തിരുവനന്തപുരം:മദ്യവിലയ്‌ക്കൊപ്പം ഈടാക്കിയ സെസ് തുകയിൽ കോടിക്കണക്കിനു രൂപ സർക്കാർ ചെലവഴിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്.വിവിധ ക്ഷേമപദ്ധതികൾക്കായി ഉപയോഗപ്പെടുത്തുന്നതിനായാണ് മദ്യത്തിന്റെ വിലക്കൊപ്പം സെസ് ഏർപ്പെടുത്തിയത്. ബാർഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിന്റെ പേരിൽ പിരിച്ചെടുത്ത സെസ് തുകയിൽ 1028 കോടിയും മെഡിക്കൽ സെസായി ഈടാക്കിയതിൽ 277 കോടിയുമാണ് ചെലവിടാതെ കിടക്കുന്നത്.2012-ലാണ് മദ്യവിലയ്‌ക്കൊപ്പം ഒരുശതമാനം മെഡിക്കൽ സെസ് ഏർപ്പെടുത്തിയത്. സർക്കാർ ആശുപത്രികളിലെത്തുന്ന ആദായനികുതി നൽകാത്ത രോഗികൾക്ക് ജെനറിക് മരുന്നുകൾ സൗജന്യമായി നൽകാനായിരുന്നു ഇത്. 2012-'13 മുതൽ 2017-'18 വരെ 307 കോടിരൂപ പിരിച്ചെടുത്തിരുന്നു. ബിവറേജസ് കോർപ്പറേഷൻ ഈ തുക മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകണമെന്നായിരുന്നു നിർദേശമെങ്കിലും തുക കൈമാറിയതായി ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിനായിട്ടില്ലെന്നും ഓഡിറ്റിൽ കുറ്റപ്പെടുത്തുന്നു.

നാലുവർഷത്തിലധികം കഴിഞ്ഞിട്ടും ബാർതൊഴിലാളികളുടെ പുനരധിവാസപദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ ആരോപണമുണ്ട്. 2014-'15 അബ്കാരിനയത്തിന്റെ ഭാഗമായി പൂട്ടിയ ബാർഹോട്ടലുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനായാണ് ബിവറേജസ് കോർപ്പറേഷൻ വിൽക്കുന്ന മദ്യത്തിന് അഞ്ചുശതമാനം സെസ് ഏർപ്പെടുത്തിയത്. 2017-'18 വരെ 1059 കോടി പിരിച്ചു. 2018-'19-ൽ ഇത് നിർത്തി. സെസ് തുകയിൽ 8.73 കോടി രൂപ തൊഴിൽ നഷ്ടമായ 5851 തൊഴിലാളികൾക്ക് സഹായമായി നൽകി. ലഹരിമുക്ത പരിപാടിക്കായി 22.26 കോടി ചെലവിട്ടു.

സാമൂഹിക സുരക്ഷാസെസ് എന്നപേരിൽ പത്തുവർഷംകൊണ്ട് 3448 കോടി രൂപ ബിവറേജസ് കോർപ്പറേഷൻ ശേഖരിച്ചിരുന്നു. ഇത് വിൽപ്പനനികുതിക്കൊപ്പം സർക്കാരിനു നൽകിയെങ്കിലും സാമൂഹിക സുരക്ഷാപദ്ധതിക്കാവശ്യമായ ചട്ടങ്ങൾപോലും സർക്കാർ തയ്യാറാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

ഇതിനുപുറമെ കെട്ടിടനിർമ്മാണത്തൊഴിലാളി സെസിൽ 2018-'19 വർഷം 946 കോടി രൂപ ചെലവഴിക്കാതെ കിടക്കുന്നുണ്ടെന്നാണ് ഓഡിറ്റിലെ മറ്റൊരു കണ്ടെത്തൽ. പെൻഷൻ
നിരക്കും വിവാഹ സഹായധനവും ഉയർത്തിയതുമൂലം 2017-'18 വർഷമാണ് സെസ് വിനിയോഗം വർധിച്ചത്.2014-'15 മുതൽ 2018-'19 വർഷം വരെ തൊഴിൽ ദാതാക്കളിൽനിന്ന് 108 കോടി പിരിച്ചെടുക്കാനുണ്ട്.