തിരുവനന്തപുരം; തലസഥാനത്തെ ഗവ. ലോ കോളജിലെ അഡീഷണൽ - സ്വാശ്രയ (സായാഹ്ന) എൽഎൽ. ബി. കോഴ്സ് അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, ജൂൺ പതിനൊന്നിന് ഇറക്കിയ ഉത്തരവിലാണ് സായാഹ്ന കോഴ്സ് അവസാനിപ്പിക്കാൻ തിരുവനന്തപുരം ഗവ. ലോ കോളജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത്. 2008ലെ നിയമ വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിച്ചാണ് അഡീഷണൽ - സ്വാശ്രയ (സായാഹ്ന) കോഴ്സ് നടത്തുന്നതെന്നാണ് കോഴ്സ് അവസാനിപ്പിക്കാനുള്ള കാരണമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

2014 - 15 അക്കാദമിക് വർഷത്തിലാണ് അഡീഷണൽ - സ്വാശ്രയ എൽഎൽബി കോഴ്സുകൾ തിരുവനന്തപുരം ഗവ. ലോ കോളജിൽ പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തലസ്ഥാനത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേരാണ് നിയമ പഠനത്തിനായി ഗവ. ലോ കോളജിൽ ചേർന്നതും പഠനാവസരം വിനിയോഗിക്കുന്നതും. പ്രതിദിനം അഞ്ച് മണിക്കൂറും ആഴ്ചയിൽ മുപ്പത് മണിക്കൂറും ക്ലാസുകൾ വേണമെന്നാണ് നിയമ വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്. ഇതനുസരിച്ച് ശനിയാഴ്ച ഉൾപ്പടെ പഠനം ക്രമീകരിച്ചാണ് ഗവ. ലോ കോളജിൽ അഡീഷണൽ - സ്വാശ്രയ കോഴ്സ് നടത്തുന്നത്.

എന്നാൽ ഗവ. ലോ കോളജിൽ ഇങ്ങനെയല്ല പഠനം മുന്നോട്ട് പോകുന്നതെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ബാർ കൗൺസിൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് കോഴ്സ് അവസാനിപ്പിക്കാൻ തീരുമാനമെടുത്തതും. ഈവനിങ് എൽഎൽബി കോഴ്സ് തുടർന്നാൽ അത് ഗവ. ലോ കോളജിലെ റഗുലർ എൽഎൽ. ബി. കോഴ്സുകളെയും ബാധിക്കുമെന്നാണ് വാദം്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അടിയന്തര ഉത്തരവിന് ഇതാണ് കാരണം.

കേരളത്തിൽ രണ്ട് ലോ കോളജുകളിലാണ് അഡീഷണൽ - സ്വാശ്രയ (സായാഹ്ന) ഈവനിങ് എൽഎൽ. ബി. കോഴ്സുകൾ നടത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളജിലും സ്വകാര്യ സ്വാശ്രയ ലോ കോളജ് ആയ പേരൂർക്കട ലോ അക്കാദമി ലോ കോളജിലും.

രണ്ട് ലോ കോളജുകളിലും ബാധകമായത് ഒരേ ചട്ടം, ഒരേ നിയമവുമാണ്. ലോ അക്കാദമി ലോ കോളജിൽ പാലിക്കുന്ന അതേ സമയക്രമം തന്നെയാണ് ഗവ. ലോ കോളജിലും. എന്തുകൊണ്ട് ഗവ. ലോ കോളജിലെ കോഴ്സ് മാത്രം അവസാനിപ്പിക്കാൻ തീരുമാനമെടുത്തു എന്ന ചോദ്യമാണ് ഉയരുന്നത്. സ്വകാര്യ സ്വാശ്രയ ലോ കോളജ് ആയ പേരൂർക്കട ലോ അക്കാദമി ലോ കോളജിന് ഇതേ നിയമം ബാധകമല്ലേ എന്നാണ് ഈ രംഗത്തുള്ളവർ ചോദിക്കുന്നത്. തിരുവനന്തപുരം ഗവ. ലോ കോളജിലെ അഡീഷണൽ ബാച്ച് അവസാനിപ്പിച്ചപ്പോൾ ലോ അക്കാദമി ലോ കോളജിലെ ഈവനിങ് കോഴ്സ് മാത്രം എങ്ങനെ മുടക്കമില്ലാതെ തുടർന്നു എന്നും ചോദ്യമുണ്ട്.

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ലോ അക്കാദമിയിലെ സായാഹ്ന എൽഎൽ. ബി. കോഴ്സ് പാസായവർക്ക് അഭിഭാഷകരായി എന്റോൾ ചെയ്യാം. ഇതേ സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഗവ. ലോ കോളജിൽ നിന്ന് സ്വാശ്രയ എൽഎൽ. ബി. കോഴ്സ് പഠിച്ചിറങ്ങിയവർക്ക് അഭിഭാഷകരായി എന്റോൾ ചെയ്യാനാവില്ല. ഇരട്ട നീതി ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി തീരുമാനം വരുംമുൻപ് ഗവ. ലോ കോളജിലെ അഡീഷണൽ ബാച്ച് അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് എന്ന ചോദ്യവും ഉയരുന്നു.

പുതിയ തീരുമാനങ്ങൾ സർക്കാരിന്റെ പൂർണ അറിവോടെയാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഉദ്യോഗസ്ഥ ലോബിയുടെ താലപര്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. തിരുവനന്തപുരം ഗവ. ലോ കോളജിലെ സ്വാശ്രയ - അഡീഷണൽ ബാച്ച് തടസമില്ലാതെ, തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ ഇടപെടുമെന്നും പ്രതീക്ഷയുണ്ട്. സർക്കാരിന് ഒരണ പോലും സാമ്പത്തിക ചെലവില്ലാതെ നടത്തുന്ന കോഴ്സാണിത്. ഇതേ കോഴ്സ് എറണാകുളം, തൃശൂർ, കോഴിക്കോട് ഗവ. ലോ കോളജുകളിലും ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇടത്തുനിന്നാണ് ഇത്തരം സാമൂഹ്യ വിരുദ്ധ ഉത്തരവുകൾ സൃഷ്ടിക്കപ്പെടുന്നത്.

തിരുവനന്തപുരം ഗവ. ലോ കോളജിലെ സ്വാശ്രയ - അഡീഷണൽ ബാച്ച് എൽഎൽ. ബി. കോഴ്സ് അവസാനിപ്പിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും കോഴ്സ് തുടരണമെന്നും ഉള്ള ആവശ്യം ശക്തമാവുകയാണ്.