ഗ്ലാമർ വേഷങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഢ് സുന്ദരി ലിൻഡ്സെ ലോഹന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോൾ അറബി സൂക്തങ്ങളാണ് നിറയുന്നത്.സൗദി സുഹൃത്ത് സമ്മാനമായി നൽകിയ ഖുറാൻ ജീവിതവീക്ഷണം മാറ്റിയതിനെ തുടർന്ന് ഈ അഭിനേത്രി പൂർണമായും ഇസ്ലാമിക ജീവിതത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 30കാരിയായ ലോഹൻ ഇതിനെ തുടർന്ന് ഈ വീക്കെൻഡിൽ ഇൻസ്റ്റാഗ്രാമിലെ തന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിരിക്കുകയാണ്. അധികം വൈകാതെ സിനിമാ ലോകത്തോടും വിട പറയാനൊരുങ്ങുന്നതായും സൂചനയുണ്ട്. സോഷ്യൽ മീഡിയ സൈറ്റിലെ തന്റെ ബയോ അവർ അലയ്ക്കും സലാം എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ലോഹന്റെ മതംമാറ്റത്തെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി മുസ്ലീങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയുമുണ്ടായി. എന്നാൽ താൻ ഇസ്ലാമിലേക്ക് മാറിയെന്ന് ഈ അഭിനേത്രി ഔപചാരികമായി സ്ഥിരീകരിച്ചിട്ടില്ല.

തന്റെ പുതുവർഷവും ഹോളിഡേകളും ഇപ്രാവശ്യം ദുബായിലായിരുന്നു ലോഹൻ ചെലവഴിച്ചിരുന്നത്. ബ്രുക്ക്ലൈനിൽ കമ്മ്യൂണിറ്റി സർവീസ് ചെയ്തുകൊണ്ടിരിക്കെ ഖുറാന്റെ പതിപ്പ് കൈയിൽ പിടിച്ച് നിൽക്കുന്ന ലോഹന്റെ ചിത്രം 2015ൽ പുറത്ത് വന്നിരുന്നു. അവർ മതം മാറിയെന്ന സൂചനകൾ അപ്പോൾ തന്നെ ഉയർന്ന് വരുകയും ചെയ്തിരുന്നു.ഖുറാൻ തനിക്ക് ചില സുഹൃത്തുക്കൾ സമ്മാനമായി നൽകിയതാണെന്നായിരുന്നു തുർക്കിഷ് ടാക്ക്ഷോയായ ഹാബെർ ടുർക്കിൽ പങ്കെടുത്തുകൊണ്ട് ലോഹൻ വ്യക്തമാക്കിയിരുന്നത്.താനിത് പഠിക്കാൻ തുടങ്ങിയെന്നും നടി അന്ന് വെളിപ്പെടുത്തിയിരുന്നു. ആത്മീയതയുടെ മറ്റൊരു യഥാർത്ഥ തലം തനിക്കീ ഗ്രന്ഥം പകർന്ന് നൽകുന്നുവെന്നും ലോഹൻ വ്യക്തമാക്കിയിരുന്നു. താനാരാണെന്ന് തിരിച്ചറിയാനും ഖുറാൻ സഹായിച്ചുവെന്നവർ പറയുന്നു.

എന്നാൽ ഖുറാൻ പിടിച്ച് നിൽക്കുന്ന തന്റെ ചിത്രം പുറത്ത് വന്നതിനെ തുടർന്ന് താൻ അമേരിക്കയിൽ വച്ച് കടുത്ത വിമർശനത്തിന് വിധേയായെന്നും ലോഹൻ വെളിപ്പെടുത്തിയിരുന്നു.എന്നാൽ ലണ്ടനിലെത്തിയതോടെ കൂടുതൽ സന്തോഷം തോന്നുകയും ചെയ്തിരുന്നുവെന്ന് നടി പറയുന്നു. നിരവധി മതങ്ങളിൽ തനിക്ക് താൽപര്യമുണ്ടെന്ന് 2014ൽ ഓപ്റാഹ് വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോഹൻ വ്യക്തമാക്കിയിരുന്നു.താൻ വളരെ ആത്മീയതയുള്ള വ്യക്തിയാണെന്നായിരുന്നു ആ ഷോയിൽ നടി വ്യക്തമാക്കിയത്. പ്രാർത്ഥിക്കുമ്പോഴോ ധ്യാനിക്കുമ്പോഴോ താൻ സ്വയം തിരിച്ചറിയുന്നുവെന്നും ലോഹൻ പ്രഖ്യാപിച്ചിരുന്നു. ഈ അനുഭവം മറ്റുള്ളവരുമായി പങ്ക് വയ്ക്കാൻ സാധിക്കുന്നതിൽ ഭാഗ്യം സിദ്ധിച്ചുവെന്നും നടി പറയുന്നു.

സിറിയയിൽ നിന്നും തുർക്കിയിലെത്തിയ അഭയാർത്ഥികളുടെ ക്യാമ്പ് ലോഹൻ ഒക്ടോബറിൽ സന്ദർശിച്ചിരുന്നു. പുതുവർഷത്തിന് മുമ്പോ ശേഷമോ തുർക്കിയിലേക്ക് വീണ്ടും പോകാൻ സാധിക്കുമെന്ന പ്രതീക്ഷ ലോഹൻ അടുത്തിടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തീയതിതീരുമാനിച്ചിട്ടില്ലെന്നും ഇസ്താംബുളിൽ അടുത്തിടെ ഉണ്ടായ തീവ്രവാദ ആക്രമണം കാരണമാണ് സന്ദർശനം നീണ്ട് പോകുന്നതെന്നും നടി പറയുന്നു. ഇത്തരം ആക്രമണങ്ങളുണ്ടായാലും കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.