കൊല്ലം: സംസ്ഥാന ഇന്റലിജൻസിന്റെ ചുമതല വഹിച്ചിരുന്ന കൊല്ലത്തെ ഡിവൈ.എസ്‌പിക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമെന്ന് റിപ്പോർട്ട്. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. കൊല്ലത്ത് നിന്നും കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഡിവൈ.എസ്‌പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവായി.

കൊല്ലം ഇന്റലിജൻസ് ഡിവൈ.എസ്‌പിയെയാണ് കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിക്കാണ് പകരം നിയമനം. പൊതുജന താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനവും ഔദ്യോഗികകാര്യങ്ങളിലുണ്ടായ വീഴ്ചകളുമാണ് സ്ഥലം മാറ്റ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ, സേനയുടെ അന്തസിനും സൽപ്പേരിനും കളങ്കം വരുത്തുന്ന നടപടികളാണ് അടിയന്തര സ്ഥലംമാറ്റത്തിനിടയാക്കിയതെന്നാണ് അനൗദ്യോഗിക വിവരം.

ജില്ലയിലെ ചില തീവ്ര സ്വഭാവമുള്ള സംഘടനാ നേതാക്കളുമായുള്ള അതിരുവിട്ട അടുപ്പവും സൗഹൃദവുമുള്ളതാണ് രഹസ്യാന്വേഷണം പോലെ തന്ത്രപ്രധാനചുമതലകൾ വഹിച്ചിരുന്ന ഇദ്ദേഹത്തെ അടിയന്തിരമായി സ്ഥലം മാറ്റാൻ കാരണമായത്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നപ്പോഴും സ്വജനപക്ഷപാത നിലപാടുകളും സമീപനങ്ങളും പുലർത്തിയിരുന്ന ആളാണ് ഡിവൈ.എസ്‌പി . കൊല്ലത്തെ ക്രൈംസ്‌ക്വാഡിലെ എഎസ്ഐയെ കുത്തിയ കേസിന്റെ സി.ഡി ഫയൽ ഇയാൾ ചുമതല വഹിച്ചിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ സംഭവം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഈ വിവാദവും തുടർ നടപടികളും ഒതുക്കിത്തീർത്താണ് സ്ഥാനക്കയറ്റം കരസ്ഥമാക്കിയത്.

ഔദ്യോഗിക ഫോണിലെയും പഴ്സണൽ ഫോണിലെയും ഫോൺകോൾ വിശദാംശങ്ങൾ പരിശോധിച്ചതിൽ നിന്നും തീവ്രസ്വഭാവമുള്ള ചില സംഘടനാനേതാക്കളുടെ വാഹനങ്ങളും അവരുടെ സഹായങ്ങളും ഡിവൈ.എസ്‌പിയാകും മുമ്പും അതിന് ശേഷവും ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായപ്പോഴാണ് ഇദ്ദേഹത്തിനെതിരെ വൈകിയെങ്കിലും വകുപ്പ്തല നടപടിയുണ്ടായത്.

തിരഞ്ഞെടുപ്പിന് മുമ്പ് അതത് ജില്ലകളിൽ ജോലി ചെയ്തിരുന്നവരെ ജില്ലവിട്ട് സ്ഥലം മാറ്റിയെങ്കിലും സിഐ പദവിയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഡിവൈ.എസ്‌പി സംഘടനാതലത്തിലും അല്ലാതെയും സ്വാധീനം ചെലുത്തി കൊല്ലത്തെ ഇന്റലിജൻസ് ഡിവൈ.എസ്‌പി കസേര കൈയടക്കുകയായിരുന്നു.

ഫീൽഡ് ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ പലതും മേലുദ്യോഗസ്ഥർക്ക് യഥാസമയം കൈമാറാത്തതും മത - രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെയും മറ്റും സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തുന്നതിലും മുന്നറിയിപ്പുകൾ നൽകുന്നതിലുമുണ്ടായ വീഴ്ചകളും മറ്റ് കാരണങ്ങളായി. കൊവിഡും ലോക്ക് ഡൗണുമുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പൊലീസിന്റേതുൾപ്പെടെ വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും പോരായ്മകളും പാളിച്ചകളും മേലധികാരികളെ യഥാവിധം അറിയിക്കുന്നതിലും കൊല്ലത്തെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പിന്നിലായിരുന്നു.

ഇത്തരം കാര്യങ്ങളിൽ ഇന്റലിജൻസ് വിഭാഗത്തിനുണ്ടായ അപാകതകൾക്ക് ഉത്തരവാദി ഡിവൈ.എസ്‌പിയാണെന്നാണ് ഇന്റലിജൻസ് മേധാവികളുടെ നിരീക്ഷണം. മുൻകാല പ്രവൃത്തികളും അന്വേഷിക്കും മൊബൈൽ ഫോൺ കോളുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകാലപ്രവൃത്തികളടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് മുകളിൽ നിന്ന് നിർദ്ദേശമുള്ളത്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നപ്പോൾ കുറ്റപത്രം സമർപ്പിച്ചതും പ്രതികളെ കുറവ് ചെയ്തതുമുൾപ്പെടെയുള്ള പല കേസുകളും അന്വേഷണ പരിധിയിൽ വരും.