തിരുവനന്തപുരം: സർക്കാരിനെ അട്ടിമറിക്കാൻ പോലും ലോകായുക്തയ്ക്ക് കഴിയും-ഇതാണ് വിവാദ ബില്ലിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ അത്തരത്തിലൊരു സർക്കാരിനെ അട്ടിമറിച്ച ചരിത്രം കേരളത്തിലെ ലോകായുക്തയ്ക്ക് ഇല്ല. എന്നാൽ കഥമാറാൻ സാധ്യതയുണ്ട്. ഇതിന് കാരണം സംസ്ഥാന സർക്കാരിനെതിരെ ലോകായുക്തയുടെ മുന്നിലുള്ളത് 5 കേസുകൾ. ഇവയിൽ ചിലതിൽ ഉടൻ തീർപ്പുണ്ടാകാനും സാധ്യതയുണ്ട്. ഈ കേസുകളിൽ ലോകായുക്തയുടെ തീർപ്പ് എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 16 മന്ത്രിമാരും പ്രതിക്കൂട്ടിലാകും.

സഭയിൽ ചർച്ചയ്ക്കു വച്ചു നിയമമാക്കാൻ നിൽക്കാതെ സർക്കാർ അടിയന്തരമായി ഓർഡിനൻസിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഇതിന് വേണ്ടിയാണ്. ഇത് തന്നെയാണ് കോടിയേരിയും സമ്മതിക്കുന്നത്. അഴിമതിക്കെതിരെ പൗരന്റെ ആയുധമാണ് ലോകായുക്ത. വെറും 50 രൂപയുണ്ടെങ്കിൽ കേസ് ഫയൽ ചെയ്യാം. വക്കീൽ ഫീസ് നൽകാൻ പണമില്ലെങ്കിൽ സ്വന്തമായി വാദിക്കാം. ജനപ്രതിനിധികളോ സർക്കാർ ഉദ്യോഗസ്ഥരോ അവരുടെ പദവി ദുരുപയോഗിച്ച് അഴിമതിക്കു ശ്രമിച്ചാൽ അതിനെതിരെ ഏതു സാധാരണക്കാരനും ഓടിയെത്തി പരാതി നൽകാമെന്നതാണ് പ്രത്യേകത.

ഈ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി പരാതികൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടതാണ് 3 കേസുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണൻ, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരൻ, പി.തിലോത്തമൻ, ടി.എം.തോമസ് ഐസക് എന്നിവരായിരുന്നു ഈ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. മന്ത്രിയായിരുന്ന വി എസ്.സുനിൽകുമാർ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹം കേസിൽ നിന്ന് ഒഴിവായി.

എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയതിനെതിരെയുള്ള ഹർജി ലോകായുക്തിയുടെ പരിഗണനയിലാണ്. സ്വജന പക്ഷപാതത്തിന് വ്യക്തമായ തെളിവുകളുള്ള സംഭവം. ഇതിന് പിന്നാലെയാണ് എംഎൽഎയിലെ ആശ്രിത നിയമനവും സഹായം നൽകലും. ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തിനു പിന്നാലെ സ്വർണപ്പണയം വീണ്ടെടുക്കാൻ 8 ലക്ഷം രൂപയും കാർ വായ്പ അടച്ചു തീർക്കാൻ 6 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടച്ചതിനെതിരെയുള്ള ഹർജി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് അർഹമായ ആനൂകൂല്യങ്ങൾ നൽകിയതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപ നൽകിയതിരെയുള്ള ഹർജിയും സർക്കാരിനെ വെട്ടിലാക്കും. ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനുള്ള പണം സർക്കാരിനു വേണ്ടപ്പെട്ടവർക്കു ചട്ടം മറികടന്നു നൽകിയെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ആർ.എസ്.ശശികുമാറാണ് ഈ ഹർജികൾ നൽകിയത്. ഇതിലെല്ലാം പ്രതിക്കൂട്ടിൽ മുഖ്യമന്ത്രിയായ പിണറായി വിജയനുണ്ട്. മുൻ സർക്കാരിന്റെ കാലത്തെ തീരുമാനങ്ങളിൽ ലോകായുക്താ വിമർശനം മുഖ്യമന്ത്രിക്ക് തലവേദനയാകും.

