പെരുമ്പാവൂർ:'നീ കുറച്ചുനാളായി കളിക്കണു, നിന്നെ ഞാൻ കളി പഠിപ്പിച്ചു തരാം. നിന്റെ ചാരിത്ര്യം മൊന്നും എന്നേ പഠിപ്പിക്കണ്ട'വേങ്ങൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും തൊഴിലുറപ്പ് തൊഴിലാളിയുമായ ലിസി ജോർജ്ജിനോട് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടി ബാബു ജോസഫിന്റെ പരസ്യ വെല്ലുവിളി ഇങ്ങനെ.

പാട്ടത്തിനൈടുത്ത സ്ഥലത്ത് കൃഷിചെയ്ത് ഉണക്കി സൂക്ഷിച്ചിരുന്ന നെല്ല് ഭക്ഷ്യവകുപ്പിന് കീഴിലെ തൃശൂരിലെ സീഡ് അതോററ്റി ഗോഡൗണിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ രാവിലെ ഇവരുടെ വാഹനം തടഞ്ഞിട്ടായിരുന്നു നേതാവിന്റെ പരാക്രമം. സംഭവത്തിൽ ലിസി ജോർജ്ജ് കോടനാട് പൊലീസിൽ പരാതി നൽകി.

വേങ്ങൂർ പഞ്ചായത്തിലെ കൊമ്പനാട് പാടശേഖരത്തിലെ മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് ,സീഡ് അതോററ്റിയുമായുണ്ടാക്കിയ ധാരണയിൽ താൻ നെൽകൃഷി നടത്തിയിരുന്നെന്നും വീട്ടിലേക്ക് വാഹന സൗകര്യമില്ലാത്തതിനാൽ വിളവെടുത്ത നെല്ല് കൂവപ്പടി പഞ്ചായത്തിലെ പരിചയക്കാരന്റെ സ്ഥത്ത് ഇട്ട് ഉണക്കി ഇവിടെ തന്നെ ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നെന്നും ഈ നെല്ല് സീഡ് അതോററ്റിക്ക് കൈമാറാൻ ശ്രമിക്കവേ ബാബു ജോസഫും കൂട്ടരുമെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നെന്നുമാണ് ലിസി ജോർജ്ജിന്റെ വെളിപ്പെടുത്തൽ.

വാക്കേറ്റത്തിനിടെ രോക്ഷാകൂലനായ ബാബു ജോസഫ് കളം നിറഞ്ഞാടിയപ്പോൾ ഒപ്പമുണ്ടായിരുന്നവരിൽ ചിലരും ലിസി ജോർജ്ജിനെ കണക്കിന് അസഭ്യം പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.നീ ബാബു ച്ചേട്ടന്റെ മൂന്നും കൂടി ഒണ്ടാക്കുവോ എന്നായിരുന്നു ഇവരിൽ ഒരാളുടെ ചോദ്യം. വിത്തുകൊണ്ടുപോകാൻ ശ്രമിക്കവേ ബാബു ജോസഫിന്റെ നേതൃത്വത്തിൽ കുറച്ചുപേർ സ്ഥലത്തെത്തി ലോഡ് കയറ്റൽ തങ്ങൾക്കവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയെന്നും ലിസി ജോർജ്ജ് ഇത് അംഗീകരിക്കാതെ വന്നതാണ് വാക്കേറ്റത്തിനും വെല്ലുവിളിക്കും കാരണമായതെന്നുമാണ് ദൃസാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.

ലോഡ് കയറ്റാൻ അനുവദിക്കാതെ വന്നതോടെ വണ്ടിക്കൂലി ഇനത്തിൽ 200 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നും ലിസി ജോർജ്ജ ഇത് നൽകാതിരുന്നതാണ് ഇവരെ കൂടുതൽ ചൊടിപ്പിച്ചതെന്നുമാണ് സൂചന.വിഷയം കൈവിട്ടെന്നായപ്പോൾ സീഡിന് കൈമാറാൻ കയറ്റിയ ലോഡിലെ നെല്ലിൽ പതിരാണെന്നും ഇത് അഴിമതിയാണെന്നും ചൂണ്ടിക്കാട്ടി ഇക്കൂട്ടർ പ്രതിഷേധത്തിന്റെ റൂട്ടുമാറ്റിയെന്നും അറിയുന്നു. സീഡ് അധികൃതർ എത്തി വലിയ ഫാൻ ഉപയോഗിച്ച് നെല്ലിലെ പതിരെല്ലാം കളഞ്ഞാണ് 30 കിലോയോളം വീതം 73 ചാക്കുകളിലായി നെല്ല് സംഭരിച്ചിരുന്നതെന്നും അതിനാൽ ബാബു ജോസഫിന്റെയും കൂട്ടരുടെയും ഈ ആരോപണത്തിൽ കഴമ്പില്ലന്നുമാണ് ഇക്കാര്യത്തിൽ ലിസ്സി ജോർജ്ജിന്റെ പ്രതിരണം.

പരസ്യമായി ആക്ഷേപിച്ചെന്നും ഭീണിപ്പെടുത്തിയെന്നും കാണിച്ചാണ് ലിസി ജോർജ്ജ് കോടനാട് പൊലീസിൽ പരാതി നൽകിയത്.എന്നാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലന്നാണ് അറിയുന്നത്.പൊലീസ് അനുനയത്തിൽ ബാബു ജോസഫിനെയും കൂട്ടരെയും പറഞ്ഞയക്കുകയായിരുന്നു.ഇവർ സ്ഥലം വിട്ടശേഷമാണ് നെല്ല് കയറ്റിയ വാഹനമായി സീഡിന്റെ ജീവനക്കാർ തൃശ്ശൂരിലേക്ക് മടങ്ങിയത്.