- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്താ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ല; രാഷ്ട്രപതിയുടെ അനുമതി വേണമെന്ന നിയമ ചർച്ചകളിൽ സർക്കാരിനോട് കൂടുതൽ വിശദീകരണം തേടും; മടക്കി അയച്ചാൽ ബില്ലായി സഭയിൽ അവതരിപ്പിക്കാൻ സർക്കാരും; ഹൈക്കോടതിയുടെ അധികാര പരിധിയുള്ളത് ഗൗരവത്തോടെ എടുത്ത് രാജ്ഭവൻ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അതിവേഗ തീരുമാനം എടുക്കില്ല. ആ ഫയൽ വിശദീകരണം തേടി തിരിച്ചയക്കും. വീണ്ടും മടക്കിയാൽ അതിൽ ഒപ്പിടകുയും ചെയ്യും. ലോകായുക്താ ഓർഡിനൻസിന് പ്രസിഡന്റിന്റെ അനുമതി വേണമെന്ന പ്രാഥമിക വിലയിരുത്തിലിലാണ് ഗവർണ്ണർ. ഈ സാഹചര്യത്തിലാണ് ആ ഫയൽ വിശദീകരണം തേടി മടക്കുന്നത്. അങ്ങനെ മടക്കിയാൽ ലോകായുക്താ ഭേദഗതി വീണ്ടും ഓർഡിനൻസ് ആയി ഇറക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വിവാദമായ സാഹചര്യത്തിൽ ഗവർണ്ണർ വിശദീകരണം തേടി ഓർഡിനൻസ് തിരിച്ചയയ്ക്കുമെന്ന സൂചന സർക്കാരിനും ഉണ്ട്. അങ്ങനെ തിരിച്ചയച്ചാൽ പിന്നീട് ഈ ഓർഡിനൻസ് മന്ത്രിസഭ പരിഗണിക്കില്ലെന്നാണ് സൂചന. മറിച്ച് നിയമസഭയിൽ ബില്ലു കൊണ്ടു വരും. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ബിൽ പാസാക്കും. അതിന് ശേഷം ഗവർണ്ണർക്ക് കൈമാറും. രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് ഈ ഘട്ടത്തിലും സർക്കാർ. സിപിഐയെ പിണക്കാതിരിക്കാൻ കൂടി വേണ്ടിയാകും ഈ നീക്കം. നിയമസഭയിൽ ചർച്ച നടക്കട്ടേ എന്നതാണ് സർക്കാർ നിലപാട്.
ലോകായുക്തയുടെ വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് അംഗീകാരം ലഭിക്കാനായി ഗവർണറുടെ മേൽ സർക്കാർ സമ്മർദം ചെലുത്തിയിരുന്നു. ഇതിനായി നിയമമന്ത്രി പി. രാജീവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം സന്ദർശിച്ചു. എന്നാൽ ഉടനടി അംഗീകാരം നൽകേണ്ടെന്ന നിലപാടിലാണ് ഗവർണർ. ഇതിനിടെ എതിർപ്പുമായി സിപിഐയും രംഗത്തു വന്നു. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കണമെന്നതാണ് സിപിഐയുടെ നിലപാട്.
ലോകായുക്ത നിയമമത്തിലെ സെക്ഷൻ 14 പ്രകാരം രണ്ട് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. കെകെ രാമചന്ദ്രനും പിന്നെ കെടി ജലീലിനും. പൊതുപ്രവർത്തകരുടെ അഴിമതിക്കേസ് തെളിഞ്ഞാൽ പദവിയിൽ നിന്നും മാറ്റണണെന്ന സെക്ഷൻ 14 പൊതുപ്രവർത്തകരുടെ പേടി സ്വപ്നമാണ്. അപ്പീൽ സാധ്യത പോലും വിരളമായ വകുപ്പ് ഭേദഗതിക്കുള്ള നീക്കം സർക്കാർ തുടങ്ങിയത് തന്നെ ജലീലിന്റെ രാജിക്ക് പിന്നാലെയാണ്. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരെ ലോകായുക്തയിലുള്ള പരാതികളും ഈ വകുപ്പുകൾ പ്രകാരമായതുകൊണ്ട് തന്നെ നിയമഭേദഗതി നീക്കം അതിവേഗത്തിലായിരുന്നു.
സ്വാഭാവികമായും ഹൈക്കോടതിയുടെ അധികാരത്തെകൂടി ബാധിക്കുന്ന ഭേദഗതിയായതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം ഓർഡിനൻസിനും ആവശ്യമായിവരുമെന്നാണ് വാദം. എന്നാൽ സർക്കാർ ഗവർണർക്ക് നൽകിയ കുറിപ്പിൽ സംസ്ഥാന വിഷയമായതിനാൽ തീരുമാനം ഇവിടെ തന്നെ എടുക്കാമെന്നും ഗവർണർക്കുതന്നെ അംഗീകാരം നൽകാമെന്നും ചൂണ്ടികാട്ടുന്നു. മൂല നിയമത്തിന് പിന്നീട് വന്ന ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിരുന്നുമില്ല. എന്നാൽ അന്നുള്ള ഭേദഗതിയിൽ ഹൈക്കോടതിയെ ബാധിച്ചിരുന്നില്ല. എന്നാൽ ലോകായുക്തയുടെ യോഗ്യതയിലെ മാറ്റത്തിന് പ്രസിഡന്റ് അനുമതി അനിവാര്യമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ.
സിപിഐ ഓർഡിനൻസിനെതിരെ അതിശക്തമായ നിലപാട് എടുത്തിട്ടുണ്ട്. കാനം രാജേന്ദ്രൻ പരസ്യ നിലപാട് തന്നെ എടുത്തു. 'നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സഭയിൽ ഒരു ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്' കാനം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ഓർഡിനൻസ് ഇടതു മുന്നണിയിൽ ചർച്ച ചെയ്തതുമില്ല.
മറുനാടന് മലയാളി ബ്യൂറോ