- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണിയറയിൽ പി.ശ്രീരാമകൃഷ്ണനും സി.എം.രവീന്ദ്രനും; സർക്കാർ കടക്കെണിയിൽ കുത്തുപാള എടുത്തുനിൽക്കുമ്പോഴും ലോക കേരള സഭയ്ക്കായി പൊടിക്കുന്നത് കോടികൾ; പബ്ലിസിറ്റിക്ക് ഒരു കോടി രൂപ കൂടി അനുവദിച്ച് പുതിയ ഉത്തരവ്; ആകെ ചെലവ് ഏഴ് കോടിക്ക് മുകളിൽ; ധൂർത്തിന്റെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ലോക കേരള സഭയുടെ പബ്‌ളിസിറ്റിക്ക് 1, 13, 70, 986 രൂപ അനുവദിച്ചു. ഈ മാസം 14 ന് ഇൻഫർമേഷൻ ആൻഡ് പബ്‌ളിക്ക് റിലേഷൻ വകുപ്പിൽ നിന്നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് പബ്‌ളിസിറ്റി നിർവഹിക്കേണ്ടതിന്റെ ചുമതല പി.ആർ.ഡിക്കാണെന്നും ഇതിനായുള്ള ചെലവുകൾ പി ആർ ഡി യുടെ ഫണ്ടിൽ നിന്നും വഹിക്കണമെന്ന നോർക്ക വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് തുക അനുവദിച്ചത്.
ലോക കേരള സഭ നടത്തിപ്പിന് 3 കോടിയും ആഗോള സാംസ്‌കാരിക സംഗമത്തിന് 1 കോടിയും നേരത്തെ അനുവദിച്ചിരുന്നു. 5.13 കോടി രൂപയാണ് ലോക കേരള സഭക്കായി ഇതുവരെ അനുവദിച്ചത്. ചെലവ് 7 കോടിക്ക് മുകളിൽ ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്നു മുതൽ 18 വരെയാണ് ലോക കേരള സഭ നടക്കുന്നത്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാതെയാണ് ലോക കേരള സഭക്കായി കോടികൾ ചെലവഴിക്കുന്നത്.
കഴിഞ്ഞ രണ്ട് ലോക കേരള സഭ ക്കുമായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 10 കോടി രൂപയാണ്. സംസ്ഥാനം കടക്കെണിയിൽ പെട്ടു നിൽക്കുമ്പോഴാണ് യാതൊരു പ്രയോജനവും പൊതുജനങ്ങൾക്കില്ലാത്ത ലോക കേരള സഭക്കായി കോടികണക്കിന് രൂപ ചെലവഴിക്കുന്നത്. നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫിസിലെ വിവാദ നായകൻ സി.എം. രവീന്ദ്രനുമാണ് ലോക കേരള സഭ നടത്തിപ്പിന്റെ അണിയറയിലെ മുഖ്യ ചുമതലക്കാർ.
പബ്‌ളിസിറ്റിക്കായി അനുവദിച്ച തുക വിവിധ പ്രചരണ ഇനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
1. ലോക കേരള സഭയേയും മലയാളി പ്രവാസത്തെയും കുറിച്ച് ആകർഷകമായ കോഫി ടേബിൾ ബുക്ക് ( 30 ലേഖനങ്ങൾ) - 3.50 ലക്ഷം
2. അംഗങ്ങൾക്ക് വിതരണം ചെയ്യാൻ ന്യൂസ് ലെറ്റർ - 15,000 രൂപ
3. കേരള കോളിങ് ജനപഥം മാസികകളുടെ പ്രത്യേക ലക്കങ്ങൾ - 4 ലക്ഷം
4.ഹോർഡിംഗുകൾ ( 30 എണ്ണം) - 28 ലക്ഷം
5. സോഷ്യൽ മീഡിയ ക്യാമ്പയിൻ ( 15 ദിവസം 15 പോസ്റ്ററുകൾ, 2 വീഡിയോകൾ) - 30,000 രൂപ
6. ലോക കേരള സഭ വേദിയിൽ പൂർണ സമയ മീഡിയ സെൽ - 3 ലക്ഷം
7. പ്രൊമോ വീഡിയോ ( 2 മിനിട്ട് ദൈർഘ്യമുള്ള 3 എണ്ണം) - 3 ലക്ഷം
8. സ്വാഗതഗാനം - 1 ലക്ഷം
9. ലോക കേരള സഭ സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് 10 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ - 3 ലക്ഷം
10. എല്ലാ പത്രങ്ങളിലും അരപേജ് പരസ്യം ( കളർ ) 46.75 ലക്ഷം
11.എഫ്. എം ക്യാമ്പയിൽ (5 ദിവസം ) 21 ലക്ഷം
അതേസമയം, അനാരോഗ്യം മൂലം ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നു. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനാലാണ് വിട്ടുനിന്നത്. യുഡിഎഫ് എംഎൽഎമാർ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. യുഡിഎഫിന്റെ സംഘടനാ പ്രവാസി പ്രതിനിധികളെ വിലക്കിയിട്ടില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്ക് ക്ഷേമപദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ പറഞ്ഞു. യുക്രെയ്ൻ-
റഷ്യ യുദ്ധം ഉണ്ടായപ്പോൾ സുരക്ഷിതമായി ജനങ്ങളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിനു മികച്ച നേട്ടം സ്വന്തമാക്കാനായി. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ അഫോർഡബിൾ ടാലെന്റ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തി. ലോകകേരള സഭ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവർക്കും സ്വാഗതവും ആശംസയും അറിയിക്കുന്നതായും മലയാളത്തിൽ സ്പീക്കർ പറഞ്ഞു.
കേരളത്തിന്റെ പുരോഗതിക്കു പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികൾ അയയ്ക്കുന്ന പണം. ജിഡിപിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ലോക കേരളസഭ വന്നതോടെ പ്രവാസികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാൻ ജനാധിപത്യ വേദിയുണ്ടായി. ഏഴു മേഖലകൾ കേന്ദ്രീകരിച്ച് സഭയുടെ സമിതികൾ പ്രവർത്തിക്കുന്നു. എൻആർഐ സഹകരണ സൊസൈറ്റി, നോർക്കയിലെ വനിതാ സെൽ, പ്രവാസി ലീഗൽ എയ്ഡ് സെൽ, പ്രവാസി ഡിവിഡന്റ് സൈൽ എന്നിവ ലോകകേരള സഭയിൽ വന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളിൽ ഇന്ത്യക്ക് പുറത്തുള്ളവർ 104 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖർ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. 18ന് ലോകകേരള സഭ സമാപിക്കും.