കേരള സർവകലാശാലയിൽ നിന്നു ബിരുദവും വിയറ്റ്‌നാം സർവകലാശാലയിൽനിന്നു ഡോക്ടറേറ്റും കിട്ടിയെന്ന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ അവകാശവാദം ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകയായ അഖില ഖാൻ നൽകിയ ഹർജി. വനിതാ കമ്മിഷൻ അംഗമെന്ന പദവിയിൽ ഇരിക്കുന്നവർക്കു വേണ്ട സത്യസന്ധത ഷാഹിദ കമാലിന് ഇല്ലെന്നാണു ഹർജിയിൽ ആരോപണം. ഹർജി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. ഈ കേസിലെ വിധി ഷാഹിദാ കമാലിനും വിനയാകാൻ സാധ്യത ഏറെയാണ്. ലോകായുക്തയുടെ പരാമർശമെല്ലാം ഈ കേസിൽ ഷാഹിദയ്ക്ക് എതിരായിരുന്നു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ആർ.ബിന്ദുവിനെതിരേ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫയൽ ചെയ്ത ഹർജി. വിസിയെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ടു ഗവർണർക്കു മന്ത്രി കത്തുകൾ നൽകിയത് അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നാണ് പരാതി. ഇതിൽ സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചിട്ടുണ്ട്.

നിലവിൽ എണ്ണൂറോളം കേസുകളാണ് തീർപ്പു കൽപിക്കാനുള്ളത്. ലോകായുക്തയുടെ പല ഉത്തരവുകളും നടപ്പാക്കാൻ സർക്കാർ വകുപ്പുകൾ തയാറാകാറില്ലെന്നാണു വസ്തുത. എന്നാൽ, കെ.ടി.ജലീൽ രാജിവച്ചതു പോലെ ലോകായുക്തയുടെ കണ്ടെത്തലുകൾ പലതും രാഷ്ട്രീയക്കാർക്ക് തിരിച്ചടിയായി. അതും കൂടി ഇല്ലാതാക്കാനാണു പുതിയ നിയമ ഭേദഗതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടാണ് കായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിന് പൂർണ പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തു വരുന്നത്.

മുൻ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം അനുസരിച്ചാണ് സർക്കാർ നിയമഭേദഗതിക്കുള്ള തീരുമാനമെടുത്തതെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന സ്ഥിതിയുണ്ട്. ഇതിനെതിരേ അപ്പീൽ നൽകാനുള്ള അധികാരം പോലും ഇവിടെയില്ല. മറ്റു സംസ്ഥാനങ്ങളിലും ഈ രീതിയിൽ നിയമം നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം കൂടി പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുൻ അഡ്വക്കേറ്റ് ജനറൽ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും കോടിയേരി വിശദീകരിച്ചു.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ബിജെപി ഭരിക്കുന്ന ഗുജറാത്തിലും യുപിയിലും ഉൾപ്പെടെ ഭരണത്തിലിരിക്കുന്നവരെ വ്യക്തിയെ പുറത്താക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. 2021 ഏപ്രിലിലാണ് ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാരിന് ലഭിച്ചത്. മന്ത്രിമാർക്കെതിരേ ലോകായുക്തയ്ക്ക് പരാതി ലഭിച്ച സാഹചര്യത്തിലല്ല പുതിയ ഭേദഗതിയെന്നും കോടയേരി പറഞ്ഞു. ഓർഡിനൻസ് കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. പ്രതിപക്ഷത്തിന് പറയാനുള്ളതെല്ലാം സഭയിൽ പറയാമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഈ രീതിയിൽ തുടർന്നാൽ പാർട്ടി സംസ്ഥാന സമ്മേളനം മാറ്റേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം വാരത്തോടെ അന്തിമ തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.