കോഴിക്കോട്: ബാങ്കിൽ നിന്നു വായ്പ ശരിയാക്കാമെന്നു പറഞ്ഞ് ആവശ്യക്കാരെ ചൂഷണം ചെയ്യുന്ന സംഘങ്ങൾ കോഴിക്കോട് നഗരത്തിൽ വ്യാപകമാകുന്നു. ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരം സംഘങ്ങൾ യഥേഷ്ടം വിലസുന്നത്. വിവിധങ്ങളായ ലോണുകൾ നിഷ്പ്രയാസം ശരിയാക്കിത്തരാമെന്ന വാഗ്ദാനം നൽകിയാണ് ആവശ്യക്കാരിൽനിന്നും ഈടിനുള്ള ആധാരമോ മറ്റു രേഖകളോ കൈക്കലാക്കി ബാങ്കിൽ എത്തിക്കുന്നത് . ഇവർ ആവശ്യപ്പെടുന്ന സ്റ്റാമ്പ്‌പേപ്പറുകളിലെല്ലാം ആദ്യമേ ഒപ്പിട്ടു വാങ്ങുകയും ചെയ്യും. എന്നാൽ പണം ലഭിക്കുമ്പോൾ ആവശ്യപ്പെട്ടതിൽ നിന്നും കുറഞ്ഞ തുകയായിരിക്കും അപേക്ഷകന്റെ കയ്യിൽ കിട്ടുക. ബാങ്ക് അനുവദിച്ചത് ഇത്രയേ ഉള്ളൂ എന്നു പറഞ്ഞ് ഇടനിലക്കാർ തടിതപ്പുകയാണ് പതിവ്. എന്നാൽ തിരിച്ചടവിന്റെ നോട്ടീസ് കൈപ്പറ്റുമ്പോഴാണ് തട്ടിപ്പിന്റെ ആഴം ലോണിന് അപേക്ഷിക്കുന്നവർ തിരിച്ചറിയുക.

ഇത്തരത്തിൽ ഇടനിലക്കാരന്റെയും ബാങ്ക് മാനേജറുടെയും ചതിയിൽപെട്ട് ജീവിതം കുത്തുപാളയെടുത്ത് വീടും കിടപ്പാടവും നഷ്ടമായിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിയായ അമ്പത്തിയഞ്ചുകാരൻ. ബിസിനസ് ആവശ്യത്തിനായി ബാങ്കിൽനിന്നും ലോണെടുത്ത വടകര പുതുപ്പണം സ്വദേശി ദിനേശ് ബാബുവും കുടുംബവുമാണ് ബാങ്ക് അധികൃതരുടെയും സഹായത്തിനെത്തിയ ഇടനിലക്കാരന്റെയും വഞ്ചനയിൽ കുടുങ്ങി വീടും സ്ഥലവും നഷ്ടമായി നീതിക്കു വേണ്ടി അലയുന്നത്. സിൻഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ബ്രാഞ്ചിൽ നിന്നും പതിനഞ്ചു ലക്ഷത്തിനുള്ള ബിസിനസ് ലോണിന് അപേക്ഷിച്ച ദിനേശ് ബാബുവിന് ലഭിച്ചത് അഞ്ചുലക്ഷം രൂപ മാത്രമായിരുന്നു.

