- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴത്തെ കോച്ച് ശ്രമിച്ചത് പഴയ ബന്ധം പറഞ്ഞുള്ള മുതലെടുപ്പിന്; കൊൽക്കത്തയിൽ മത്സരത്തിനിടെ കൈയിൽ കയറി പിടിച്ച കോച്ചിനെ മർദ്ദിച്ചത് നിവർത്തി കേടുകൊണ്ട്; ലിതാരയുടെ ആത്മഹത്യയ്ക്ക് പിന്നിൽ രവി സിങ് തന്നെ; പാട്‌നാ പൊലീസ് കള്ളകളിക്കും
കോഴിക്കോട്: റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയ്ക്ക് നേരിടേണ്ടി വന്നത് കോച്ചിൽ നിന്നുള്ള സമാനതകളില്ലാത്ത മാനസിക പീഡനം.
ലിതാരയുടെ ആത്മഹത്യയിൽ കോച്ച് രവി സിങ്ങിനെതിരേ ആരോപണവുമായി ബന്ധുക്കൾ. ലിതാരയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കോച്ച് രവി സിങിൽ നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പട്നയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പാട്‌നാ പൊലീസ് കോച്ചിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. വ്യക്തമായ തെളിവുകളും മൊഴികളും കോച്ചിനെതിരെ ഉണ്ടെന്നിരിക്കെയാണ് ഇത്.
ഒന്നര വർഷം മുമ്പാണ് ലിതാരയ്ക്ക് പട്നയിൽ റെയിൽവേയിൽ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്ന് വച്ചു. ഇതിനുശേഷം മാനസിക സംഘർഷം അനുഭവിച്ചിരുന്ന ലിതാര കൗൺസിലിങിന് വിധേയയാവുകയും ചെയ്തിരുന്നു. പഴയ കോച്ചുമായുള്ള ബന്ധത്തിന്റെ പേരിൽ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്തിരുന്നു. മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അവർ വിശദീകരിക്കുന്നു.
കോച്ച് ശല്യം ചെയ്യുന്ന കാര്യം ലിതാര വീട്ടുകാരോട് സൂചിപ്പിച്ചിരുന്നു. ലിതാരയോട് ഒറ്റയ്ക്ക് കോർട്ടിൽ പരിശീലനത്തിന് എത്താൻ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നു. കൊൽത്തയിൽ നടന്ന മത്സരത്തിനിടെ കൈയിൽ കയറി പിടിച്ചതോടെ ലിതാര ഇയാളെ മർദിച്ചു. കൃത്യമായി പരിശീലനം തുടർന്നിരുന്ന ലിതാര കോർട്ടിൽ പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് രവിസിങ് അടുത്തിടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. തിങ്കളാഴ്ചയാണ് ലിതാര ഈ കാര്യം അറിയുന്നത്. അഞ്ച് വർഷം റെയിൽവേയ്ക്ക് വേണ്ടി കളിക്കണമെന്നാണ് കരാർ എന്നതിനാൽ കോച്ചിന്റെ പരാതിയാൽ ജോലി നഷ്ടപ്പെടുമോ എന്നും ലിതാര ഭയന്നിരുന്നു. ഇതെല്ലാം ആത്മഹത്യയ്ക്ക് കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇതിനുശേഷം കടുത്ത മാനസിക സംഘർഷം അനുഭവിച്ചു. ഇതെല്ലാം കൂട്ടുകാരിയെ അറിയിച്ചിരുന്നു. ഈ കാര്യങ്ങൾ വീട്ടിൽ പറയരുതെന്നും കൂട്ടുകാരിയോട് ആവശ്യപ്പെട്ടു. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ലിതാര ജാലി കിട്ടിയ ശേഷം വീട് പുതുക്കി പണിയാൻ വായ്പ എടുത്തിരുന്നു. ലിതാരയുടെ പോസ്റ്റ്മോർട്ടം തിടുക്കത്തിൽ നടത്തിയതും ദരൂഹമാണ്. വീട്ടുകാർ എത്തിയിട്ടേ പോസ്റ്റ്മോർട്ടം നടത്താവൂ എന്ന് ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അറിയിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ എത്തും മുമ്പേ ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടത്തി. ഇക്കാര്യത്തിൽ പൊലീസിൽനിന്ന് സമ്മർദമുണ്ടായെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് നൽകിയ മറുപടി.
ചൊവ്വാഴ്ച രാവിലെയാണ് ലിതാരയെ പട്നയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തിന് ശേഷം പൊലീസോ റെയിൽവേ അധികൃതരോ ഒരുവിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ഷാൾ കഴുത്തിൽ കുരുങ്ങി മരണം സംഭവിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
പോസ്റ്റ്മോർട്ടം നടപടികളിൽ സംശയമുള്ളതിനാൽ റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കെ.മുരളീധരൻ എംപി.യ്ക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