തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിലെ രാഷ്ട്രീയവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പിണക്കാതെ മുമ്പോട്ട് പോകാൻ പിണറായി സർക്കാർ. ഗവർണ്ണർ ആവശ്യപ്പെട്ട വിഷയങ്ങളിൽ സർക്കാർ വിശദീകരണം നൽകും. ഓർഡിനൻസിന് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും അറിയിക്കും. ലോകായുക്ത എന്നത് സംസ്ഥാന വിഷയമാണെന്ന വിശദീകരണം നൽകാനാണ് തീരുമാനം.

ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ തീരുമെന്നാണ് സിപിഎം. കണക്കുകൂട്ടൽ. അതിനാൽ, സിപിഐ. ഉൾപ്പടെയുള്ളവരുടെ വിമർശനങ്ങളിൽ ഇനി കൂടുതൽ പ്രതികരണം സിപിഎമ്മിൽനിന്നുണ്ടാകില്ല. ഗവർണറെ വിശ്വാസത്തിലെടുക്കുന്ന നിലപാടുകളാകും സിപിഎം. സ്വീകരിക്കുക. ഗവർണറുടെ ഓഫീസുമായി സർക്കാർ പ്രതിനിധികൾ നടത്തിയ അനൗപചാരിക ചർച്ചയിൽ ഓർഡിനൻസിൽ ഒപ്പിടുമെന്ന സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷത്തിന്റെ ആശങ്കകളിൽ വിശദീകരണം ചോദിച്ച ഗവർണ്ണർ അതിന് അപ്പുറത്തേക്ക് സർക്കാരിനെ പ്രതിസന്ധിയിലാക്കില്ല.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന വിവാദ ഓർഡിനൻസിന് എതിരെയുള്ള പരാതികൾ സംബന്ധിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. പ്രത്യേക ദൂതൻ വശം ഇത് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊടുത്തയച്ചു. യുഡിഎഫ് സംഘം നൽകിയ പരാതി ഗവർണർ സർക്കാരിനു കൈമാറി. മറുപടി ലഭിച്ച ശേഷം നിയമോപദേശം ആവശ്യമാണോ എന്നു തീരുമാനിക്കും. ഏതായാലും ഓർഡിനൻസിൽ നിയമ പ്രശ്‌നമില്ലെന്ന് സർക്കാർ അറിയിക്കും. ഗവർണ്ണറെ നേരിട്ട് സർക്കാർ പ്രതിനിധി തന്നെ കാര്യങ്ങൾ വിശദീകരിക്കും.

ലക്ഷദ്വീപ് സന്ദർശിക്കുന്ന ഗവർണർ ചൊവ്വാഴ്ചയാണ് തിരുവനന്തപുരത്തു മടങ്ങിയെത്തുക. ഓർഡിനൻസ് സംബന്ധിച്ച സർക്കാർ നിലപാട് നേരത്തെ മന്ത്രി പി.രാജീവ്, ഗവർണറെ കണ്ടു വിശദീകരിച്ചിരുന്നു.പിന്നാലെയാണ് ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് സംഘം നിവേദനം നൽകിയത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ നിയമ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമെന്നു ഗവർണർ അറിയിച്ചിരുന്നു. ഇതിൽ ആശങ്ക വേണ്ടെന്ന നിയമ വിലയിരുത്തലാണ് സർക്കാരിനുമുള്ളത്.

1999 ൽ നായനാർ സർക്കാർ കൊണ്ടു വന്ന മൂല നിയമത്തിനു രാഷ്ട്രപതിയുടെ അനുമതി തേടിയതിനാൽ ഓർഡിനൻസും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്നാണു യുഡിഎഫിന്റെ ആവശ്യം. ഇതു പാർലമെന്റ് പാസാക്കിയ ലോക്പാൽ നിയമത്തിന് എതിരാണോ എന്നു പരിശോധിക്കേണ്ടതു രാഷ്ട്രപതിയാണ്. സർക്കാർ ആരോപിക്കുന്നതു പോലെ ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

ലോകായുക്ത വിധി പുനഃപരിശോധിക്കാൻ സർക്കാരിന് അധികാരം ലഭിക്കുന്നതോടെ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാകുമെന്നും ഉപദേശ സംവിധാനമായി മാറുമെന്നുമാണ് മുഖ്യ വിമർശനം. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ പരാമർശം വന്നാൽ ഗവർണർക്കും മന്ത്രിമാർക്കെതിരെ വന്നാൽ മുഖ്യമന്ത്രിക്കും ഭേദഗതി പ്രകാരം പുനഃപരിശോധിക്കാം. ഓർഡിനൻസിലെ ഈ വകുപ്പ് ചട്ടവിരുദ്ധവും നിയമവാഴ്ചയ്ക്ക് എതിരുമാണെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്. യുഡിഎഫ് സംഘത്തിനു പുറമേ എൻ.കെ.പ്രേമചന്ദ്രൻ എംപിയും ഗവർണർക്കു പരാതി നൽകിയിരുന്നു.

നിയമസഭയിൽ ബില്ല് അവതരിപ്പിക്കാതെ ഓർഡിനൻസ് കൊണ്ടുവന്നതിനെയാണ് സിപിഐ. എതിർത്തത്. നിയമഭേദഗതി കൊണ്ടുവരുന്നതിനുമുമ്പായി കൂടിയാലോചന നടന്നില്ലെന്ന പരാതിയാണ് മറ്റൊന്ന്. ഈ രണ്ടുകാര്യത്തിലുമുള്ള വിയോജിപ്പ് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പരസ്യപ്രതികരണത്തിന് സിപിഐ. മുതിർന്നത്. എന്നാൽ, നിയമത്തിൽ ഭേദഗതി വരുത്തേണ്ടതില്ലെന്ന നിലപാട് സിപിഐയ്ക്കും ഇല്ല. ഇത് സിപിഎമ്മിന് പ്രതീക്ഷയാണ്. എന്നാൽ ഗവർണ്ണറുടെ തീരുമാനം വരും വരെ കാത്തിരിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടാൽ അതിനെതിരെ കോടതിയെ പ്രതിപക്ഷം സമീപിച്ചേക്കും.

പ്രതിപക്ഷം പരാതി ഉന്നയിച്ചതിനാൽ ഉടനടി ഓർഡിനൻസിൽ ഗവർണർ ഒപ്പിടാനിടയില്ലെന്ന വിവരമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. അതേസമയം, ഓർഡിനൻസിനോട് വിയോജിപ്പുപുലർത്തുന്ന സമീപനം ഗവർണർ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ പരാതിയനുസരിച്ച് സർക്കാരിൽനിന്ന് വിശദീകരണം തേടാനുള്ള തീരുമാനം സ്വാഭാവിക നടപടിയായി മാത്രം കണ്ടാൽ മതിയെന്നാണ് രാജ്ഭവനിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന സൂചന. ഇതും പ്രതീക്ഷയായി കാണുകയാണ് സർക്കാർ. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായി വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തും.