- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാസ്‌ക്കറ്റ് ബോളിലെ മികവിൽ ജോലി കിട്ടിയപ്പോൾ പാട്നയിൽ എത്തി; കോച്ചിന്റെ ശല്യം അസഹനീയമെന്ന് വീട്ടുകാരെ പലവട്ടം അറിയിച്ചു; പരിശീലകൻ അതിരുവിട്ടപ്പോൾ വടകരക്കാരിയുടെ തുങ്ങിമരണം; ലിത്താരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി രവി സിങ്ങ്; എല്ലാം തുറന്നു പറഞ്ഞ് വീട്ടുകാർ
പട്‌ന: റെയിൽവേയിലെ മലയാളി ബാസ്‌ക്കറ്റ് ബോൾ താരം കെ.സി. ലിതാര (23) ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ കോച്ചിന്റെ മാനസിക പീഡനമോ? ലിതാരയുടെ ബന്ധുക്കൾ കോച്ച് രവി സിങിനെതിരെ പൊലീസിൽ പരാതി നൽകി. രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും പരാതി പറഞ്ഞിരുന്നു. പട്‌ന രാജീവ്‌നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര . പട്‌ന ഗാന്ധി നഗറിലെ ഫ്‌ളാറ്റിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ആറു മാസമായി പട്‌ന ദാനാപുരിലെ ഡിആർഎം ഓഫിസിൽ ആയിരുന്നു ജോലി. കോഴിക്കോട്ടു നിന്നു വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നു ഫ്‌ളാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്‌ളാറ്റ് ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്‌മോർട്ടം നടത്തി. ബന്ധുക്കൾ എത്തിയ ശേഷമേ പോസ്റ്റ്‌മോർട്ടം നടത്താൻ പാടുള്ളുവെന്ന് അറിയിച്ചിരുന്നെങ്കിലും ലിതാരയുടെ അമ്മാവൻ രാജീവൻ എത്തിയപ്പോഴേക്കും പോസ്റ്റ്‌മോർട്ടം കഴിഞ്ഞിരുന്നു. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുമെന്നു ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നാട്ടിലും നടത്താനുള്ള ശ്രമം ബന്ധുക്കൾ നടത്തും. മരണത്തിൽ സംശയം ഉണ്ടെന്ന് അവർ പറയുന്നു.
രാജ്യാന്തര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിതാരയെ ആദരിച്ചിരുന്നു. എന്നാൽ കോച്ചിനെ കുറിച്ച് താരത്തിന് പരാതി ഏറെയുണ്ടായിരുന്നു. അയാളുടെ ശല്യം അതിരുവിടുന്നുവെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. പല കോച്ചുമാരും ഇങ്ങനെയാണ്. കളിക്കാരെ പീഡിപ്പിച്ച് പല ആവശ്യങ്ങളും അവർ നേടിയെടുക്കും. അതിന്റെ ഇരയാണ് ലിത്താര എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്.
പരിശീലകൻ മോശമായി പെരുമാറാറുണ്ടെന്ന് ലിതാര നിരന്തരം പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.ലിതാര തിങ്കളാഴ്ച രാത്രി അച്ഛനുമായും സഹോദരി ഭർത്താവുമായും ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വീട്ടുകാർക്കു ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെത്തുടർന്ന് ഫ്ളാറ്റുടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്ളാറ്റുടമ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഇയാൾ പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാളത്തിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്നു കണ്ടെടുത്തു.
വട്ടോളി നാഷണൽ എച്ച്.എസ്.എസിൽ നിന്ന് ഏഴാം ക്ലാസ് പഠനത്തിന് ശേഷം പത്ത് വരെ കണ്ണൂർ സ്പോർട്സ് സ്‌കൂളിലും പ്ലസ് ടു കോഴ്സ് തൃശൂരിലുമാണ് പൂർത്തിയാക്കിയത്. പിന്നീട് റെയിൽവേയുടെ താരമായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ലിതാരയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മുരളീധരൻ എംപി, കെ.പി.കുഞ്ഞമ്മത് കുട്ടി എംഎൽഎ, എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയി. റെയിൽവെ അധികൃതർക്കും പരാതി കൈമാറി.
മറുനാടന് മലയാളി ബ്യൂറോ