തിരുവനന്തപുരം: വിവാദകേന്ദ്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നരസിംഹ സ്വാമിയുടെ വിഗ്രഹം ആറാട്ടുകഴിഞ്ഞു തിരികെ വയ്ക്കാൻ ശ്രീകോവിലിന്റെ പൂട്ടു പൊളിച്ചു. പൈങ്കുനി ആറാട്ടു കഴിഞ്ഞു വിഗ്രഹവുമായി തിരികെ എത്തിയപ്പോഴാണു രണ്ടു പൂട്ടുകളുടെയും താക്കോലുകൾ കാണാതായതു ശ്രദ്ധയിൽ പെട്ടത്. പിന്നീട് ഉന്നതാധികാരികളുടെ അനുമതിയോടെ പൂട്ട് പൊളിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിൽ താക്കോലുകൾ കാണാതായ സംഭവം അതീവ ഗൗരവമാണ്.

ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമായിട്ടും താക്കോലുകൾ കാണാതെയന്ന പ്രശ്‌നം മറച്ചുവയ്ക്കാനാണ് ആദ്യം ക്ഷേത്രം അധികാരികൾ ശ്രമിച്ചത്. പൂട്ടുകൾ തുറക്കാൻ ശ്രമിച്ചപ്പോൾ താക്കോലുകൾ വളഞ്ഞുപോയെന്നാണ് ഇതു സംബന്ധിച്ച് ക്ഷേത്രം പബ്ലിക് റിലേഷൻസ് ഓഫീസർ നൽകുന്ന വിശദീകരണം. എന്നാൽ ഇത്, താക്കോലുകൾ നഷ്ടമായകാര്യം മറച്ചുവയ്ക്കാനുള്ള ന്യായീകരണം മാത്രമാണെന്നാണ് അറിയുന്നത്.

പൈങ്കുനി ആറാട്ടു ദിവസം വൈകിട്ട് നാലു മണിയോടെയാണു ആറാട്ടിനായി ശ്രീപത്മനാഭസ്വാമിയുടെയും നരസിംഗസ്വാമിയുടെയും ശ്രീബലി വിഗ്രഹങ്ങൾ പുറത്തെടുത്തത്. ആറാട്ടു കഴിഞ്ഞു ദേവന്മാർ തിരിച്ചു വരുന്നതുവരെ താക്കോലുകൾ സൂക്ഷിക്കേണ്ടത് തിരുമേനി കാവൽകുറുപ്പിന്റെ ചുമതലയാണ്. ഇതു പ്രകാരം ആറാട്ടിനായി വിഗ്രഹങ്ങൾ പുറത്തെടുത്തപ്പോൾ പെരിയശാന്തിമാർ താക്കോലുകൾ തിരുമേനി കാവൽകുറുപ്പിനെ ഏൽപിച്ചു.

ആറാട്ടു കഴിഞ്ഞു രാത്രി ഒമ്പതോടെയാണ് വിഗ്രഹങ്ങൾ തിരിച്ചെത്തിച്ചത്. വിഗ്രഹങ്ങൾ വയ്ക്കാൻ നോക്കിയപ്പോൾ താക്കോലുകൾ കാണാനില്ലെന്നു വ്യക്തമായി. ക്ഷേത്രവും പരിസരവും താക്കോലിനായി തെരഞ്ഞെങ്കിലും കിട്ടിയില്ല. ഇതോടെ വിഷമവൃത്തത്തിലായ അധികൃതർ ക്ഷേത്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഉപദേശം തേടുകയായിരുന്നു. ഇവരാണ് പൂട്ടുപൊളിക്കാൻ നിർദ്ദേശം നൽകിയത്.

അതേസമയം, താക്കോൽ കാണാതായതും പൂട്ട് തല്ലിപ്പൊളിച്ചതുമായ സംഭവം രഹസ്യമാക്കി വയ്ക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായാണ് അറിയുന്നത്. വിവരം രഹസ്യമാക്കി വയ്ക്കാൻ കഠിനശ്രമം നടന്നെങ്കിലും അംഗീകൃത യൂണിയന്റെ ഭാരവാഹിയായ ഗാർഡ് ഇക്കാര്യം പുറത്തുപറയുകയായിരുന്നു. സ്വർണനിധികൾ അടക്കം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം കൽപിക്കുന്നതിനിടെയാണ് ശ്രീകോവിലിന്റെ താക്കോലുകൾ കാണാതാകുന്നത്.

കുറച്ചുനാളുകൾക്കു മുമ്പു ക്ഷേത്രത്തിലെ ശ്രീകോവിലിനു സമീപം സൂക്ഷിച്ചിരുന്ന ശംഖ് മോഷണം പോയിരുന്നു. ക്ഷേത്ര ദർശനത്തിനെത്തിയ ഛത്തീസ്‌ഗഡ് സ്വദേശിയാണ് ശംഖെടുത്തത്. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ ശ്രീകോവിലിനു സമീപം ആരും ശ്രദ്ധിക്കാത്ത നിലയിൽ കണ്ട ശംഖ് അതിരുവിട്ട ഭക്തികാരണം എടുക്കുകയായിരുന്നെന്നാണ് അന്ന് പിടിയിലായ ആൾ സമ്മതിച്ചത്. എന്നാൽ, ഇപ്പോൾ ശ്രീകോവിലിന്റെ താക്കോലുകൾ വരെ കളഞ്ഞു പോകുന്ന സാഹചര്യം അതീവ സുരക്ഷാ വീഴ്ചയാണെന്നാണു വിലയിരുത്തൽ.