ബാക്കി പത്തു ലക്ഷം രൂപ ബാങ്ക് മാനേജറും ദിനേഷ് ബാബുവിനെ ബാങ്കിന് പരിചയപ്പെടുത്തിയ ഇടനിലക്കാരനായ വിജയനും ചേർന്നുമുക്കുകയായിരുന്നു. ലഭിച്ച അഞ്ചു ലക്ഷത്തിനു പകരം പതിനഞ്ചു ലക്ഷത്തിലേക്ക് തിരിച്ചടവായി പതിമൂന്നര ലക്ഷം രൂപ അടക്കേണ്ടി വരികയും അവസാനം ഈടിനു നൽകിയ തന്റെ വീടും സ്ഥലവും നഷ്ടമാവുകയും ചെയ്തിരിക്കുകയാണ്. ഇരുപത്തിയേഴു ലക്ഷം അടച്ചാൽ മാത്രമെ വീടും പറമ്പും ജപ്തി ചെയ്യുന്ന നടപടിയിൽ നിന്നും ഒഴിവാകൂ എന്നായിരുന്നു ബാങ്കിന്റെ നിലപാട്. കടം വാങ്ങിയും സ്വത്തുക്കളെല്ലാം വിറ്റും ബാങ്കിൽ പതിമൂന്നര ലക്ഷം അടച്ചെങ്കിലും ആവശ്യപ്പെട്ട അത്രയും തുക നൽകാത്തതിനെ തുടർന്ന് ബാങ്ക് ജപ്്തി നടപടി സ്വീകരിക്കുകയായിരുന്നു.

അഞ്ചുവർഷം മുമ്പ് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ലോൺ എടുക്കുന്നതിനായി ദിനേശ്ബാബു കോഴിക്കോട്ട് ബിസിനസ് നടത്തുന്ന വിജയനെ സമീപിച്ചത്. ലോണെടുക്കുന്നവർക്കായി എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന ആളെന്നാണ് സുഹൃത്ത് വിജയനെ കുറിച്ച് പരിചയപ്പെടുത്തിയിരുന്നത്. വിജയൻ പറയുന്നിടത്തെല്ലാം ദിനേശ് ബാബു വിശ്വസിച്ച് ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ പതിനഞ്ചുലക്ഷം അപേക്ഷിച്ച ദിനേശ് ബാബുവിന് ബാങ്കിൽ നിന്നും ലഭിച്ച തുക അഞ്ചുലക്ഷം മാത്രമായിരുന്നു. ഇത് അന്വേഷിച്ചപ്പോൾ ഗഡുക്കളായി ലഭിക്കുമെന്നായിരുന്നു ബാങ്കിൽ നിന്നുള്ള മറുപടി. മാസങ്ങൾ കാത്തിരുന്നെങ്കിലും പണം ലഭിക്കാതായപ്പോൾ വിജയനെയും ബാങ്ക് മാനേജറെയും സമീപിച്ച് പണം ചോദിച്ചപ്പോൾ ബാങ്ക് അധികൃതർ ദിനേശ് ബാബുവിനെതിരേ പൊലീസിൽ കള്ളക്കേസ് കൊടുക്കുകയായിരുന്നു. ഈടിനു വച്ച ഭൂമി മൂല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്ക് പരാതി നൽകിയിരുന്നത്. എന്നാൽ ഈടിനു വച്ച ഭൂമിയെ സംബന്ധിച്ച് വടകര നഗരസഭയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഈ ഭൂമി മൂല്യമുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.

ബാങ്ക് മാനേജരായിരുന്ന കണ്ണൂർ സ്വദേശി അഷ്‌റഫിനെ സിൻഡിക്കേറ്റ് ബാങ്ക് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും തുടർന്ന് ജോലിയിൽ നിന്നും പിരിച്ചു വിടുകയുമായിരുന്നു. ബാങ്ക് നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി വഞ്ചനാകേസുകൾ ഇയാൾക്കെതിരെ കണ്ടെത്തി. തുടർന്ന് ജോലിയിൽ നിന്നും അഷ്‌റഫിനെ പിരിച്ചു വിടുകയായിരുന്നത്രെ. ദിനേശ്ബാബുവിന്റെ അക്കൗണ്ടിൽ നിന്നും വിജയന്റെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നത്രെ. പിന്നീട് പൊലീസും ഈ കേസ് ക്ലോസ് ചെയ്യുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് മാനേജർമാർ പലരും മാറി വന്നെങ്കിലും ദിനേശ് ബാബുവിന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടായിരുന്നില്ല. പതിനെഞ്ച് ലക്ഷത്തിലേക്കുള്ള തിരിച്ചടവും പലിശയും ഉൾപ്പടെ ദിനേശ്ബാബു തിരിച്ചടക്കേണ്ടി വന്നു. തന്റെ നിരപരാധിത്വം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നെങ്കിലും രേഖകളിലെല്ലാം ദിനേഷ്ബാബു ഒപ്പു വച്ചു എന്നത് തിരിച്ചടിയാകുകയായിരുന്നു. ഇതിനിടയിൽ ഇടനിലക്കാരനായ വിജയൻ കുടുംബവുമായി ബാംഗ്ലൂരിലേക്ക് മുങ്ങുകയും ചെയ്തു. സമാനമായ പല തട്ടിപ്പുകളിലും വിജയന് പങ്കുണ്ടായിരുന്നത്രെ.

