്ടാക്കി ലൈറ്റ് മെട്രോ പദ്ധതി ഏറ്റെടുക്കാൻ ശ്രീധരനും താൽപ്പര്യമില്ലെന്നാണ് സൂചന.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലൈറ്റ് മെട്രോയ്ക്ക് കരാർ വേണമെന്ന് തിരുവനന്തപുരത്തെ സിപിഐ(എം) നേതാക്കൾ നിലപാട് എടുത്തിരുന്നു. മുൻ എംഎൽഎ വി ശിവൻകുട്ടി ഇത് തുറന്നു പറയുകയും ചെയ്തു. ഇത് ഏറെ ചർച്ചയും ആയി. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. ടെണ്ടർ എന്ന ആശയത്തെ സിപിഐ(എം) അനുകൂലിക്കും. അങ്ങനെ ശ്രീധരനെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് മാത്രമാകും തീരുമാനങ്ങളെ സ്വാധീനിക്കുക. ശ്രീധരനെ പിണക്കാതെ സഹകരിപ്പിക്കാൻ തന്നെയാണ് പിണറായിയുടെയും ആഗ്രഹം. പിണറായി ഇക്കാര്യം തുറന്ന് പ്രഖ്യാപിച്ചാൽ മാത്രമേ കേരളത്തിലെ പദ്ധതികളുമായി ശ്രീധരൻ സഹകരിക്കൂ. അല്ലെങ്കിൽ കൊച്ചി മെട്രോയുടെ പൂർത്തികരണത്തോടെ ശ്രീധരനും ഡിഎംആർസിയും കേരളം വിടും.
തിരുവനന്തപുരത്ത് ടെക്‌നോസിറ്റിമുതൽ കരമനവരെയും കോഴിക്കോട്ട് മെഡിക്കൽ കോളേജ്മുതൽ മീഞ്ചന്തവരെയുമുള്ള ലൈറ്റ് മെട്രോ പദ്ധതികൾക്കായി 6728 കോടി രൂപയുടെ അടങ്കലാണ് ഡിഎംആർസി തയ്യാറാക്കിയത്. ഇതിൽ 4733 കോടി രൂപ ജപ്പാൻ ഇന്റർനാഷണൽ ബാങ്കും 1167 കോടി രൂപ സംസ്ഥാന സർക്കാരും 826 കോടി രൂപ കേന്ദ്രസർക്കാരും വഹിക്കണമെന്നാണ് ഡിഎംആർസിയുടെ പദ്ധതിരേഖയിൽ പറയുന്നത്. ജപ്പാൻ ബാങ്കിന്റെ സഹായം ലഭിക്കണമെങ്കിൽ പദ്ധതി സാമഗ്രികളുടെ 30 ശതമാനമെങ്കിലും ജപ്പാനിലെ സ്ഥാപനങ്ങളിൽനിന്നു വാങ്ങണമെന്ന വ്യവസ്ഥയുമുണ്ട്. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിൽ മേൽപ്പാലം നിർമ്മിക്കണം. കോഴിക്കോട്ട് പന്നിയങ്കരയിലാണ് മേൽപ്പാലം വേണ്ടത്.
വിശദപദ്ധതി റിപ്പോർട്ട് കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അനുമതി ഒമ്പതുമാസത്തിനകവും അന്തിമ അംഗീകാരം ഒന്നരവർഷത്തിനകവും ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥലമെടുപ്പ്, ടെൻഡർ ഡോക്യുമെന്റ് തയ്യാറാക്കൽ, റോഡ് വീതി കൂട്ടൽ, ഫ്‌ളൈഓവർ, സബ്വേ നിർമ്മാണം തുടങ്ങിയവയാണ് പ്രാരംഭഘട്ടത്തിൽ നടത്തുന്നത്. തിരുവനന്തപുരം ലൈറ്റ്‌മെട്രോയുടെ എസ്റ്റിമേറ്റ് തുക 3453 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുമ്പോൾ ഇത് 4219 കോടി രൂപയാകും. കോഴിക്കോട് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 2509 കോടി രൂപയാണ്. പൂർത്തിയാകുമ്പോൾ 2057 കോടി രൂപ വരും.
തിരുവനന്തപുരത്ത് മൂന്ന് കോച്ചും കോഴിക്കോട്ട് രണ്ട് കോച്ചുമുള്ള ട്രെയിനാണ് ഓടിക്കുക. ആവശ്യമെങ്കിൽ രണ്ടിടത്തും ഓരോ കോച്ച് അധികമായി ഘടിപ്പിക്കാം. ഒരു കോച്ചിൽ 200 പേർക്ക് വീതം യാത്ര ചെയ്യാം. ഭൂമി ഏറ്റെടുക്കലിന് തിരുവനന്തപുരത്ത് 175 കോടി രൂപയും കോഴിക്കോട്ട് 129 കോടി രൂപയും വേണ്ടിവരും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദപഠന റിപ്പോർട്ട് ഡി.എം.ആർ.സി. കഴിഞ്ഞ ഒക്ടോബറിലാണ് സർക്കാരിന് കൈമാറിയത്.