- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഓർഡിനൻസിൽ ഗവർണർ മൗനത്തിൽ; ഓർഡിനൻസിന് ഗവർണർ ഇന്നലെയും അനുമതി നൽകിയില്ല; നാളെ മടങ്ങിയെത്തുന്ന മുഖ്യമന്ത്രി അനുനയ ശ്രമവുമായി രാജ്ഭവനിൽ എത്തിയേക്കും; ആരിഫ് മുഹമ്മദ് ഖാൻ ഉടുക്കു തുടർന്നാൽ ഓർഡിനൻസ് ബില്ലായി കൊണ്ടുവരാനും സർക്കാർ തലത്തിൽ ആലോചന
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസിന്റെ കാര്യത്തിൽ മൗനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെയും ഓർഡിനൻസിന് അദ്ദേഹം അനുമതി നൽകിയില്ല. നാളെ മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം ഇക്കാര്യത്തിൽ എന്തെങ്കിലും തുടർനടപടി ഉണ്ടാകാനാണു സാധ്യത.
സർക്കാർ തലത്തിൽ ഉത്തരവാദപ്പെട്ട ആരെങ്കിലും ഗവർണറുമായി ആശയ വിനിമയം നടത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാകൂ. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അത്തരമൊരു വിശദചർച്ച ഉണ്ടായിട്ടില്ല. ഓർഡിനൻസിന്റെ വിവിധ വശങ്ങളെക്കുറിച്ചു ഗവർണർ സ്വന്തം നിലയിൽ നിയമ വിദഗ്ധരുമായി ചർച്ച ചെയ്യുന്നുണ്ട്. സർക്കാർ നിലപാടും പ്രതിപക്ഷ നിലപാടും അദ്ദേഹം വിലയിരുത്തിയശേഷമേ തീരുമാനം എടുക്കൂ. മുഖ്യമന്ത്രി എത്തിയശേഷം നേരിട്ടോ ഫോണിലൂടെയോ ഗവർണറുമായി സംസാരിക്കുമെന്നാണു പ്രതീക്ഷ.
അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം, നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കുമെന്നാണ് കരുതുന്നത്. അതിനു മുൻപ് ഓർഡിനൻസിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ഓർഡിനൻസിന് അനുമതി ലഭിച്ചില്ലെങ്കിൽ നിയമസഭയുടെ ബജറ്റ് സമ്മേളനം വൈകും. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണർക്ക് അയച്ചുകൊടുത്താൽ നിശ്ചിത സമയത്തിനുള്ളിൽ അതിൽ ഒപ്പു വയ്ക്കണമെന്ന് അദ്ദേഹത്തെ നിർബന്ധിക്കാൻ സാധിക്കില്ല.
അതേസമയം ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുന്നതിനെക്കുറിച്ചാണ് ഭരണപക്ഷം ആലോചിക്കുന്നത്. ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമല്ലെന്ന സർക്കാരിന്റെ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് പുതിയ കത്തുനൽകി. സർക്കാരിന്റെ വാദങ്ങളെ വീണ്ടും ഖണ്ഡിച്ചുകൊണ്ടുള്ളതാണ് ഇത്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നൽകിയ കത്തിന് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.
ഓർഡിനൻസ് ഗവർണർക്കു സമർപ്പിച്ചാൽ ഇത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് വ്യവസ്ഥയില്ല. സമയം ഗവർണർക്ക് നിശ്ചയിക്കാം. മൂന്നുമാസം മുമ്പ് സർക്കാർ നൽകിയ മറ്റൊരു ഓർഡിനൻസും രാജ്ഭവനിൽ തീരുമാനം കാത്തിരിക്കുന്നുണ്ട്. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചുള്ളതാണത്.
അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുമ്പോൾ ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്. മുമ്പ് ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയപ്പോഴാണ് കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതു തൃപ്തികരമല്ലാത്തതിനാലാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്.
ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ നിയമസഭാ സമ്മേളനം ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കുകയും സർക്കാരിന് ബില്ലായി കൊണ്ടുവരികയും ചെയ്യാം. ഓർഡിനൻസായി നിയമഭേദഗതി കൊണ്ടുവന്നതിനെയാണ് സിപിഐ. എതിർത്തത്. നിയമത്തിന്റെ ഉള്ളടക്കത്തെ എതിർത്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