ജീവിതത്തിൽ അധ്വാനിച്ചതെല്ലാം ദിനേശ്ബാബു ബാങ്കിൽ അടച്ചിട്ടും കടം തീർന്നില്ല. ഏതാനും തവണ തിരിച്ചടവ് തെറ്റിയപ്പോൾ ബാങ്ക് അധികൃതർ ജപ്തി നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ദിനേശ് ബാബു നിസ്സഹായനായി പറഞ്ഞ വാക്കുകൾ ഇങ്ങനെ: ബാങ്കുകാർക്കെല്ലാം സത്യം അറിയാം അവർക്കെല്ലാം ഇതുപോലുള്ള ഇടനിലക്കാരിൽ നിന്നും കമ്മീഷനുണ്ട്. എന്റെ വീടും സ്ഥലവും ജപ്തി ചെയ്തതിന് പിന്നിലും ലേല കമ്പനി ഏജന്റിന്റെ സമ്മർദ്ദമാണ്. ജപ്തി ചെയ്യുന്ന ഭൂമി ലേലം ചെയ്ത് വാങ്ങുന്ന കമ്പനിയുടെ ഏജന്റ് ഇപ്പോഴത്തെ മാനേജറുടെ സ്വന്തക്കാരനാണ്. ജപ്തി ചെയ്യുന്ന ഭൂമി അവർക്ക് ലേലം ചെയ്താൽ കമ്മീഷൻ തുക മാനേജർക്കും ജീവനക്കാർക്കും ലഭിക്കുന്നുണ്ട്. എല്ലാവരും ചേർന്ന് എന്നെ ചതിക്കുകയാണ് ചെയ്തത്. വിശ്വസിച്ചാണ് വിജയനെ സമീപിച്ചത് അവൻ ഇപ്പോൾ നാട്ടിൽ നിന്നുതന്നെ കടന്നു കളഞ്ഞിരിക്കുകയാണ്.

നാല് മാസം മുമ്പായിരുന്നു സിന്റഡിക്കറ്റ് ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തത്. തുടർന്ന് ദിനേശ് ബാബുവിന് പിന്തുണയുമായി കേരളാ സ്റ്റേറ്റ് ബാങ്ക് കടം കടക്കെണി അസോസിയേഷൻ എത്തിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ വീടും സ്ഥലവും ലേലത്തിൽ വച്ചതോടെ അസോസിയേഷൻ ഇടപെട്ട് വീടിന് മുന്നിൽ ബോർഡുകളും കൊടിയും നാട്ടുകയായിരുന്നു. ഇതോടെ ലേല നടപടിയിൽ നിന്നും താൽക്കാലികമായി ഒഴിവാകുകയായിരുന്നു. അമ്പതിനായിരം രൂപ കെട്ടിവച്ച് അസോസിയേഷന്റെ സഹായത്തോടെ ജപ്തി നടപടി സ്റ്റേ വാങ്ങാനൊരുങ്ങുകയാണിപ്പോൾ ദിനേശ്ബാബു.

അമ്പതിനായിരം രൂപ എങ്ങിനെ സംഘടിപ്പിക്കുമെന്നറിയാതെ വീടും സ്ഥലവും നഷ്ടമായി നിസ്സഹായരായി കഴിയുകയാണ് ദിനേശ് ബാബുവിന്റെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം.