തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ സർക്കാരിന് വീണ്ടും പ്രതിസന്ധി. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം അടക്കം തേടിയേക്കും. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം വൈകാനാണ് സാധ്യത. എത്രത്തോളം നീളുമെന്ന് ഉറപ്പില്ല. തൽകാലം ഈ ഫയർ ഉടൻ മടക്കില്ല,

മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങൾക്കുമെതിരായ ഹർജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കുന്നുണ്ട്. ഈ ഹർജികളിലെ തീരുമാനം വരും മുമ്പ് ലോകായുക്താ ഓർഡിനൻസ് പാസാക്കാനായിരുന്നു സർക്കാരിന്റെ നീക്കം. ഇതാണ് ഗവർണ്ണറുടെ മേല്ലപ്പോക്കിൽ അട്ടിമറിക്കപ്പെടുന്നത്. ഈ കേസുകളിലെ വിധി എതിരാകുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. മന്ത്രി ബിന്ദുവിന്റെ ഹർജി തള്ളിയാലും മുഖ്യമന്ത്രിക്കെതിരായ ഹർജി വിനയാകുമെന്ന് സർക്കാർ ഭയക്കുന്നുണ്ട്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് ഒന്നിനു പരിഗണിക്കുന്നത്. വിസിയെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ടു ഗവർണർക്കു മന്ത്രി കത്തുകൾ നൽകിയത് അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നാണു പരാതി. ഇതിൽ സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചിട്ടുണ്ട്. അന്നു സർക്കാർ അഭിഭാഷകൻ ഇതു ഹാജരാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ചട്ടം മറികടന്നു വേണ്ടപ്പെട്ടവർക്കു പണം നൽകിയെന്ന ഹർജിയാണു നാലിന് വരിക.

എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ മരിച്ചതിനു പിന്നാലെ മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയത്, ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തിനു പിന്നാലെ സ്വർണപ്പണയം തിരികെയെടുക്കാൻ 8 ലക്ഷം രൂപയും കാർ വായ്പ അടച്ചു തീർക്കാൻ 6 ലക്ഷം രൂപയും നൽകിയത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾക്കു പുറമേ ദുരിതാശ്വാസ നിധിയിൽനിന്ന് 20 ലക്ഷം രൂപ നൽകിയത് എന്നിവയാണു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണൻ, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരൻ, പി.തിലോത്തമൻ, ടി.എം.തോമസ് ഐസക് എന്നിവരായിരുന്നു ഈ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. ദുരിതം അനുഭവിക്കുന്നവർക്കു നൽകാനുള്ള പണം സർക്കാരിനു വേണ്ടപ്പെട്ടവർക്കു ചട്ടം മറികടന്നു നൽകിയെന്നാണു പരാതി.

കേരള സർവകലാശാലയിൽനിന്നു ബിരുദവും വിയറ്റ്‌നാം സർവകലാശാലയിൽനിന്നു ഡോക്ടറേറ്റും കിട്ടിയെന്ന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ അവകാശവാദം ചോദ്യം ചെയ്തു നൽകിയ ഹർജി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോകോയൂക്ത ഭേദഗതി ശ്രമിച്ചത്. ഭേദഗതി വരുത്തുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് അടക്കം നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ഇക്കാര്യമെല്ലാം കണക്കിലെടുത്താണ് വിശദമായ പരിശോധനക്ക് ശേഷം നിലപാട് എടുത്താൽ മതിയെന്ന് ഗവർണർ തീരുമാനിച്ചത്.

വിഷയത്തിൽ നിയമവശങ്ങളടക്കം ഗവർണർ വിശദമായി പരിശോധിക്കും. ഒരുപക്ഷേ നിയമോപദേശം തേടാനും സാധ്യതയുണ്ട്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഗവർണർ തലസ്ഥാനത്ത് മടങ്ങി എത്തിയശേഷം അടുത്താഴ്ച മാത്രമേ വിഷയം പരിശോധിക്കാൻ സാധ്യയുള്ളൂ. അതുകൊണ്ട് തന്നെ ഗവർണറുടെ തീരുമാനം വൈകും. അപ്പോഴേക്ക് ഒന്നാം തീയതി കഴിയുകയും ചെയ്യും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളാണ് ഗവർണറെ കണ്ടത്. ലോകായുക്തയെ ദുർബലപ്പെടുത്താനുള്ള ഓർഡിനൻസിലെ നിയമപ്രശ്നങ്ങൾ നേതാക്കൾ ഗവർണറെ ധരിപ്പിച്ചു. ലോകായുക്ത ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഓർഡിനൻസ് രാഷ്ട്രപതിയുടെ അനുമതിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ഉന്നയിച്ച നിയമപ്രശ്നങ്ങൾ പരിഗണിക്കാമെന്ന് ഗവർണർ അറിയിച്ചതായ വി.ഡി. സതീശൻ പറഞ്ഞു.